ഹൈദരാബാദ് സമീപകാലത്ത് ആര്‍.സി.ബിയെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും ഐ.പി.എല്ലിലെ പുതിയ സീസണിലും അവര്‍ അത് പിന്തുടരുമെന്നും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍ പറഞ്ഞു. ഉദ്ഘാടന മത്സരം ബെംഗളൂരുവിന് ബുദ്ധിമുട്ടാകുമെന്നും മത്സരത്തില്‍ ഹൈദരാബാദ് ആധിപത്യം സ്ഥാപിക്കുമെന്നും മുന്‍ താരം പറഞ്ഞു.

‘ഹൈദരാബാദ് സമീപകാലത്ത് ആര്‍.സി.ബിയെക്കാള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട്, ഈ മത്സരത്തിലും അവര്‍ അത് പിന്തുടരുമെന്ന് എനിക്ക് തോന്നുന്നു. ഈ മത്സരത്തില്‍, എനിക്ക് ഒരു ചെറിയ പ്രവചനമുണ്ട്. ആര്‍.സി.ബിക്ക് ഈ മത്സരം ബുദ്ധിമുട്ടായിരിക്കും, എന്നിരുന്നാലും ആര്‍.സി.ബി അവരുടെ താളം കണ്ടെത്തും. സമീപകാലത്ത് ആര്‍.സി.ബിയെക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ചതിനാല്‍ ഹൈദരാബാദായതിനാല്‍ ഈ മത്സരത്തില്‍ അവര്‍ ആധിപത്യം സ്ഥാപിക്കുമെന്ന് എനിക്ക് തോന്നുന്നു,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഐ.പി.എല്‍ 2026 ആരംഭിക്കാന്‍ ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമാണുള്ളത്. ടൂര്‍ണമെന്റിന്റെ 19ാം എഡിഷന്റെ ഓപ്പണിങ് മാച്ചില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

ഐ.പി.എല്‍ തുടങ്ങിയ വര്‍ഷം മുതല്‍ ഇതുവരെ കളിച്ച ബെംഗളൂരുവിന് 2025ലാണ് തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കുന്നത്. ഇത്തവണയും ആര്‍.സി.ബി തങ്ങളുടെ ഡോമിനേഷന്‍ തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. മാത്രമല്ല സൂപ്പര്‍ ബൗളര്‍ ജോഷ് ഹേസല്‍വുഡ് ഇല്ലാതെയാണ് ബെംഗളൂരു ഇന്ന് കളത്തിലിറങ്ങുന്നത് എന്ന് എടുത്തുപറയേണ്ടതുണ്ട്.

Content Highlight: R Ashwin Talking About SRH And RCB