ബി.ജെ.പി പ്രശ്നത്തിനുള്ള ഒരേയൊരു പരിഹാരമെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ദളിതരുടെയും മുസ്‌ലിംങ്ങളുടെയും ആദിവാസികളുടെയും ബഹുജനങ്ങളുടെയും സ്ത്രീകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും യോജിപ്പാണ്, ഐക്യപ്പെടലാണ്. ഈ ശക്തികള്‍ ഒരുമിക്കുകയാണെന്നിരിക്കട്ടെ, “”സ്വാതന്ത്ര്യം, സമത്വം സാഹോദര്യം”” എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തെ വെല്ലുവിക്കാന്‍ ഒരുശക്തിയും മുതിരുകപോലുമില്ല

പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ

നീല്‍ സലാം.. ലാല്‍ സലാം.. ജെയ്ഭീം

ദേശീയസമ്മേളനം പോലുള്ള ഒരു വിപുലമായ പരിപാടിയില്‍ എന്റെ മകന്‍ രോഹിത് വെമുലയെ കേന്ദ്ര മാതൃകയാക്കിയതിന് ഡി.വൈ.എഫ്.ഐക്ക് ആദ്യമേ നന്ദി പറയട്ടെ. രോഹിത് വെമുലയ്ക്ക് നീതിയാവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി നമ്മള്‍ നടത്തിവരുന്ന പോരാട്ടത്തിലുടനീളം പിന്തുണ നല്‍കിയതിന് സി.പി.ഐ.എമ്മിനോടും എസ്.എഫ്.ഐയോടും നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.

സിതാറാം യെച്ചൂരി, ബൃന്ദാ കാരാട്ട് മുതലായ സി.പി.ഐ.എം നേതാക്കള്‍ പ്രകടിപ്പിക്കുന്ന കരുണയും പിന്തുണയും എനിക്ക് മറക്കാന്‍ സാധിക്കുന്നതല്ല. എന്റെ മകന്റെ ആത്മത്യാഗത്തിനു ശേഷം ഇന്ത്യയിലുടനീളം ഉയര്‍ന്നുവന്നിട്ടുള്ള പ്രതിഷേധങ്ങളില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതാക്കള്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് പറയുന്നതില്‍ തെറ്റില്ലാ എന്ന് ഞാന്‍ കരുതുന്നു.

ഇക്കഴിഞ്ഞ ഒരു കൊല്ലക്കാലം ഈ രാജ്യം മുഴുവന്‍ ഞാന്‍ യാത്രചെയ്തു. ഇന്ത്യയെ കുറിച്ച് മാത്രമല്ല എനിക്ക് പഠിക്കാന്‍ സാധിച്ചത്, മറിച്ച് രാഷ്ട്രീയത്തെ കുറിച്ചും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളെ കുറിച്ചും അറിയാന്‍ എനിക്ക് സാധിച്ചു. സംഘപരിവാരങ്ങളെ, ആര്‍.എസ്.എസ്സിനെ, ബി.ജെപ്പിയെ പിന്തുണക്കുന്നവരേക്കാള്‍ എണ്ണത്തില്‍ കൂടുതലാണ് അവരെ എതിര്‍ക്കുന്നവര്‍ എന്നാണ് ഇപ്പോഴത്തെ എന്റെ ധാരണ.
radhika
എന്നാല്‍ ചോദ്യമിതാണ്, ഭൂരിപക്ഷം ഇന്ത്യക്കാരുടെയും പിന്തുണയില്ലാതിരുന്നിട്ടും എങ്ങനെയാണ് സംഘപരിവാരങ്ങള്‍ക്ക് ഭരിക്കാന്‍ സാധിക്കുന്നത്? ഉത്തരം ലളിതമാണ്, ബി.ജെ.പി വിരുദ്ധ, ഹിന്ദുത്വ-വിരുദ്ധ, ബ്രാഹ്മണിക് വിരുദ്ധ ശക്തികള്‍ തമ്മില്‍ ഐക്യമില്ല.

ബി.ജെ.പി പ്രശ്നത്തിനുള്ള ഒരേയൊരു പരിഹാരമെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം ദളിതരുടെയും മുസ്‌ലിംങ്ങളുടെയും ആദിവാസികളുടെയും ബഹുജനങ്ങളുടെയും സ്ത്രീകളുടെയും കമ്മ്യൂണിസ്റ്റുകളുടെയും യോജിപ്പാണ്, ഐക്യപ്പെടലാണ്. ഈ ശക്തികള്‍ ഒരുമിക്കുകയാണെന്നിരിക്കട്ടെ, “”സ്വാതന്ത്ര്യം, സമത്വം സാഹോദര്യം”” എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വത്തെ വെല്ലുവിക്കാന്‍ ഒരുശക്തിയും മുതിരുകപോലുമില്ല. ഇവ്വിധം പുരോഗമന ശക്തികള്‍ ഒരുമിക്കണമെങ്കില്‍, തീര്‍ച്ചയായും ഒരടിസ്ഥാന കാര്യം നമ്മള്‍ മനസിലാക്കേണ്ടതുണ്ട്, അതായത് ഈ ശക്തികള്‍ തമ്മില്‍ സമത്വം ഉണ്ടാവണം.

പരമ്പരാഗതമായി ശക്തരായിട്ടുള്ളവര്‍ അവരുടെ ശക്തി (അധികാരം) പങ്കുവെക്കണം. ഇതാണ് ചിലയവസരങ്ങളില്‍ സമത്വം എന്നതിന്റെ അര്‍ത്ഥം. ശക്തി അഥവാ അധികാരം ഒരിക്കല്‍പോലും അറിഞ്ഞിട്ടില്ലാത്തവരെ നേതാക്കളായിമാറ്റുന്നതിനെ അവര്‍ പിന്തുണക്കണം. വിവേചനം ഒരിക്കല്‍പ്പോലും അറിഞ്ഞിട്ടില്ലാത്തവര്‍ ഒരിക്കലും വിവേചനത്തെ കുറിച്ച് സംസാരിക്കുകയല്ല ചെയ്യേണ്ടത്, പകരം ദളിതര്‍, മുസ്‌ലീങ്ങള്‍, ആദിവാസികള്‍, സ്ത്രീകള്‍ മുതലായ വിവേചനമനുഭവിക്കുന്ന മുഷ്യരെ അവര്‍ക്ക് വേണ്ടി സ്വയം സംസാരിക്കുന്ന വിധത്തില്‍ ശാക്തീകരിക്കുകയാണ് ചെയ്യേണ്ടത്.


Must Read:മോദി സര്‍ക്കാറിന് ഏറെ തിരിച്ചടിയായ വിധി പുറപ്പെടുവിച്ച മലയാളി ജഡ്ജിയുടെ പേര് സുപ്രീം കോടതി ജഡ്ജിയാക്കാനുള്ളവരുടെ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയത് വിവാദമാകുന്നു


ഓര്‍ക്കേണ്ട മറ്റൊരു സുപ്രധാന വസ്തുത ദളിത് പ്രസ്ഥാനം മുസ്ലീം പ്രസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമാണ്, അതുപോലെ മുസ്‌ലിം പ്രസ്ഥാനം ആദിവാസി പ്രസ്ഥാനത്തില്‍ നിന്നും വ്യത്യസ്തമാണ്. ആദിവാസിപ്രസ്ഥാനമാകട്ടെ വനിതാ പ്രസ്താനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ഇപ്പറഞ്ഞ എല്ലാ പ്രസ്ഥാനങ്ങളും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ നിന്നും വ്യത്യസ്തവുമാണ്.

ഇത്തരത്തില്‍ നമ്മള്‍ വ്യത്യസ്തരാണ് എന്ന് തിരിച്ചറിയുമ്പോള്‍ – നമ്മള്‍ കുറഞ്ഞവരോ കൂടിയവരോ അല്ല, വ്യത്യസ്തര്‍ മാത്രമാണ് – പരസ്പരം ബഹുമാനിക്കാനും നമ്മള്‍ തുല്യരാണെന്നുള്ള വിധത്തില്‍ ഐക്യപ്പെടാനും അത് സഹായിക്കും. ഇത്തരമൊരു തുല്യത സൂക്ഷിക്കുമ്പോള്‍ മാത്രമേ, ദളിതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും കമ്മ്യൂണിസ്റ്റുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു.

 

radhika

നിങ്ങളോട് ഇവിടെ ഇന്ന് സംസാരിക്കാനായി ഞാനെത്തിയത് ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിലല്ല, മറിച്ച് ഒരു അംബേദ്ക്കറൈറ്റ് എന്ന നിലയില്‍ലാണ്. അതേസമയം തന്നെ ഞാന്‍ പറയാനാഗ്രഹിക്കുന്നതെന്തെന്ന് വെച്ചാല്‍ അംബേദ്ക്കറൈറ്റ് ആയിരിക്കുക എന്നതിനര്‍ത്ഥം തന്നെ അസമത്വത്തോട് പോരാടുന്ന കമ്മ്യൂണിസ്റ്റ് തത്വത്തെ പിന്തുടരുക എന്നാണ്.

ഇരട്ട അടിച്ചമര്‍ത്തലിനു വിധേയമാകുന്ന ദളിത് തൊഴിലാളികളെ കേന്ദ്രീകരിച്ചുകൊണ്ട് തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടാനായി അംബേദ്ക്കര്‍ ഇന്‍ഡിപ്പെന്റന്റ് ലേബര്‍പാര്‍ട്ടി രൂപീകരിച്ച കാര്യം നമുക്ക് മറക്കാതിരിക്കാം.

ഞാനിതൊക്കെ പറയുന്നതിനു കാരണം, ഇക്കഴിഞ്ഞ ഒരു വര്‍ഷം ആര്‍.എസ്.എസിനെതിരായി നമ്മള്‍ നടത്തിവരുന്ന പോരാട്ടം അത്ര ലളിതമായ ഒന്നായിരുന്നില്ല എന്നതുകൊണ്ടാണ്. ദളിതരും ആദിവാസികളും മുസ്ലീങ്ങളും സ്ത്രീകളും കമ്മ്യൂണിസ്റ്റുകളും തീര്‍ച്ചയായും ഒരുമിച്ച് പോരാടി. എന്നാലതേസമയം തന്നെ പല സാഹചര്യങ്ങളിലും അവര്‍ പരസ്പരം പോരടിച്ചുകൊണ്ടുമിരിക്കുന്നു.

അംബേദ്ക്കറൈറ്റ് വിദ്യാര്‍ത്ഥികളെയും മുസ്‌ലിം വിദ്യാര്‍ത്ഥികളെയും കേരളത്തില്‍ എസ്.എഫ്.ഐ ആക്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ പ്രക്രിയകള്‍ക്കിടയില്‍ എന്റെ മകന്റെ ചിത്രം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ചിത്രലേഖയുടെ പ്രശ്നം ഇപ്പോഴും തുടരുകയാണ്. ദളിതരും ആദിവാസികളും ഇപ്പോഴും കേരളത്തില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്യേണ്ട ഗതികേടിലാണ് എന്നത് ഖേദകരമാണ്. ഒരിക്കല്‍ ശക്തവും പുരോഗമനപരവുമായ ശബ്ദമുണ്ടായിരുന്ന ഒരു ആദിവാസി വനിതാ നേതാവിന് കേരളത്തില്‍ ബി.ജെ.പിയില്‍ ചേരാന്‍ നിര്‍ബന്ധിതയായി. എന്തുകൊണ്ടാണിത് സംഭവിച്ചത്?

ചില ഇടത് നേതാക്കള്‍ എന്നെ വന്ന് കാണുകയും രോഹിത് വെമുല ആക്ടുമായി ബന്ധപ്പെട്ട് കണ്‍സള്‍ട്ടേഷന് പങ്കെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്, ഒരു അംബേദ്ക്കറൈറ്റ് നേതാവിനെ പോലും, എന്തിന് എന്റെ മകന്റെ സുഹൃത്തുക്കളായ എ.എസ്.എ പ്രവര്‍ത്തകരെ പോലും അതിന് അവര്‍ ക്ഷണിച്ചിട്ടില്ല എന്നാണ്.

കാമ്പസുകളില്‍ ദളിതര്‍ നേരിടുന്ന വിവേചനങ്ങളില്‍ നിന്നും അവരെ സംരക്ഷിക്കുന്നതിനുള്ള ഒരു നിയമത്തിലേയ്ക്ക് എത്തുന്നതിന് എന്തൊക്കെ വേണമെന്ന് എങ്ങനെയാണ് ദളിതരല്ലാത്തവര്‍ക്ക് മാത്രമായി ചേര്‍ന്നിരുന്നു തീരുമാനിക്കാന്‍ കഴിയുക? ഹൈദരാബാദ് സര്‍വ്വകലാശാലയിലും ജെ.എന്‍.യുവിലും നമ്മള്‍ കണ്ടതാണ്, ദളിത് നേതാക്കളെ ഇടത് പക്ഷം അവിടങ്ങളില്‍ പിന്തുണച്ചില്ല എന്ന് മാത്രമല്ല അവര്‍ക്കെതിരെ മത്സരിക്കുകയും ചെയ്തുവെന്ന ദൗര്‍ഭാഗ്യകരമായ കാര്യം.

തീര്‍ച്ചയായും രണ്ടു കൈയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകുകയുള്ളു. നമ്മുടെ ഭാഗത്തും ചില വീഴ്ച്ചകള്‍ വന്നിട്ടുണ്ട്. നമ്മുടെ വ്യത്യസ്തതകളെ കുറിച്ച് സത്യസന്ധവും തുറന്നതുമായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് മാത്രമേ നമുക്ക് മുന്നോട്ട് പോകാനാകൂ. എപ്പോഴാണോ നമ്മുടെ വ്യത്യസ്തതകളെ നമ്മള്‍ അംഗീകരിക്കുന്നത് അപ്പോള്‍ മാത്രമേ നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാനും സാധിക്കു. ഇത് എല്ലാവരും, അതായത് ദളിതര്‍, ആദിവാസികള്‍, മുസ്‌ലീങ്ങള്‍, സ്ത്രീകള്‍, കമ്മ്യൂണിസ്റ്റുകള്‍ എല്ലാവരും പ്രയോഗിക്കേണ്ടതാണ്.

ഞാനൊരു രാഷ്ട്രീയ നേതാവല്ല. അതുകൊണ്ട് എങ്ങനെ ഒരു ഐക്യമുണ്ടാക്കുമെന്ന കാര്യം നിങ്ങള്‍ക്ക് വിട്ടുതരികയാണ്. നിങ്ങളോട് എനിക്ക് പറയാനുള്ള ഒരേയൊരു കാര്യം നജീബിന്റെ ഉമ്മ, ജിഷയുടെ അമ്മ, അഖിലാക്കിന്റെ കുടുംബം ഉനയിലെ മനുഷ്യര്‍, ഞാനും എല്ലാവരും നിങ്ങളെയെല്ലാവരെയും ആശ്രയിക്കുന്നു. നിങ്ങളുടെ വ്യത്യസ്തതകള്‍ മാറ്റിനിര്‍ത്തി നിങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. ഞങ്ങളുടെ എല്ലാവരുടെയും ജീവിതങ്ങള്‍ ഇനി ആശ്രയിക്കുന്നത് ദളിതരും മുസ്‌ലീങ്ങളും ആദിവാസികളും സ്ത്രീകളും കമ്മ്യൂണിസ്റ്റുകളുമായിട്ടുള്ളവരുടെ പുതിയ തലമുറയെയാണ്. നിങ്ങള്‍ ഭിന്നിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്കോ ഈ രാജ്യത്തിനോ പ്രതീക്ഷകള്‍ നഷ്ടമാകും.

നീല്‍ സലാം, ലാല്‍ സലാം, ജെയ്ഭീം.

മൊഴിമാറ്റം: ഷെഫീക്ക് സുബൈദ ഹക്കീം