മലപ്പുറം ജില്ലയിലെ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ കിളിക്കത്തടായി അങ്കണവാടിയുടെ പേര് പുതുക്കിപ്പണിതപ്പോൾ ‘ഖാഇദേ മില്ലത്ത്’ എന്ന് മാറ്റിയതിനെതിരെ ഹിന്ദു ഐക്യവേദി മുൻ സംസ്ഥാന അധ്യക്ഷ കെ.പി. ശശികല സാമൂഹ്യമാധ്യമങ്ങളിൽ വലിയ വിമർശനം ഉന്നയിച്ചിരുന്നു.
പഴയ പേര് നിലനിർത്താൻ സി.ഡി.പി.ഒ ഉത്തരവിട്ടിട്ടും മാറ്റം വരുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ, പാകിസ്ഥാന്റെ പ്രഥമ പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാനെയാണ് ലോകം ‘ഖാഇദേ മില്ലത്ത്’ എന്ന് അറിയുന്നതെന്നും ഇത് കേരളത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്നും ചോദിച്ച് വാഴക്കാട് പഞ്ചായത്ത് പാകിസ്ഥാനിലാണോ എന്ന് പരിഹസിക്കുകയും ചെയ്തു.
എന്നാൽ, വാഴക്കാട് അങ്കണവാടിയുടെ പേരുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിവാദങ്ങളിൽ പരാമർശിക്കപ്പെടുന്ന ‘ഖാഇദേ മില്ലത്ത്’ എന്ന വിശേഷണം പാകിസ്ഥാൻ നേതാവിനെയല്ല, മറിച്ച് ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിൽ പങ്കാളിയാവുകയും പാർലമെന്റിൽ പതിറ്റാണ്ടുകളോളം ദേശീയ താത്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് പ്രവർത്തിക്കുകയും ചെയ്ത പ്രമുഖ നേതാവ് എം. മുഹമ്മദ് ഇസ്മായിലിനെയാണ് അടയാളപ്പെടുത്തുന്നത്.
അങ്കണവാടി സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഉൾപ്പെടുന്ന മഞ്ചേരി ലോക്സഭാ മണ്ഡലത്തിന്റെ മുൻ എം.പി കൂടിയായിരുന്നു അദ്ദേഹം എന്ന യാഥാർത്ഥ്യം വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉയരുന്നത്.
ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലും ‘ഖാഇദേ മില്ലത്ത്’ (രാഷ്ട്രത്തിന്റെ നായകൻ) എന്ന പേരിൽ അറിയപ്പെടുന്നത് അദ്ദേഹമാണ്.
1896 ജൂൺ അഞ്ചിന് തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ മൗലവി കെ.ടി. മിയാഖാൻ റാവുത്തറുടെ മകനായി ജനിച്ച മുഹമ്മദ് ഇസ്മായിൽ, തിരുനെൽവേലി സി.എം.എസ് കോളേജിലും മദ്രാസ് ക്രിസ്ത്യൻ കോളേജിലുമായി വിദ്യാഭ്യാസം നേടി.
പഠനകാലത്ത് മഹാത്മാഗാന്ധിയുടെ ആഹ്വാനത്തിൽ ആകൃഷ്ടനായി നിസഹകരണ പ്രസ്ഥാനത്തിൽ അണിചേർന്നതിനെ തുടർന്ന് അദ്ദേഹത്തിന് ബിരുദപഠനം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് വാണിജ്യ-വ്യവസായ രംഗത്തേക്ക് കടന്ന അദ്ദേഹം, മദ്രാസ് ചേംബർ ഓഫ് കൊമേഴ്സ്, സതേൺ ഇന്ത്യ സ്കിൻസ് ആൻഡ് ഹൈഡ്സ് മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ തലപ്പത്ത് പ്രവർത്തിച്ച് വ്യാപാരികൾക്കും തൊഴിലാളികൾക്കുമിടയിൽ വലിയ സ്വാധീനം നേടി.
തമിഴ് ഭാഷയോടും സംസ്കാരത്തോടും ആഴത്തിലുള്ള പ്രതിബദ്ധത പുലർത്തിയിരുന്ന അദ്ദേഹം, മദ്രാസിലെ തമിഴ് വളാർച്ചി കഴകത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു.
ഡി.എം.കെ സ്ഥാപകൻ സി.എൻ. അണ്ണാദുരൈ, കലൈഞ്ജർ എം. കരുണാനിധി എന്നിവരുമായി അടുത്ത സൗഹൃദം പുലർത്തിയ ഇസ്മായിൽ സാഹിബ്, 1967-ൽ തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേറ്റത്തിന് അടിത്തറയിട്ട രാഷ്ട്രീയ സഖ്യരൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു.
സ്വാതന്ത്ര്യത്തിനു മുൻപ് മദ്രാസ് നിയമസഭാംഗമായിരുന്ന അദ്ദേഹം, 1946 മുതൽ 1952 വരെ അവിടെ പ്രതിപക്ഷ നേതാവായി മാതൃകാപരമായ സേവനമനുഷ്ഠിച്ചു. അദ്ദേഹത്തിന്റെ സഭാ മര്യാദകളെ മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. ഭക്തവത്സലം ഉൾപ്പെടെയുള്ളവർ പരസ്യമായി പ്രശംസിച്ചിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഇസ്മായിൽ സാഹിബിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന ഭരണഘടനാ നിർമാണ സഭയിലെ പ്രവർത്തനമാണ്. 1948 മുതൽ 1950 വരെ കോൺസ്റ്റിറ്റുവന്റ് അസംബ്ലി അംഗമായിരുന്ന അദ്ദേഹം, ഇന്ത്യയിലെ ഏറ്റവും പ്രാചീന ഭാഷ എന്ന നിലയിൽ തമിഴിന് കേന്ദ്ര ഔദ്യോഗിക ഭാഷാ പദവി നൽകണമെന്ന് ശക്തമായി വാദിച്ചു.
അതോടൊപ്പം, സ്വതന്ത്ര ഇന്ത്യയിൽ ന്യൂനപക്ഷങ്ങളുടെ വ്യക്തിനിയമങ്ങൾ, വിദ്യാഭ്യാസ സ്വാതന്ത്ര്യം, മൗലികാവകാശങ്ങൾ എന്നിവ ഭരണഘടനാപരമായി സംരക്ഷിക്കപ്പെടാനും അദ്ദേഹം നിലകൊണ്ടു.
ഇന്ത്യാ വിഭജനത്തിന് ശേഷം അഖിലേന്ത്യാ മുസ്ലിം ലീഗ് പിരിച്ചുവിട്ടപ്പോൾ, ഇന്ത്യയിൽ തുടരാൻ തീരുമാനിച്ച ജനവിഭാഗങ്ങളെ രാജ്യത്തിന്റെ ജനാധിപത്യ-ഭരണഘടനാ ചട്ടക്കൂടിൽ ഉറപ്പിച്ചുനിർത്തുന്നതിനായി 1948 മാർച്ചിൽ രൂപീകരിച്ച ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.
1952-ൽ രാജ്യസഭാംഗമായി പ്രവർത്തിച്ച അദ്ദേഹം, കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം ബാഫഖി തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ തുടങ്ങിയവരുമായി ചേർന്ന് പാർട്ടിക്ക് കരുത്തുപകരുകയും വടക്കൻ കേരളവുമായി ആഴത്തിലുള്ള ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തു.
ഇതിന്റെ ഫലമായി 1962, 1967, 1971 പൊതുതെരഞ്ഞെടുപ്പുകളിൽ മഞ്ചേരി ലോക്സഭാ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തോടെ അദ്ദേഹം തുടർച്ചയായി മൂന്ന് തവണ പാർലമെന്റിലെത്തി.
എം.പിയായിരുന്ന കാലത്തും തീവണ്ടിയിലെ മൂന്നാം ക്ലാസ് കമ്പാർട്ടുമെന്റിൽ യാത്ര ചെയ്യുന്ന തരത്തിലുള്ള ലളിത ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. രാഷ്ട്രീയ എതിരാളികൾ പോലും ‘രാഷ്ട്രീയത്തിലെ മാന്യൻ’ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.
ഇസ്മായിൽ സാഹിബിന്റെ രാജ്യസ്നേഹം ഏറ്റവും പ്രകടമായ ഒരു സന്ദർഭമായിരുന്നു 1962-ലെ ഇന്ത്യ-ചൈന യുദ്ധം. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കത്തയച്ചുകൊണ്ട്, യുദ്ധമുഖത്തേക്ക് അയക്കാൻ തന്റെ ഏക മകൻ മിയാൻ ഖാനെ സൈന്യത്തിലേക്ക് വിട്ടുനൽകാമെന്ന് അദ്ദേഹം പരസ്യമായി വാഗ്ദാനം ചെയ്തു.
1972 ഏപ്രിൽ അഞ്ചിന് അന്തരിച്ച അദ്ദേഹത്തിന്റെ സ്മരണാർത്ഥം തമിഴ്നാട് സർക്കാർ ചെന്നൈയിൽ സ്മാരക ഹാൾ നിർമിക്കുകയും, ചെന്നൈയിലെ പ്രശസ്തമായ ക്വയ്ദ്-ഇ-മില്ലത്ത് ഗവൺമെന്റ് കോളേജ് ഫോർ വിമൻ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേര് നൽകുകയും ചെയ്തു.
ഇന്ത്യാ പോസ്റ്റ് അദ്ദേഹത്തിന്റെ ആദരസൂചകമായി പ്രത്യേക തപാൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന രൂപീകരിക്കുന്നതിൽ പങ്കാളിയാവുകയും പാർലമെന്റിൽ പതിറ്റാണ്ടുകളോളം രാജ്യത്തിന്റെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്ത ഒരു ദേശീയ നേതാവിന്റെ നാമമാണ് തെറ്റിദ്ധാരണാജനകമായ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടത്.
Content Highlight:Quaid-e-Millat’—Unknown to Sasikala
