അവനെ പോലെ പേസർമാർ വിക്കറ്റുകൾ നേടണം: മലയാളി താരത്തെക്കുറിച്ച് അശ്വിൻ
Cricket
അവനെ പോലെ പേസർമാർ വിക്കറ്റുകൾ നേടണം: മലയാളി താരത്തെക്കുറിച്ച് അശ്വിൻ
സുദേവ് എ
Friday, 14th August 2026, 12:16 pm

ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതൽ 19വരെ ഗല്ലെയിലാണ് നടക്കുന്നത്.

രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോയിലും നടക്കും. 2017ന് ശേഷം ഇതാദ്യമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.

ഇപ്പോൾ ആദ്യ മത്സരത്തിന് മുന്നോടിയായി ഗാലെയിൽ സ്പിൻ ആധിപത്യത്തെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ. ഗാലെയിൽ 80 ശതമാനം വിക്കറ്റുകളും സ്പിന്നർമാരാണ് നേടിയതങ്കിലും ശ്രീശാന്ത് അഞ്ച് വിക്കറ്റുകൾ നേടിയതുപോലെ പേസർമാർക്ക് വിക്കറ്റുകൾ നേടാനാവുമെന്ന് അശ്വിൻ പറഞ്ഞു. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ താരം.

‘ഗാലെയിൽ ഏകദേശം 80 ശതമാനം വിക്കറ്റുകളും സ്പിന്നർമാരാണ് നേടിയത്. ഈ രീതി തുടരുമെന്നാണ് ഞാൻ കരുതുന്നത്. വർഷം ഓർമയില്ല. ശ്രീശാന്ത് ഗാലെയിൽ അഞ്ച് വിക്കറ്റുകൾ നേടി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതിനാൽ കൃത്യമായി പന്തെറിഞ്ഞാൽ പേസർമാർക്കും ഗാലെയിൽ മികച്ചതാവാം. പേസർമാർ ഈ പിച്ചിൽ മികച്ച പ്രകടനം നടത്തുമെന്ന് ഞാൻ കരുതുന്നു,’ അശ്വിൻ പറഞ്ഞു.

അതേസമയം ഈ പരമ്പരക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ആറ് വിക്കറ്റുകളുടെ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഒന്നാം ഇന്നിങ്‌സിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 369 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു.

തുടർന്ന് ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസിനും ഡിക്ലയർ ചെയ്തു. നിർണായകമായ രണ്ടാം ഇന്നിങ്‌സിൽ ലങ്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 200 ഡിക്ലയർ ചെയ്‌തെങ്കിലും രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ടെസ്റ്റിലും ഇന്ത്യക്ക് ഈ ആധിപത്യം പുലർത്താൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Content Highlight: R. Ashwin talks about S. Sreesant performance in Sri Lanka

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.