ന്യൂദല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരംഭിച്ച ‘സത്യാഗ്രഹ’ പോര്‍ട്ടലില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത് വിദ്യാഭ്യാസാവകാശവും അഴിമതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണെന്ന് റിപ്പോര്‍ട്ട്.

ഒക്ടോബര്‍ 3-ന് പ്രവര്‍ത്തനം ആരംഭിച്ച പോര്‍ട്ടലില്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 29,000-ത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ജനങ്ങള്‍ നേരിടുന്ന വിവിധ അനീതികളെയും ചെറുത്തുനില്‍പ്പുകളെയും കൃത്യമായി രേഖപ്പെടുത്താനും മാപ്പ് ചെയ്യാനും ലക്ഷ്യമിട്ടാണ് ‘സത്യാഗ്രഹ’ ആരംഭിച്ചത്.

വിദ്യാഭ്യാസ ലഭ്യതയുമായി ബന്ധപ്പെട്ട് ലഭിച്ച 5,233 പരാതികളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച 5,124 പരാതികളില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്.

കൂടാതെ, ജാതിവിവേചനം, ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍, കര്‍ഷകരുടെയും തൊഴിലാളികളുടെയും പരാതികള്‍, സ്ത്രീസുരക്ഷ തുടങ്ങിയ നിരവധിയായ വിഷയങ്ങളിലും വന്‍തോതില്‍ ജനങ്ങള്‍ പ്രതികരണം അറിയിച്ചിട്ടുണ്ട്.

ലഭിക്കുന്ന പരാതികള്‍ മാപ്പില്‍ രേഖപ്പെടുത്തുമെന്നും, തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന വിഷയങ്ങള്‍ സോഷ്യല്‍ മീഡിയ വഴിയോ പത്രസമ്മേളനങ്ങളിലൂടെയോ പാര്‍ലമെന്റിലോ പ്രതിപക്ഷ നേതാവ് നേരിട്ട് ഉയര്‍ത്തിക്കാട്ടുമെന്നും സത്യാഗ്രഹ ടീം കൂട്ടിച്ചേര്‍ത്തു.

പോര്‍ട്ടലില്‍ ലഭിച്ച പരാതികളില്‍ ഏറ്റവും പ്രധാനം വിദ്യാഭ്യാസാവകാശവും അഴിമതിയുമാണ്. വിദ്യാഭ്യാസ ലഭ്യതയുമായി ബന്ധപ്പെട്ട് 5,233 പരാതികള്‍ ലഭിച്ചപ്പോള്‍, അഴിമതിക്കെതിരെ 5,124 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്.

ഇവയ്ക്ക് പുറമേ, ജാതിവിവേചനം (2,400), ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ (2,337), തൊഴില്‍ അവകാശങ്ങള്‍ (1,958), കര്‍ഷകരുടെ പ്രതിസന്ധികള്‍ (1,598), സ്ത്രീസുരക്ഷ (1,230) തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിലും രാജ്യത്തുടനീളം വലിയ തോതില്‍ പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

Content Highlights: Rahul Gandhi’s Satyagraha Portal: Education and corruption are key issues; Uttar Pradesh leads in complaints.