അങ്ങനെ ചെയ്താല്‍ ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ തലയിലിരിക്കും; തുറന്നുപറഞ്ഞ് അശ്വിന്‍
IPL
അങ്ങനെ ചെയ്താല്‍ ഓറഞ്ച് ക്യാപ്പ് രാഹുലിന്റെ തലയിലിരിക്കും; തുറന്നുപറഞ്ഞ് അശ്വിന്‍
ആദര്‍ശ് എം.കെ.
Friday, 27th March 2026, 7:10 pm

ഐ.പി.എല്‍ 2026ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്താല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍. രാഹുലിന് റണ്‍വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തെത്താന്‍ സാധിക്കുമെന്ന് ഇന്ത്യന്‍ ഇതിഹാസ താരം ആര്‍. അശ്വിന്‍.

കഴിഞ്ഞ സീസണില്‍ ബാറ്റിങ് പൊസിഷനില്‍ വരുത്തിയ മാറ്റങ്ങള്‍ ടീമിനെയും രാഹുലിനെയും ബാധിച്ചുവെന്നും, അവനെ സ്ഥിരമായി ഓപ്പണറായി കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍. അശ്വിന്‍.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്. .

‘ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ഒരു മത്സരത്തില്‍ രാഹുല്‍ ഒരു ടു-പേസ് പിച്ചില്‍ അത്ഭുതാവഹമായ പ്രകടനം കാഴ്ചവെച്ചു, എന്നാല്‍ അതിന് ശേഷം കുറച്ചുകാലത്തേക്ക് ടീം അവനെ ഓപ്പണറായി പരിഗണിച്ചില്ല.

കെ.എല്‍. രാഹുല്‍

ഈ സീസണില്‍ അവന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നു എന്ന് ഉറപ്പാക്കണം. അങ്ങനെയെങ്കില്‍ അവന്‍ ഈ ഉറപ്പായും ഓറഞ്ച് ക്യാപ്പ് നേടും. അവനൊപ്പം പാതും നിസങ്ക ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യട്ടെ. ഈ ബേസിക് കാര്യങ്ങള്‍ മാത്രം ചെയ്ത് ബാക്കിയുള്ളത് അവര്‍ ചെയ്‌തോളും,’ അശ്വിന്‍ പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഭൂരിഭാഗം മത്സരങ്ങളിലും മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്തിട്ടും 54ലധികം ശരാശരിയില്‍ 500+ റണ്‍സ് നേടാന്‍ രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ നാല് ഇന്നിംഗ്‌സുകളില്‍ 78.33 ശരാശരിയും 170+ സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

കെ.എല്‍. രാഹുല്‍

ദല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിങ് നിര മികച്ചതാണെന്ന് വിലയിരുത്തിയ അശ്വിന്‍, ഇടംകൈയ്യന്‍ പേസര്‍ ടി. നടരാജന്റെ വേഗത കുറയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചു. കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, മുകേഷ് കുമാര്‍ എന്നിവര്‍ ടീമിന്റെ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.

ടീം മാനേജ്മെന്റ് കളിക്കാരെ സ്വതന്ത്രമായി കളിക്കാന്‍ അനുവദിക്കണമെന്നും നിരന്തരം മാറ്റങ്ങള്‍ വരുത്താതെ ഒരു സ്ഥിരതയാര്‍ന്ന പ്ലെയിങ് ഇലവനെ നിലനിര്‍ത്തണമെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ ഒന്നിനാണ് ദല്‍ഹി സീസണിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ലഖ്‌നൗവിലെ എകാനയില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

 

Content Highlight: R Ashwin says KL Rahul can win orange cap if he opens the innings

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.