മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് രഘുനാഥ് പലേരി. തിരക്കഥാകൃത്ത്, സംവിധായകന്‍, നോവലിസ്റ്റ് എന്നീ മേഖലകളില്‍ ശ്രദ്ധേയനായ അദ്ദേഹം നസീമ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നത്.

ഇന്ത്യയിലെ ആദ്യ ത്രീ ഡി സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ക്ക് തിരക്കഥയെഴുതിയ അദ്ദേഹം, ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു. പിന്നീട് പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ കാവടി, ദേവദൂതന്‍, തുടങ്ങി 30ഓളം സിനിമയ്ക്ക് തിരക്കഥയെഴുതി. ഇപ്പോള്‍ അഭിനയത്തിലും രഘുനാഥ് പലേരി സജീവമാകുന്നുണ്ട്.

രഘുനാഥ് പാലേരി. Photo: X.com

അടുത്തിടെ പുറത്തിറങ്ങിയ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, സര്‍വ്വം മായ എന്നീ ഹിറ്റ് സിനിമകളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ട്രൂ കോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ ചിത്രങ്ങളില്‍ ആചാരങ്ങളെ വിമര്‍ശിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളെ കുറിച്ചും രംഗങ്ങളെ കുറിച്ചുമുള്ള അവതാരകയുടെ ചോദ്യത്തിന് രഘുനാഥ് പാലേരി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘ആചാരങ്ങളെയല്ല ഞാന്‍ വിമര്‍ശിക്കുന്നത്. അവിടെ വിമര്‍ശിക്കുന്നത് അവനവന്റെ സ്വാര്‍ത്ഥതയെയാണ്. ഒരു കാര്യം ചെയ്യുമ്പോള്‍ അത് എന്തിന് വേണ്ടിയാണ് ചെയ്യുന്നത് എന്ന് മനസിലാക്കാനുള്ള ബേസിക്ക് ബോധം അത് ചെയ്യുന്ന ആള്‍ക്ക് വേണമല്ലോ. അമ്പലത്തില്‍ ഒരു വഴിപാട് നേരുന്നത് ഒരു കാര്യസാധ്യത്തിന് വേണ്ടിയല്ല. അത് പലര്‍ക്കും അറിയാത്തതുകൊണ്ടാണ്. അമ്പലത്തിലേക്ക് വഴിപാട് നേരുന്നത് ഈശ്വര സന്നിധിയിലേക്ക് ഒരു കാര്യം ചെയ്യാം എന്ന സങ്കലപ്മാണ്. അതൊരു സെല്‍ഫ് പ്യൂരിഫിക്കേഷനാണ് അത് കഴിഞ്ഞാല്‍ അയാളിലൊരു മാറ്റമുണ്ടാകും.

ആചാരം എന്നതെല്ലാം മനുഷ്യന്‍ ഉണ്ടാക്കിയ ഒരു സംഗതിയാണ്. ഒരു അമ്പലത്തില്‍ ഒരു വഴിപാട് നേര്‍ന്നതുകൊണ്ട് ആരും നമ്മളെ സഹായിക്കില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒരാളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. പിന്നെ എന്തിനാണ് ഞാന്‍ അത്തരം കാര്യങ്ങളെ കുറിച്ച് ആലോചിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഡയലോഗുകളിലൊന്നും തന്നെ ഇങ്ങനെയൊരു വിമര്‍ശനാത്മകത ഇല്ല. പക്ഷേ അതിലൂടെ മനസിലാകുന്ന ആരെങ്കിലും ഒക്കെ ഉണ്ടാകും.

രഘുനാഥ് പാലേരി. Photo: X.com

മേലെപ്പറമ്പില്‍ ആണ്‍വീട് എന്ന ചിത്രത്തില്‍ ഒരു ജോലിക്കുള്ള ആപ്ലിക്കേഷന്‍ ദൈവത്തിന് മുന്നില്‍ പൂജിച്ചിട്ടാണ് ജയറാമിന് കൊടുക്കുന്നത്. പക്ഷേ അത് അയക്കുന്നത് ഒരു മുസ്‌ലിം കമ്യൂണിറ്റിയിലുള്ള ആള്‍ക്കാണ്. അത് കഴിഞ്ഞിട്ട് ശാന്തിക്കാരന്‍ ജയറാമിനോട് ചോദിക്കുന്നത് അയാളുടെ മകനൊരു ജോലി വാങ്ങിക്കൊടുക്കാന്‍ കഴിയുമോ എന്നാണ്. എനിക്കും എഴുതുമ്പോഴാണ് ഇതെല്ലാം കിട്ടുന്നത്,’ രഘുനാഥ് പറഞ്ഞു.

Content Highlight: Ragunath Paleri talks about uses of rituals in his movie