ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി ഇന്ത്യൻ ഇതിഹാസമെത്തുന്നു; ഇനി കളികൾ യൂറോപ്പിൽ
Cricket
ദ്രാവിഡിന്റെ ടീമിൽ ക്യാപ്റ്റനായി ഇന്ത്യൻ ഇതിഹാസമെത്തുന്നു; ഇനി കളികൾ യൂറോപ്പിൽ
Sudev A
Tuesday, 12th May 2026, 9:42 am

 

യൂറോപ്യന്‍ ടി-20 പ്രിമീയര്‍ ലീഗിന്റെ ഭാഗമായി ഇന്ത്യന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡ്. ടൂര്‍ണമെന്റിലെ ഡബ്ലിന്‍ ഗാര്‍ഡിയന്‍സ് ടീമിന്റെ സഹ ഉടമയായാണ് ദ്രാവിഡ് മാറിയത്. ക്യാപ്റ്റന്‍, പരിശീലകന്‍, ക്രിക്കറ്റ് താരം എന്ന നിലയില്‍ പ്രവര്‍ത്തിച്ച ദ്രാവിഡ് ഇതാദ്യമായാണ് ഒരു ടീമിന്റെ ഉടമയാവുന്നത്.

ഈ ടൂര്‍ണമെന്റിന് പിന്നിലെ വലിയ കാഴ്ചപ്പാടാണ് തന്നെ ഡബ്ലിന്‍ ഗാര്‍ഡിയന്‍സിന്റെ ഉടമയാവാന്‍ പ്രേരിപ്പിച്ചതെന്നും ദ്രാവിഡ് വ്യക്തമാക്കി. അയര്‍ലന്‍ഡിലും യൂറോപ്പിലുമുള്ള വളര്‍ന്ന് വരുന്ന പ്രതിഭകള്‍ക്ക് അവസരം ലഭിക്കാനുള്ള ഒരു വേദിയാണിതെന്നും യൂറോപ്പില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ ഇത് സഹായകമാവുമെന്നും ദ്രാവിഡ് പറഞ്ഞു.

യൂറോപ്യന്‍ ടി-20 പ്രിമീയര്‍ ലീഗിന്റെ ആദ്യ സീസണാണ് ആരംഭിക്കാനിരിക്കുന്നത്. ഈ വര്‍ഷം അവസാനമായിരിക്കും ടൂര്‍ണമെന്റിന് തുടക്കമാവുക. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ കിരീടത്തിനായി മാറ്റുരക്കുന്നത്.

അയര്‍ലാന്‍ഡ്, സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്, നെതര്‍ലന്‍ഡ്‌സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് ടൂര്‍ണമെന്റിലുള്ളത്. ആംസ്റ്റര്‍ഡാം ഫ്‌ലെയിംസ്, എഡിന്‍ബര്‍ഗ് കാസില്‍ റോക്കേഴ്‌സ്, ഗ്ലാസ്‌കോ കോസ്മിക്, ഐറിഷ് വോള്‍വ്‌സ്, റോട്ടര്‍ഡാം ഡോക്കേഴ്‌സ്, ഡബ്ലിന്‍ ഗാര്‍ഡിയന്‍സ് എന്നിവയാണ് ടീമുകള്‍.

മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ ദ്രാവിഡിന്റെ ഉടമസ്ഥതയിലുള്ള ടീമിന്റെ ക്യാപ്റ്റനായെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2024ല്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും 2025ല്‍ ഐ.പി.എല്ലില്‍ നിന്നും വിരമിച്ച അശ്വിന്‍ ഇതിന് മുമ്പ് തന്നെ വിദേശ ലീഗുകളില്‍ പങ്കാളിയാവാനുള്ള ആഗ്രഹം തുറന്നു പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ബിഗ് ബാഷ് ലീഗില്‍ പരിക്ക് കാരണം അശ്വിന് കളിക്കാന്‍ സാധിച്ചിരുന്നില്ല. ഇപ്പോള്‍ ദ്രാവിഡിന്റെ ടീമിന്റെ ക്യാപ്റ്റനായി തന്നെ വീണ്ടും കളത്തിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് അശ്വിന്‍.

2024-25 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കിടെയാണ് അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. പരമ്പരയില്‍ ഗാബ ടെസ്റ്റിന് ശേഷമായിരുന്നു താരം അപ്രതീക്ഷിതമായി പടിയിറക്കം പ്രഖ്യാപിച്ചത്. ഇന്ത്യയുടെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമത്തെ താരമാണ് അശ്വിന്‍. 287 മത്സരങ്ങളില്‍ നിന്ന് താരം 765 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 25.80 ശരാശരിയില്‍ പന്തെറിഞ്ഞ താരം കരിയറില്‍ 37 ഫൈഫറും എട്ട് ടെന്‍ഫറും സ്വന്തം പേരില്‍ ചേര്‍ത്തിയിട്ടുണ്ട്.

Content Highlight: Rahul Dravid Buy a new cricket team in Europe t20 premiere  league

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.