വാരണാസി: വോട്ടർപട്ടിക സമഗ്രമായി പുതുക്കുന്ന എസ്.ഐ.ആർ പ്രക്രിയയിലൂടെ ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട ‘നുഴഞ്ഞുകയറ്റക്കാരുടെ’ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ശ്രമിക്കുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുജീവിതത്തിലെ 25 വർഷത്തെ സേവനം പ്രമാണിച്ച് പാർട്ടി ആവിഷ്കരിച്ച ഒരു മാസം നീളുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിയുടെ ഭാഗമായി വാരണാസിയിൽ സംഘടിപ്പിച്ച മോട്ടോർസൈക്കിൾ റാലിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തുടനീളം അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കാൻ പ്രതിപക്ഷ പാർട്ടികൾ സാമൂഹിക വിരുദ്ധ ശക്തികളുമായി കൈകോർക്കുന്നത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണെന്നും, അത്തരം നീക്കങ്ങൾക്ക് ഇന്ത്യയിലെ ജനങ്ങൾ ഒരിക്കലും അനുവാദം നൽകില്ലെന്നും നബീൻ പറഞ്ഞു.
രാജ്യത്തെ സാധാരണ ജനങ്ങളുടെ നിയമപരമായ അവകാശങ്ങൾ അപഹരിച്ചവരെക്കുറിച്ചാണ് പ്രതിപക്ഷത്തിന് എപ്പോഴും വേവലാതിയെന്ന് അദ്ദേഹം വിമർശിച്ചു.
വോട്ടർപട്ടിക പരിഷ്കരിക്കുന്നതിന്റെ ഭാഗമായി എസ്.ഐ.ആർ വഴി ഇത്തരം നുഴഞ്ഞുകയറ്റക്കാരെ നീക്കം ചെയ്തപ്പോൾ രാജ്യത്തിന്റെ ജനാധിപത്യത്തെത്തന്നെ പ്രതിപക്ഷം ചോദ്യം ചെയ്യുകയാണെങ്കിൽ, ജനങ്ങൾ ഈ അരാജക മനോഭാവത്തിന് തക്കതായ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ജനസേവനത്തിനും ആത്മാർത്ഥതയ്ക്കും പ്രാധാന്യം നൽകിയുള്ള ഭരണമാണ് മോദിയുടേതെന്നും, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി മുന്നോട്ടുവെച്ച സദ്ഭരണത്തിന്റെ കാഴ്ചപ്പാടുകൾ യാഥാർത്ഥ്യമാക്കാൻ മോദിക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ വെച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും രാഹുൽ ഗാന്ധിക്കെതിരെ കടുത്ത ആക്രമണം അഴിച്ചുവിട്ടു.
ഇന്ത്യയിൽ സനാതന ധർമ്മത്തിന്റെ ഊർജം നിലനിൽക്കുന്നിടത്തോളം കാലം നരേന്ദ്ര മോദിയുടെ ഒരു തലമുടിയിഴ പോലും തൊടാൻ രാഹുൽ ഗാന്ധിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
മുൻകാലങ്ങളിൽ രാജ്യത്തിന്റെ ജനാധിപത്യ ശ്രീകോവിലായ പാർലമെന്റ് പോലും ആക്രമിക്കപ്പെടുകയും അതിർത്തികടന്ന് പാക് ഭീകരർ രാജ്യത്തിനകത്ത് അഴിഞ്ഞാടുകയും ചെയ്തിരുന്ന സ്ഥാനത്ത്, ഇന്ന് പാകിസ്ഥാനിൽ നേരിട്ട് കയറി ആക്രമണം അഴിച്ചുവിട്ട് തിരിച്ചടിക്കുന്ന കരുത്തുറ്റ നേതൃത്വമാണ് ഇന്ത്യയ്ക്കുള്ളതെന്ന് ശർമ പറഞ്ഞു.
ബാബറി മസ്ജിദ് നിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം ഇനി യാഥാർത്ഥ്യമാകില്ലെന്ന് വിശ്വസിച്ചിരുന്ന ജനങ്ങൾക്ക് മുന്നിൽ, മോദിയുടെ ശക്തമായ നേതൃത്വത്തിന് കീഴിൽ ബാബറെ തുരത്തി രാമക്ഷേത്രം പണിതുയർത്തിയെന്നും അദ്ദേഹം പറഞ്ഞു.
ബാബറും ഔറംഗസീബും മണ്ണടിഞ്ഞതിന് പിന്നിലെ കാരണം നരേന്ദ്ര മോദിയുടെ നേതൃത്വമാണെന്നും, വരുന്ന 50 വർഷം കൂടി ദൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പി ഭരണം അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, ബി.ജെ.വൈ.എം ദേശീയ അധ്യക്ഷനും എം.പിയുമായ ഹേമംഗ് ജോഷി എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളും ഈ സമാപന റാലിയിൽ പങ്കെടുത്തു.
Content Highlight:Rahul Gandhi is fighting for the infiltrators excluded through the SIR: Nitin Nabin.
