rahulGfinal

ന്യൂദല്‍ഹി: ഏഷ്യാപസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ബോക്‌സര്‍ വിജേന്ദര്‍ സിംഗിന്റെ മത്സരം കാണാനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കാണികളുടെ വക കൂവല്‍. ന്യൂദല്‍ഹിയിലെ ത്യാഗരാജാ സ്‌പോര്‍ട്‌സ് കോപ്ലംക്‌സില്‍ നടന്ന മത്സരം നേരിട്ട് കാണാനെത്തിയപ്പോഴായിരുന്നു രാഹുലിനെ കാണികള്‍ കൂവി വരവേറ്റത്.

ചാര നിറത്തിലുള്ള ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ രാഹുല്‍ സ്‌റ്റേഡിയത്തിലേക്ക് കടന്നയുടന്‍ കാണികള്‍ കൂവല്‍ ആരംഭിക്കുകയായിരുന്നു. കൂവലിനൊപ്പം പ്രധാന മന്ത്രിയെ പ്രകീര്‍ത്തിച്ച് മോദി മോദി എന്ന ഉച്ചത്തില്‍ വിളിച്ച് പറയുകയും ചെയ്യുന്നുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് രാഹുല്‍ സ്റ്റേഡിയം വിടുമ്പോഴും കാണികള്‍ കൂവിയാണ് യാത്രയാക്കിയത്.

എന്നാല്‍ ഇതിലൊന്നിലും ശ്രദ്ധിക്കാത്തതുപോലെ നടന്നകന്ന രാഹുല്‍ കാണികള്‍ക്ക് ഒരു ചെറു ചിരി സമ്മാനിക്കാനും മറന്നില്ല. രാഹുലിനെ കൂടാതെ നിരവധി പ്രമുഖര്‍ മത്സരം കാണാനെത്തിയിരുന്നു. ബോക്‌സര്‍ മേരി കോം, ക്രിക്കറ്റര്‍മാരായ വിരേന്ദര്‍ സെവാഗ്, യുവ് രാജ് സിംഗ്, സുരേഷ് റെയ്‌ന, ബോളിവുഡ് നടന്‍ രണ്‍ദീപ് ഹൂഡ, ഐ.പി.എല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല തുടങ്ങിവര്‍ മത്സരം കാണാനെത്തിയവരില്‍ ഉള്‍പ്പെടുന്നു.

എന്നാല്‍ ഇവര്‍ക്കാര്‍ക്കും രാഹുലിന് സമാനമായ സ്വീകരണം കാണികളില്‍ നിന്ന് കിട്ടിയിരുന്നില്ല. മത്സരം കഴിഞ്ഞ് രാഹുല്‍ മടങ്ങിയിട്ടും കാര്യങ്ങള്‍ അവസാനിച്ചില്ല. കാണികള്‍ക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ ട്രോളന്മാരും സംഗതി ഏറ്റെടുത്ത്‌ കൊഴുപ്പിച്ചു.

രാഹുലിനെ പരിഹസിക്കുന്ന നിരവധി കമന്റുകളാണ് ട്വീറ്റുകളായി പ്രത്യക്ഷപ്പെട്ടത്. ചിയര്‍ലീഡറായി എത്തിയതിന് വിജേന്ദര്‍ രാഹുലിനോട് നന്ദി പറയുന്നതായിട്ടാണ് ഒരു ട്വീറ്റ്.

മത്സരത്തിനിടെ തന്നെ കാണാനെത്തിയ രണ്ട് കുട്ടികള്‍ക്ക് കൈ കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് ഇട്ട ട്വീറ്റ് ഇങ്ങിനെ. മത്സരം കാണാനെത്തിയ രാഹുലിനെ എതിരേറ്റത് കൂക്കി വിളികള്‍ പക്ഷെ സഹപാഠികളെ കണാന്‍ സാധിച്ചതില്‍ രാഹുല്‍ സന്തോഷവാനാണ്.