മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമുള്ള ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്ത് കോക്രോച്ച് ജനതാ പാര്‍ട്ടിയും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും യുവജന വിദ്യാര്‍ത്ഥി സംഘടനകളും ഇപ്പോള്‍ പ്രക്ഷോഭം നടത്തുന്നത്. ഈ പ്രക്ഷോഭത്തിനെതിരെ കേരളത്തില്‍ നിന്നുള്ളവരടക്കമുള്ള ബി.ജെ.പി- ആര്‍.എസ്.എസ്- സംഘപരിവാര്‍ നേതാക്കളും പ്രവര്‍ത്തകരും ഗോദി മാധ്യമങ്ങളും പല പ്രൊപ്പഗണ്ടകളും പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ ഒന്നാണ് ഭരണമാറ്റം എന്ന ആവശ്യവുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍.

ഭരണമാറ്റം അട്ടിമറിയല്ല

ഭരണമാറ്റത്തിന് വേണ്ടിയുള്ള ആവശ്യം അടുത്തിടെ ഉന്നയിച്ചത് ആക്ടിവിസ്റ്റ് പ്രശാന്ത് ഭൂഷണാണ്. ഇതിന് പിന്നാലെയാണ് ഭരണമാറ്റം എന്ന പോയിന്റില്‍ പിടിച്ചുകൊണ്ട് ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അവരുടെ പുതിയ പ്രചാരണങ്ങള്‍ ഇറക്കിയത്. പ്രശാന്ത് ഭൂഷണ്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് തെറ്റി ധരിപ്പിക്കുന്ന തരത്തിലാണ് സംഘപരിവാര്‍ അനുകൂലികളുടെ പ്രചാരണങ്ങള്‍. അട്ടിമറിക്കായാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്ന് റെജിംചെയ്ഞ്ച് എന്ന വാക്കില്‍ പിടിച്ചുകൊണ്ട് സംഘപരിവാറുകാര്‍ അവകാശപ്പെടുന്നു.

വിപ്ലവത്തിലൂടെയും അട്ടിമറിയിലൂടെയും ബാഹ്യ ഇടപെടലിലൂടെയും ഒരു രാജ്യത്തെ ഭരണം മാറ്റുന്നതിനെ കുറിച്ച് റെജിം ചെയ്ഞ്ച് എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത് അത്തരം ഒരു ഭരണമാറ്റമല്ല. പ്രധാനമന്ത്രി മോദിയുടെ രാജിയാണ് അവര്‍ ആവശ്യപ്പെടുന്നത്. ഒരു പ്രശ്‌നത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സര്‍ക്കാര്‍ രാജിവെക്കണം എന്ന ആവശ്യം. അതിനപ്പുറം പോയാല്‍ രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം. ഇത്തരം ആവശ്യത്തെ അട്ടിമറി നീക്കമായി ചിത്രീകരിക്കുകയാണ് ബി.ജെ.പി നേതാക്കള്‍.

എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ രാജിവെക്കണമെന്ന ആവശ്യം ഇന്ത്യയില്‍ ഉയരുന്നത് ഇത് ആദ്യമായല്ല. സര്‍ക്കാര്‍ രാജിവെച്ച് പുറത്ത് പോകുന്നതും പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതുമൊക്കെ ജനാധിപത്യത്തില്‍ പറഞ്ഞിട്ടുള്ള കാര്യമാണ്. അത്തരം ആവശ്യം ഉന്നയിക്കുന്നതിനെ അട്ടിമറി ശ്രമമായി തെറ്റിധരിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പി അനുകൂലികളുടെ പ്രചാരണങ്ങള്‍.

തെരഞ്ഞെടുപ്പിലൂടെ സര്‍ക്കാരിനെ തോല്‍പിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് മാധ്യമ വിഭാഗം തലവന്‍ പവന്‍ ഖേര അടക്കമുള്ള പ്രതിപക്ഷ നേതാക്കാള്‍ ഇതിനകം വ്യക്തമാക്കിയിച്ചുണ്ട്. തങ്ങള്‍ ഭരണമാറ്റത്തിന് ആവശ്യപ്പെടുന്നില്ലെന്ന് സി.ജെ.പിയും വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങള്‍ ഭരണമാറ്റത്തിന് വേണ്ടിയല്ല ശ്രമിക്കുന്നതെന്നാണ് ഈ മാസം 15ന് രാത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെ പറഞ്ഞത്. സമരത്തിന്റെ ലക്ഷ്യം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റി പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കണമെന്നാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

CJP Leraders Ratna Singh, Sourav Das, Abhijeet Dipke, Ashuthosh Ranka and Vijay Mallangi | File Image

CJP Leraders Ratna Singh, Sourav Das, Abhijeet Dipke, Ashuthosh Ranka and Vijay Mallangi | File Image

‘ഞങ്ങള്‍ സര്‍ക്കാരിനെ മാറ്റാനോ അല്ലെങ്കില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും ചെയ്യാനോ ആഗ്രഹിക്കുന്നുവെന്ന് പറയുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും സ്വതന്ത്രവും നിഷ്പക്ഷവുമായ രീതിയില്‍ പുതിയൊരു തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കണമെന്നും മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്,’ ദീപ്‌കെ പറയുന്നു.

പ്രതിഷേധം ഉയരാനുണ്ടായ സാഹചര്യം

തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്ന വെളിപ്പെടുത്തലുകളാണ് ഇപ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മൂന്ന് അംഗങ്ങളില്‍ മറ്റ് രണ്ട് അംഗങ്ങളുടെയും വിയോജിപ്പുകള്‍ പരിഗണിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തന്റെ തീരുമാനങ്ങള്‍ നടപ്പാക്കിയെന്ന് വെളിപ്പെടുത്തുന്ന ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.

Opposition Protest Demandinmg Resignation of Gyanesh

Opposition Protest Demandinmg Resignation of Gyanesh

ഇന്ത്യന്‍ എക്‌സ്പ്രസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് പ്രതിഷേധങ്ങളുടെ തുടക്കം. ഇതിനൊപ്പം എസ്.ഐ.ആറില്‍ 13 കോടിയിലധികം വോട്ടര്‍മാര്‍ പുറത്താക്കപ്പെട്ടതും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരത്തേ ഉന്നയിച്ചിരുന്ന വോട്ട് ചോരി ആരോപണയും വീണ്ടും ചര്‍ച്ചയായി. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് സിവിലോ ക്രിമിനലോ ആയ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ ജീവിതകാലം മുഴുവന്‍ പരിരക്ഷ നല്‍കുന്ന 2023ലെ നിയമ നിര്‍മാണവും ഇവിടെ ചര്‍ച്ചയായി.

പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍

നിലവില്‍ ചില നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും ഭരണമാറ്റം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ടെങ്കിലും പ്രതിഷേധം നടക്കുന്നത് ഭരണമാറ്റം എന്ന ആവശ്യം ഉന്നയിച്ചിട്ടല്ല. ഗ്യാനേഷിന്റെ രാജിയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സി.ജെ.പി വ്യക്തമാക്കി. ഇന്ത്യ സഖ്യവും ഗ്യാനേഷിന്റെ രാജിയും, എസ്.ഐ.ആര്‍ മരവിപ്പിക്കലും, വോട്ടിങ് മെഷീന് പകരം ബാലറ്റ് ഉപയോഗിക്കലും അടക്കമുള്ള ആവശ്യങ്ങളാണുന്നയിക്കുന്നത്. ഒപ്പം 2023ലെ നിയമ നിര്‍മാണം പിന്‍വലിക്കാനും അവര്‍ ആവശ്യപ്പെടുന്നു.

പ്രതിഷേധക്കാര്‍ ഇന്ത്യന്‍ ജനാധിപത്യത്തെയും ഇന്ത്യന്‍ ഭരണഘടനയെയും അടിസ്ഥാനമാക്കിയാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് വ്യക്തമാക്കിയതാണ്. ഇന്ത്യന്‍ ഭരണ ഘടന, ദേശീയത, ജനാധിപത്യം എന്നിവയിലധിഷ്ടിതമാക്കിയും പൗരാവകാശങ്ങള്‍ ഉന്നയിച്ചുമാണ് പ്രതിഷേധം മുന്നോട്ട് പോകുന്നതും.

മോദിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങള്‍

എസ്.ഐ.ആര്‍, ഗ്യാനേഷ് വിഷയങ്ങളില്‍ മോദിക്കും സര്‍ക്കാരിനും എതിരായ വിമര്‍ശനങ്ങള്‍ വ്യാപകമായി ഉയരുന്നുണ്ട്. ഗ്യാനേഷ് കുമാര്‍ ഒറ്റക്കല്ല എന്നും മോദിക്കും അമിത്ഷായ്ക്കും വേണ്ടിയാണ് ഗ്യാനേഷ് പ്രവര്‍ത്തിക്കുന്നതെന്ന വാദമാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. ഇതിനാല്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ മോദി ഉത്തരവാദിയാണെന്നും മോദി രാജിവെക്കണമെന്നുമുള്ള ആവശ്യം ചില പ്രതിപക്ഷ നേതാക്കള്‍ ഉന്നയിക്കുന്നു.

സര്‍ക്കാര്‍ മാറണമെന് പറയുന്നവര്‍ ആവശ്യപ്പെടുന്നത് മോദിയുടെ രാജിയോ പുതിയ തെരഞ്ഞടുപ്പോ ആണ്. അതിനെ ഈ രാജ്യത്തെ ജനാധിപത്യം അട്ടിമറിക്കാനുള്ള ശ്രമമാണെന്ന് തെറ്റിധരിപ്പിക്കുകയാണ് ബി.ജെ.പി നേതാക്കളുടെ പല പ്രസ്താവനകളും. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ഈ രാജ്യത്തെ ജനാധിപത്യത്തെ അടിച്ചമര്‍ത്താനാണ് ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന ഗുരുതരമായ ആരോപണം പ്രതിപക്ഷം ഉയര്‍ത്തുമ്പോള്‍ അതിന് മറുപടി നല്‍കാതെയാണ് ബി.ജെ.പി പ്രതിപക്ഷത്തിനെതിരെ ഇത്തരം പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നത്.

മോദി സര്‍ക്കാര്‍ മാറിയാല്‍ ഭരിക്കുന്ന പാര്‍ട്ടി മാറുന്നു എന്ന് മാത്രം

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ലക്ഷ്യമാണ് ‘ഭരണമാറ്റം വേണം,’ എന്ന പ്രശാന്ത് ഭൂഷണിന്റെ പ്രയോഗത്തില്‍ പ്രതിഫലിക്കുന്നതെന്നാണ് ബി.ജെ.പി നേതാവ് നിതിന്‍ നബിന്‍ വാദിക്കുന്നത്. സര്‍ക്കാര്‍ മാറണമെന്ന് ആവശ്യപ്പെടുന്നത് രാജ്യത്തിനെതിരായ കാര്യമാണെന്ന് തെറ്റിധരിപ്പിക്കുന്നതാണ് നിതിന്‍ നബിന്റെ വാദം.

ഒരു സര്‍ക്കാര്‍ എന്നത് പരമാവധി അഞ്ച് വര്‍ഷം വരെ രാജ്യത്തെ ഭരണ ചുമതല നിര്‍വഹിക്കുന്നതിനായി വോട്ടര്‍മാര്‍ തെരഞ്ഞെടുക്കുന്ന താത്കാലിക സംവിധാനമാണ്. അത് രാഷ്ട്രമല്ല. രാഷ്ട്രത്തെയും ജനത്തെയും സേവിക്കാനുള്ള സംവിധാനമാണ്.

Modi and Amit Shah

Modi and Amit Shah

ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റുക എന്നതിനര്‍ത്ഥം പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നത് മാത്രമാണ്. പുതിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മാറി പുതിയ പാര്‍ട്ടി അധികാരത്തില്‍ വരുക എന്നത് മാത്രമാണ്.

ഇന്ത്യയെന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അല്ല. ഒരു പാര്‍ട്ടി മാത്രമാണ് ബി.ജെ.പി. ബി.ജെ.പി സര്‍ക്കാര്‍ മാറണമെന്നതിനെ ദേശദ്രോഹം എന്ന് വിളിക്കുന്നത് സര്‍ക്കാരോ ഭരിക്കുന്ന പാര്‍ട്ടിയോ ആണ് ദേശവും രാഷ്ട്രവുമെന്ന് തെറ്റിധരിപ്പിക്കലാണ്.

സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കണമെന്ന് ഭരണ ഘടന വ്യവസ്ഥ ചെയ്യുന്നില്ല

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയോ മുന്നണിയോ വിജയിച്ചുകഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നത് വരെ അവര്‍ക്ക് ഭരിക്കാന്‍ അവകാശമുണ്ടെന്ന തരത്തിലാണ് ചില ബി.ജെ.പി നേതാക്കളുടെ അവകാശവാദങ്ങള്‍. എന്നാല്‍ പാര്‍ലമെന്ററി ജനാധിപത്യത്തെ സംബന്ധിച്ച് അഞ്ച് വര്‍ഷം ഒരു ഭരണം തുടരണം എന്ന നിര്‍ബന്ധം ഇല്ല.

ലോക്‌സഭയുമായി കൂട്ടുത്തരവാദിത്തമാണ് മന്ത്രിസഭയ്‌ക്കെന്ന് ഭരണഘടനയുടെ 75(3) അനുച്ഛേദം പറയുന്നു. വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഈ വകുപ്പിലുണ്ട്. ലോക്‌സഭാ അംഗങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനും ഈ അനുച്ഛേദം അവകാശം നല്‍കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനാല്‍ തന്റെ രാജിക്കായി ആവശ്യപ്പെടാന്‍ പറ്റില്ല എന്ന് ഒരു പ്രധാനമന്ത്രിക്ക് പറയാന്‍ പറ്റില്ല. കാരണം അത്തരത്തിലുള്ള സവിശേഷാധികാരം ഇന്ത്യന്‍ ഭരണഘടന പ്രധാനമന്ത്രിക്ക് നല്‍കുന്നില്ല.

തെരഞ്ഞെടുപ്പുകളിലൂടെയോ, ജനകീയ പ്രക്ഷോഭങ്ങളിലൂടെയോ, അല്ലെങ്കില്‍ പാര്‍ലമെന്റിലെ അവിശ്വാസ പ്രമേയങ്ങളിലൂടെയോ ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ ഒരു ഭരണമാറ്റം ആവശ്യപ്പെടുന്നത് ഭരണഘടനാവിരുദ്ധമായ അട്ടിമറിയല്ല. പ്രാതിനിധ്യ ജനാധിപത്യത്തിന്റെ പ്രവര്‍ത്തനരീതിയുടെ ഭാഗമാണത്. അടുത്ത തിരഞ്ഞെടുപ്പിന് മുന്‍പായി മോദി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമാണ്.

ഇതിനുമുന്‍പും പലതവണ ഇത്തരം സന്ദര്‍ഭങ്ങള്‍

ഇന്ത്യയില്‍ ഇതിനുമുമ്പും പലതവണ സര്‍ക്കാരിന്റെയും പ്രധാനമന്ത്രിയുടെയും രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്. ബി.ജെ.പിയും അവരുടെ മുന്‍ഗാമിയായിരുന്ന ജനസംഘവും അത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

Manmnohan Singh

Manmnohan Singh

മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ പുറത്തുപോകണമെന്ന് അന്നത്തെ ബി.ജെ.പി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. അന്നത്തെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍ യു.പി.എ സര്‍ക്കാരിനെതിരെ ഈ ആവശ്യമുന്നയിച്ച് പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.

എല്‍.കെ. അദ്വാനിയെപ്പോലുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ ഡോ. മന്‍മോഹന്‍ സിംഗ് സര്‍ക്കാരിനെ ‘നിയമവിരുദ്ധം’ എന്ന് വിശേഷിപ്പിച്ചിരുന്നു. ആ സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

‘കഴിവുകെട്ടതോ അഴിമതി നിറഞ്ഞതോ ആയ ഒരു സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുക എന്നത് ഓരോ പൗരന്റെയും രാഷ്ട്രീയ പാര്‍ട്ടിയുടെയും ദേശസ്‌നേഹപരമായ കടമയാണ്,’ എന്നും അന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു.

മന്‍മോഹന്‍ സിങ്ങിന്റെ കാലത്ത് മാത്രമല്ല, അതിന് മുമ്പും ബി.ജെ.പി അതത് കാലത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 1975-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള പ്രസ്ഥാനത്തില്‍ അന്നത്തെ ജനസംഘം നേതാക്കള്‍ പങ്കെടുത്തിരുന്നു. ജയപ്രകാശ് നാരായണന്‍ നയിച്ച ‘സമ്പൂര്‍ണ ക്രാന്തി’ പ്രസ്ഥാനത്തിന്റെ ഭാഗമായി അടല്‍ ബിഹാരി വാജ്പേയിയും അദ്വാനിയും ഉള്‍പ്പെടെയുള്ള ഭാരതീയ ജനസംഘം നേതാക്കള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

Indira Gandhi

Indira Gandhi

അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് തന്നെ അവരെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലും അദ്വാനിയും വാജ്‌പേയിയും അടക്കമുള്ള നേതാക്കള്‍ പങ്കാളികളായിരുന്നു.

മോദി തന്നെ ഉന്നയിച്ച വാദങ്ങള്‍

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ആ സര്‍ക്കാരിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വാദങ്ങള്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉന്നയിച്ചിരുന്നു. ‘സര്‍ക്കാരിനെ വേരോടെ പിഴുതെറിയാന്‍ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നു’ എന്നാണ് 2013ല്‍ മോദി യു.പി.എ സര്‍ക്കാരിനെക്കുറിച്ച് പറഞ്ഞത്. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മോദിയുടെ ആഹ്വാനവും യു.പി.എ സര്‍ക്കാരിന്റെ കാലത്താണ് വന്നത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മാറ്റാന്‍ അധികാരം ജനങ്ങള്‍ക്കുണ്ടെന്ന് മോദിയും അമിത് ഷായും അടക്കമുള്ള നേതാക്കള്‍ തന്നെ പറഞ്ഞിരുന്നു. 1975-ല്‍ ഇന്ദിരാ ഗാന്ധിക്കെതിരെയുണ്ടായ പ്രക്ഷോഭങ്ങളെക്കുറിച്ചായിരുന്നു അവര്‍ ഈ അഭിപ്രായം പറഞ്ഞത്. അധികാരത്തിലിരിക്കുന്നവര്‍ ഏകാധിപതികളായി മാറുമ്പോള്‍, അവരെ പുറത്താക്കാനുള്ള അധികാരം ജനങ്ങള്‍ക്കുണ്ടെന്ന് അടക്കം ഇന്ദിരാഗാന്ധിക്കെതിരായ പ്രതിഷേധങ്ങളെ സ്മരിച്ച് മോദിയും ഷായും അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ പറഞ്ഞിരുന്നു.

 ഭരണഘടനയുടെ 19-ാം അനുച്ഛേദം

അഭിപ്രായ സ്വാതന്ത്ര്യം, സമാധാനപരമായ ഒത്തുചേരലിനും സംഘടന രൂപീകരിക്കാനുള്ള അവകാശം എന്നിവ സംരക്ഷിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം അനുച്ഛേദം. ഈ സ്വാതന്ത്ര്യങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളും ഒത്തുചേരലുകളും സംഘാടനവും ഉള്‍പ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തി എന്നത് കൊണ്ട് ഈ അവകാശങ്ങള്‍ ഇല്ലാതാവുന്നില്ല. ജനവിധിയെ മാനിക്കണം എന്ന് പറഞ്ഞുകൊണ്ട് ഈ അവകാശങ്ങളെ നിഷേധിക്കാനും പറ്റില്ല.

ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് അധികാരം എന്നാണ് ഇന്ത്യന്‍ ഭരണ ഘടന വ്യവസ്ഥ ചെയ്യുന്നത്. സര്‍ക്കാര്‍ പറയുന്നത് മിണ്ടാതെ അനുസരിക്കുന്ന തരത്തിലല്ല ഈ വ്യവസ്ഥിതി വിഭാവനം ചെയ്തിരിക്കുന്നതും. അതിനാല്‍ തന്നെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ക്രമക്കേടുകളെ ചോദ്യം ചെയ്യാന്‍ ഈ രാജ്യത്തെ പൗരര്‍ക്ക് അവകാശമുണ്ട്.

പ്രതിഷേധിക്കുന്നവരെ കുറ്റവാളികളാക്കി മുദ്രകുത്താനാവില്ല

മോദി അധികാരത്തില്‍ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ കുറ്റവാളികളായി മുദ്ര കുത്താനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനോ ബി.ജെ.പിക്കോ ഇല്ല. ഇത്തരത്തില്‍ മുദ്ര കുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ ബി.ജെ.പി നടത്തുന്നത്. സര്‍ക്കാരോ പ്രധാനമന്ത്രിയോ മാറണം എന്ന് ആവശ്യപ്പെടുന്നത് രാജ്യദ്രോഹമാണെന്ന് വിശ്വസിപ്പിക്കാനും ബി.ജെ.പി നേതാക്കളുടെ പ്രചാരണങ്ങള്‍ക്ക് സാധിക്കും.


തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നത് ഇന്ത്യന്‍ ഭരണ ഘടന പ്രകാരം ഒരു കുറ്റമല്ല. അത്തരം ആവശ്യങ്ങളുന്നയിക്കാനുള്ള പൗരരുടെ അവകാശങ്ങളും ഭരണ ഘടന വ്യവസ്ഥ ചെയ്യുന്നു.

ഇപ്പോഴത്തെ പ്രതിഷേധത്തില്‍ ഗ്യാനേഷിന്റെ രാജിയും എസ്.ഐ.ആര്‍ മരവിപ്പിക്കലുമടക്കമുള്ള നയപരമായ മാറ്റത്തിനാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അത്തരം നയമപമായ മാറ്റങ്ങള്‍ക്ക് ആവശ്യപ്പെടുന്നതും അതിനായി സമാധാനപരമായി പ്രതിഷേധിക്കുന്നതോ കുറ്റകൃത്യമോ നിയമവിരുദ്ധമായ കാര്യങ്ങളല്ല.

പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം

പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തങ്ങളില്‍ പെടുന്നതാണ് സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും. ഭരണത്തിലിരിക്കുന്നവരെ ഒന്നും മിണ്ടാതെ പിന്തുണക്കേണ്ടവരല്ല പ്രതിപക്ഷം.
പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ അഭിസംബോധന ചെയ്യാനും സര്‍ക്കാരിന്റെ മോശം ചെയ്തികള്‍ക്കെതിരെ പ്രതികരിക്കാനും വേണ്ടിയുള്ള ചുമതല പ്രതിപക്ഷത്തിനുണ്ട്. അതിനെ ഗൂഢാലോചനയായി ചിത്രീകരിക്കുകയാണ് ബി.ജെ.പി ഇപ്പോള്‍.

Content Highlight: Jantar Mantar 2.0: Democratic Rights to protest against Government and Allegation of BJP on Regime Change