ഭാര്യാഭര്‍ത്താക്കന്മാരാകുന്നതിന് മുമ്പ് ഞങ്ങള്‍ സുഹൃത്തുക്കള്‍; അതിപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കും: രാധിക
Indian Cinema
ഭാര്യാഭര്‍ത്താക്കന്മാരാകുന്നതിന് മുമ്പ് ഞങ്ങള്‍ സുഹൃത്തുക്കള്‍; അതിപ്പോഴും നിലനിര്‍ത്താന്‍ ശ്രദ്ധിക്കും: രാധിക
ഐറിന്‍ മരിയ ആന്റണി
Thursday, 12th March 2026, 10:19 pm

1978-ല്‍ പുറത്തിറങ്ങിയ കിഴക്കേ പോകും റെയില്‍ എന്ന തമിഴ് ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച നടിയാണ് രാധിക. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം സിനിമകളില്‍ അഭിനയിച്ച താരം തുടക്കകാലത്ത് ടെലിവിഷന്‍ സീരിയലുകളിലും സജീവമായിരുന്നു. രാമലീല, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയവ രാധിക ഭാഗമായ മലയാള ചിത്രങ്ങളാണ്.

നടന്‍ ശരത് കുമാറിന്റെ പങ്കാളി കൂടിയായ രാധിക ഇപ്പോള്‍ നാന മാഗസിനുമായുള്ള അഭിമുഖത്തില്‍ ശരത് കുമാറിനെ കുറിച്ച് സംസാരിക്കുകയാണ്. തങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരാകുന്നതിന് മുമ്പുതന്നെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമായിരുന്നുവെന്ന് രാധിക പറയുന്നു.

‘വിവാഹത്തിന് ശേഷവും ആ നല്ല സൗഹൃദം നിലനിര്‍ത്താന്‍ ഞങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. പരസ്പരം ഞങ്ങള്‍ നല്ലവണ്ണം മനസിലാക്കിയവരാണ്. അതുകൊണ്ട് ഞങ്ങളുടെ സൗഹൃദവും സ്‌നേഹവും സന്തുഷ്ട ജീവിതമായി സ്വച്ഛന്ദം ഒഴുകുന്നു. മകള്‍, ഭാര്യ, അമ്മ, സഹോദരി, മുത്തശ്ശി, നടി, ഒരു സ്ഥാപനത്തിന്റെ മേധാവി എന്നിങ്ങനെ എനിക്ക് എന്തൊക്കെ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെങ്കിലും ഞാന്‍ ഞാനായിട്ടിരിക്കാന്‍ ശ്രമിക്കുന്നു,’ രാധിക പറയുന്നു.

നെഗറ്റീവ് ചിന്തകള്‍ തന്നെ തീണ്ടാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും നമ്മള്‍ ശക്തരാണെങ്കില്‍ എന്തിനേയും നേരിടാന്‍ കഴിയും എന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും നടി പറഞ്ഞു. താന്‍ അധികം സംസാരിക്കാറില്ലെന്നും ശാന്ത സ്വഭാവമുള്ളയാളാണെന്നും രാധിക കൂട്ടിച്ചേര്‍ത്തു. ചെയ്യുന്ന ജോലി നല്ല രീതിയില്‍ ചെയ്ത് പൂര്‍ത്തിയാക്കണം എന്ന ഉറച്ച ചിന്താഗതി എപ്പോഴും ഉണ്ടാവുമെന്നും രാധിക പറഞ്ഞു.

രാധികയുടേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രമാണ് തായ് കിഴവി. നവാഗതനായ ശിവകുമാര്‍ മുരുഗേശന്റെ സംവിധാനത്തില്‍ പാഷന്‍ സ്റ്റുഡിയോസും ശിവകാര്‍ത്തിയേകന്‍ പ്രൊഡക്ഷന്‍നും ചേര്‍ന്ന് നിര്‍മിച്ച ഈ ചിത്രം ബോക്‌സ് ഓഫീസില്‍ ഇതിനോടകം 50 കോടി പിന്നിട്ടു.

പവുനുത്തായ് എന്ന കരുത്തുറ്റ ഗ്രാമീണ വനിതയെയാണ് ചിത്രത്തില്‍ രാധിക അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം എന്ന ഗൗരവമായ വിഷയത്തെ കോമഡിയിലൂടെ അഡ്രസ് ചെയ്യുന്ന സിനിമയില്‍ സിങ്കംപുലി, ബാല ശരവണന്‍, അരുള്‍ദാസ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Radhika  talks about his husband Sarathkumar 

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.