എസ്.ജെ. സൂര്യ, രാഘവ ലോറന്‍സ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജിഗര്‍തണ്ട 2 റിലീസിന് ഒരുങ്ങുകയാണ്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ പത്തിനാണ് റിലീസ് ചെയ്യുന്നത്. മലയാളി താരങ്ങളായ ഷൈന്‍ ടോം ചാക്കോ, നിമിഷ സജയന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ പ്രൊമോഷനായി എസ്.ജെ. സൂര്യയും രാഘവ ലോറന്‍സും കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയിരുന്നു. ഷൈന്‍ ടോം ചാക്കോയും ഇരുവര്‍ക്കുമൊപ്പം പ്രെസ് മീറ്റിനെത്തിയിരുന്നു. പ്രസ് മീറ്റിലെ രസകരമായ ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. മൂവരും ഡബ്ബിങ്ങിനെ പറ്റി പറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്.

സിങ്ക് സൗണ്ട് ചെയ്യുന്നതിനെക്കാള്‍ തനിക്ക് ഡബ്ബ് ചെയ്യുന്നതാണ് താത്പര്യമെന്നാണ് എസ്.ജെ. സൂര്യ പറഞ്ഞത്. ‘ഞാന്‍ സംവിധാനം ചെയ്യുന്ന സമയത്ത് ആര്‍ടിസ്റ്റുകള്‍ ഡബ്ബ് ചെയ്യുമ്പോള്‍ കൂടെയിരിക്കും. അന്ന് ഒരു സിനിമയുടെ ഡബ്ബിനായി മൂന്നോ നാലോ ദിവസം മാത്രമേ ഇരിക്കുകയുള്ളൂ. ഞാന്‍ 16 ദിവസമാണ് എടുത്തത്.

ഡബ്ബ് ചെയ്യുമ്പോള്‍ ആ രംഗത്തിലേക്ക് കൂടുതല്‍ ജീവന്‍ നല്‍കാന്‍ സാധിക്കും. സിങ്ക് സൗണ്ട് നല്ലതാണെന്ന് ആളുകള്‍ പറയും. അത് നല്ലതാണ്, പക്ഷേ ഞാന്‍ നന്നായി ഡബ്ബ് ചെയ്യും. ഡബ്ബിങ്ങിലൂടെ ഒരു രംഗം കൂടുതല്‍ നന്നാക്കാന്‍ പറ്റും. ഞാന്‍ ഇരുന്നുകൊണ്ടല്ല, നിന്നുകൊണ്ടാണ് ഡബ്ബ് ചെയ്യാറുള്ളത്. ഡബ്ബ് ചെയ്യുമ്പോഴും ഞാന്‍ പെര്‍ഫോം ചെയ്യും. ഡബ്ബിങ് ഒരു ആര്‍ട്ടാണ്, എനിക്ക് അത് വളരെ ഇഷ്ടമാണ്,’ എസ്.ജെ. സൂര്യ പറഞ്ഞു.

ഈ സമയം താന്‍ ഡബ്ബിങ്ങില്‍ വളരെ വീക്കാണെന്നും പറയുന്നതെന്താണെന്ന് ആര്‍ക്കും മനസിലാവില്ലെന്നുമാണ് ഷൈന്‍ പറഞ്ഞത്. ജിഗര്‍തണ്ട താന്‍ രണ്ട് പ്രാവശ്യം കണ്ടെന്നും നിങ്ങള്‍ എന്താണ് പറയുന്നതെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്നുമായിരുന്നു ഇതിനോടുള്ള രാഘവ ലോറന്‍സിന്റെ പ്രതികരണം. ഇത് കേട്ട് ഷൈനും എസ്.ജെ. സൂര്യയും ചിരിക്കുന്നതും വീഡിയോയില്‍ കാണാം.

Contentb Highlight: Raghava lawrence about the dubbing of shine tom chacko