രോഹിത്തും വിരാടും ലോകകപ്പ് കളിക്കരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നു; തുറന്നടിച്ച് അശ്വിന്‍
Cricket
രോഹിത്തും വിരാടും ലോകകപ്പ് കളിക്കരുതെന്ന് ചിലര്‍ ആഗ്രഹിക്കുന്നു; തുറന്നടിച്ച് അശ്വിന്‍
ശ്രീരാഗ് പാറക്കല്‍
Wednesday, 24th June 2026, 9:38 pm

രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും ഏകദിന കരിയറിനെക്കുറിച്ചും വരാനിരിക്കുന്ന 2027 ലോകകപ്പിനെക്കുറിച്ചും നിലനില്‍ക്കുന്ന ഊഹാപോഹങ്ങളില്‍ ബി.സി.സി.ഐ ഉടന്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍.

താരങ്ങള്‍ക്ക് സമ്മര്‍ദമില്ലാതെ കളിക്കാന്‍ ടീം മാനേജ്‌മെന്റ് അവര്‍ക്ക് വ്യക്തമായ സന്ദേശം നല്‍കണമെന്നും അശ്വിന്‍ ആവശ്യപ്പെട്ടു. ലോകകപ്പില്‍ ഇന്ത്യയ്ക്ക് രോഹിത്തും വിരാടും പ്രധാന താരങ്ങളാണെന്ന് അശ്വിന്‍ ബി.സി.സി.ഐയെ ഓര്‍മിപ്പിച്ചു. രോഹിത്തിന്റെയും കോഹ്‌ലിയുടെയും ലോകകപ്പ് കളിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നില്ലെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.

‘വിരാടിനെയും രോഹിത്തിനെയും കുറിച്ചുള്ള ഈ ഊഹാപോഹങ്ങള്‍ ഒട്ടും നല്ലതല്ല. അവര്‍ ലോകകപ്പ് കളിക്കരുതെന്ന് ആഗ്രഹിക്കുന്ന ചിലരുടെ മനസില്‍ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത്. അത് ആരാണെന്ന് എനിക്കറിയില്ല. കുറച്ചുപേര്‍ക്ക് അവര്‍ക്ക് കളിക്കാനാകുമോ എന്ന സംശയമുണ്ട്.

വേറെ ചിലര്‍ക്ക് അവര്‍ ടീമില്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ ലോകകപ്പ് കളിക്കാന്‍ ഇത്തരം പരിചയസമ്പന്നരായ ബാറ്റര്‍മാര്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായും ആവശ്യമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം,’ അശ്വിന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.വിരാടും രോഹിത്തും

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ വിരാട് 299 ഇന്നിങ്സുകളില്‍ നിന്ന് 14797 റണ്‍സ് നേടിയിട്ടുണ്ട്. ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്. 54 സെഞ്ച്വറികളോടെയാണ് വിരാട് ഏകദിനത്തില്‍ ചരിത്രം കുറിച്ചത്.

അതേസമയം, രോഹിത് ശര്‍മ 277 ഇന്നിങ്സുകളില്‍ നിന്ന് 11720 റണ്‍സ് നേടിയിട്ടുണ്ട്. ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 264 റണ്‍സിന്റെ ലോക റെക്കോഡ് ഇപ്പോഴും രോഹിത്തിന്റെ പേരിലാണ്. കൂടാതെ ഏകദിനത്തില്‍ മൂന്ന് ഇരട്ട സെഞ്ച്വറികള്‍ നേടിയ ഏക താരവുമാണ് അദ്ദേഹം. അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയില്‍ താരം മികവ് പുലര്‍ത്തി. എന്നാല്‍ വിരാടിന് പരിക്ക് കാരണം പരമ്പരയില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല.

Content Highlight: R Ashwin Slams BCCI, Talking About Rohit Sharma And Virat

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ