വിദ്യാർത്ഥികളുടെ കണ്ണ് നഷ്ടപ്പെടുത്തിയ പൊലീസിനെയാണോ പ്രശംസിക്കേണ്ടത്?; റിജിജുവിന്റെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി
India
വിദ്യാർത്ഥികളുടെ കണ്ണ് നഷ്ടപ്പെടുത്തിയ പൊലീസിനെയാണോ പ്രശംസിക്കേണ്ടത്?; റിജിജുവിന്റെ പരാമർശത്തിനെതിരെ രാഹുൽ ഗാന്ധി
കെ.എസ് ഷാബിന
Wednesday, 19th August 2026, 12:58 pm

ന്യൂദല്‍ഹി: ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് ആക്രമണത്തെ ന്യായീകരിച്ച കേന്ദ്രമന്ത്രി കിരൺ റിജിജുവിനെതിരെ പ്രതികരിച്ച പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. പ്രതിഷേധത്തിൽ വിദ്യാർഥികൾക്കാർക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്ന കിരൺ റിജിജു പറഞ്ഞതിന് പിന്നാലെയായിരുന്നു രാഹുൽ എക്‌സിലൂടെ പ്രതികരിച്ചത്.  പൊലീസിന്റെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ താൻ നേരിട്ട് കണ്ടതാണെന്നും അതിനാൽ സർക്കാരിന്റെ നുണപ്രചാരണം വിലപ്പോവില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജന്തർ മന്തറിലെ വിദ്യാർത്ഥി പ്രതിഷേധം മരണങ്ങളോ ഗുരുതര പരിക്കുകളോ ഇല്ലാതെ കൈകാര്യം ചെയ്തതിന് ദല്‍ഹി പൊലീസിനെ കേന്ദ്രമന്ത്രി കിരൺ റിജിജു അഭിനന്ദിച്ചിരുന്നു.

‘സമരത്തിൽ ആർക്കും ഒരു കുഴപ്പവും പറ്റിയിട്ടില്ല, ആരുടെയും ഒരു എല്ലുപോലും ഒടിഞ്ഞിട്ടില്ല. പരിക്കേറ്റ് സമരത്തിൽ പങ്കെടുത്ത ഒരാൾ പോലും ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടില്ല. സമരത്തിൽ വിദ്യാർത്ഥികളുടെ ഇടയിൽ കുറച്ച് കുറ്റവാളികളും കയറിക്കൂടിയിരുന്നു,’ എന്ന് എ.എൻ.ഐക്ക് (ANI) നൽകിയ അഭിമുഖത്തിൽ റിജിജു പറഞ്ഞു.

റിജിജുവിന്റെ ഈ പരാമർശത്തിനെതിരെയായിരുന്നു രാഹുൽ എക്‌സിലൂടെ പ്രതികരിച്ചത്.

‘ദല്‍ഹി പൊലീസിനെ പ്രശംസിക്കണമെന്നാണ് മോദി സർക്കാരിന്റെ മന്ത്രിമാർ പറയുന്നത്. എന്നാൽ പാർലമെന്റിന് തൊട്ടടുത്ത് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും ആണികൾ തറച്ച ലാത്തികളുമാണ് പോലീസ് ഉപയോഗിച്ചത്. ഇതിൽ ഒരു കുട്ടിയുടെ കണ്ണ് നഷ്ടപ്പെടുകയും ഒരു പെൺകുട്ടിയുടെ ചെവി മുറിഞ്ഞുപോവുകയും ചെയ്തു. ഈ ക്രൂരതയ്ക്കാണോ നമ്മൾ പൊലീസിനെ പ്രശംസിക്കേണ്ടത്?’ ജൂലൈ 20-ന് വിദ്യാർത്ഥികൾ നടത്തിയ പാർലമെന്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയെചൂണ്ടിക്കാട്ടി കോൺഗ്രസ് എം.പി ചോദിച്ചു

കേന്ദ്ര സർക്കാരിന്റെ അടിസ്ഥാന മന്ത്രം അസത്യവും അക്രമവുമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ആദ്യം കുട്ടികളെ ലാത്തികൊണ്ട് അടിക്കുകയും പിന്നീട് ഒന്നും സംഭവിച്ചില്ലെന്ന് അവകാശപ്പെടുകയുമാണ് സർക്കാർ ചെയ്യുന്നത്. സ്വന്തം തെറ്റുകൾ കാണാത്തതും സമ്മതിക്കാത്തതുമായ ഈ ശൂന്യരായ ആളുകളിൽ നിന്നാണ് (‘ദിമാഗ് സെ ഖാലി ലോഗ്’) രാജ്യത്തിന് ഏറ്റവും വലിയ അപകടം വരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഈ രാജ്യത്തെ കുട്ടികളോട് കള്ളം പറയരുതെന്നും അവർക്ക് കണ്ണുകളും ഓർമ്മയുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂലൈ 20 ന് ജന്തർ മന്ദറിൽ വിദ്യാർത്ഥികൾക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമം കേന്ദ്ര മന്ത്രിയുടെ പ്രസ്താവനയോടെ വീണ്ടും വിവാദമായിരിക്കുകയാണ്.

Content Highlight: Rahul Gandhi Slams Kiren Rijiju Over Remarks on Delhi Police Action During Student Protest

കെ.എസ് ഷാബിന
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.