യൂറോപ്പിലെ തെരുവുകളില്‍ വീണ്ടും പ്രതിഷേധത്തിന്റെ തീ പടരുകയാണ്. ഫ്രാന്‍സില്‍ സ്കൂളുകളിലെ സൗകര്യക്കുറവിനെതിരെ ആരംഭിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭം ജീവിതച്ചെലവിനും പൊതുസൗകര്യങ്ങളുടെ തകര്ച്ചയ്ക്കുമെതിരായ പ്രതിഷേധമായി മാറിയപ്പോള്‍, ഇറ്റലിയില്‍ വിലക്കയറ്റവും കുറഞ്ഞ വേതനവും ജനങ്ങളെ തെരുവിലിറക്കി.
സ്പെയിനിലും പോര്‍ച്ചുഗലിലും താങ്ങാനാവാത്ത വാടകയ്ക്കെതിരെ പ്രതിഷേധക്കാര്‍ നഗരമധ്യങ്ങളില്‍ തമ്പടിച്ച് പ്രതിഷേധത്തിലാണ്. അല്‍ബേനിയയില്‍ അഴിമതിയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും മുന്‍നിര്‍ത്തി പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലാണ് പ്രതിഷേധക്കാര്‍.
രാജ്യങ്ങള്‍ വ്യത്യസ്തമാവാം. പ്രതിഷേധങ്ങളുടെ കാരണങ്ങളും വ്യത്യസ്തമാവാം. എന്നാല്‍ ഈ പ്രക്ഷോഭങ്ങളിലെല്ലാം പൊതുവായി കാണുന്ന ചില ആശങ്കകളുണ്ട്. വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ്, വരുമാനവും ചെലവും തമ്മിലുള്ള വിടവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം എന്നിവയാണ് അവ.
യൂറോപ്പിലുടനീളം ജീവിതച്ചെലവിനും ഭവനപ്രതിസന്ധിക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ജനങ്ങള്‍ തെരുവിലിറങ്ങുമ്പോള്‍, ഈ പ്രതിഷേധങ്ങളെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കാനും വഴിതിരിച്ചുവിടാനുമുള്ള ശ്രമങ്ങളും ശക്തമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുതല്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയിലെ സംഘപരിവാര്‍ അനുകൂലികള്‍ വരെ, യൂറോപ്പിലെ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ മുസ്ലിങ്ങളും കുടിയേറ്റക്കാരുമാണെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. പ്രതിഷേധങ്ങളില്‍ പുതിയ തലമുറ ഫലസ്തീന് പതാകകള്‍ ഉയര്‍ത്തുന്നതും ഇവരുടെ വിമര്‍ശനങ്ങള്‍ക്ക് കാരണമാകുന്നു.
ജനങ്ങളുടെ ജീവിതപ്രശ്നങ്ങളും ഭരണകൂടങ്ങളോടുള്ള അതൃപ്തിയും ഉയര്‍ത്തുന്ന പ്രതിഷേധങ്ങളെ മതത്തിന്റെയും കുടിയേറ്റത്തിന്റെയും കണ്ണിലൂടെ മാത്രം കാണുന്നത് എന്തിനാണ്? ഇന്ത്യയില്‍ ജന്തര്‍ മന്തറില്‍ ഉയരുന്ന പ്രതിഷേധങ്ങളെപ്പോലും രാജ്യവിരുദ്ധമെന്ന് മുദ്രകുത്തുന്ന അതേ രാഷ്ട്രീയ ഭാഷ്യം യൂറോപ്പിലെ പ്രക്ഷോഭങ്ങള്‍ക്കു മേലും ചാര്‍ത്താനുള്ള ശ്രമം എന്തിനാണ്? പ്രതിഷേധങ്ങളുടെ യഥാര്‍ഥ കാരണങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ച് അവയെ മതപരമായോ കുടിയേറ്റവുമായി ബന്ധപ്പെട്ടതോ ആയ സംഘര്‍ഷങ്ങളായി അവതരിപ്പിക്കുമ്പോള്‍ മറച്ചുവെക്കപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ എന്താണ്?
2026 ഒക്ടോബര്‍ പകുതിയോടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ അരങ്ങേറിയ പ്രതിഷേധങ്ങള്‍ ജനങ്ങളുടെ അസ്വസ്ഥതകളുടെ വ്യാപ്തി വ്യക്തമാക്കുന്നുണ്ട്. യൂറോപ്പിലെ ജനാധിപത്യ രാജ്യങ്ങളില്‍ ജനങ്ങളുടെ അതൃപ്തി ഇത്തരത്തില്‍ തെരുവുകളിലേക്ക് ഒഴുകുന്നത് എന്തുകൊണ്ടാണ്?
ഫ്രാന്‍സില്‍ എന്താണ് സംഭവിക്കുന്നത്, നോക്കാം..
ഫ്രാന്‍സ്: സ്കൂളുകളില്‍നിന്ന് തെരുവുകളിലേക്ക് പടര്‍ന്ന രോഷം
ജനകീയ പ്രതിഷേധങ്ങള്‍ക്ക് ദീര്‍ഘമായ ചരിത്രമുള്ള രാജ്യമാണ് ഫ്രാന്‍സ്. തൊഴില്‍ അവകാശങ്ങള്‍ മുതല്‍ പെന്ഷന് പരിഷ്കാരം വരെയുള്ള വിഷയങ്ങളില്‍ തെരുവിലിറങ്ങി സര്‍ക്കാരുകളെ സമ്മര്‍ദത്തിലാക്കുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഫ്രഞ്ച് രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമുണ്ട്. 2026 ഒക്ടോബറിലെ പ്രതിഷേധങ്ങളും ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. എന്നാല്‍ ഇത്തവണ പ്രതിഷേധങ്ങളുടെ തുടക്കം വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളിലായിരുന്നു.
അധ്യാപകരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, ആവശ്യത്തിന് വിഭവങ്ങള്‍ ലഭിക്കാത്ത സ്കൂളുകള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. താഴ്ന്ന വരുമാനമുള്ള പ്രദേശങ്ങളിലെ സ്കൂളുകളുടെ അവസ്ഥ പ്രത്യേകിച്ചും പ്രതിഷേധക്കാര്‍ ഉയര്‍ത്തിക്കാട്ടി. സ്കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയും തെരുവുകളില്‍ പ്രകടനം നടത്തിയും ആരംഭിച്ച സമരത്തിന് പിന്നീട് തൊഴിലാളി സംഘടനകളും മറ്റ് സാമൂഹിക പ്രവര്‍ത്തകരും പിന്തുണയുമായെത്തി.

എന്നാല്‍ വിദ്യാഭ്യാസ മേഖലയിലെ പരാതികളില്‍ മാത്രം ഒതുങ്ങിയില്ല പ്രതിഷേധം. ഉയര്‍ന്ന ജീവിതച്ചെലവ്, പൊതുസേവനങ്ങളിലെ കുറവ്, കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എന്നിവയും സമരത്തിന്റെ ഭാഗമായി. അങ്ങനെ വിദ്യാര്‍ഥികളുടെ ആവശ്യങ്ങളില്‍നിന്ന് ആരംഭിച്ച പ്രക്ഷോഭം കൂടുതല്‍ വിശാലമായ സാമൂഹിക അതൃപ്തിയുടെ പ്രകടനമായി മാറി.
ഒക്ടോബര്‍ 17-ന് നടന്ന പ്രകടനങ്ങളില്‍ ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 5.5 ലക്ഷത്തിലധികം പേര് പങ്കെടുത്തു. പാരിസ്, മാര്‍സെയില്‍, ലിയോണ്‍, ബോര്‍ഡോ തുടങ്ങിയ നഗരങ്ങളില്‍ വലിയ പ്രതിഷേധം നടന്നു.
ഫ്രാന്‍സിലെ കലാപങ്ങള്‍ക്ക് കാരണം മുസ്ലിം കുടിയേറ്റമോ? ചരിത്രം പറയുന്നത് മറ്റൊന്ന്
ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളെയും സംഘര്‍ഷങ്ങളെയും കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ആവര്‍ത്തിക്കുന്ന ഒരു വാദമുണ്ട്. ഫലസ്തീനില്‍നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ രാജ്യത്തേക്ക് സ്വീകരിച്ചിരുന്നില്ലെങ്കില്‍ ഫ്രാന്‍സ് ഇന്നും സമാധാനപൂര്‍ണമായ രാജ്യമായി തുടരുമായിരുന്നു എന്നതാണ് അത്. എന്നാല്‍ ഫ്രാന്‍സിന്റെ ചരിത്രവും കുടിയേറ്റത്തിന്റെ പശ്ചാത്തലവും പരിശോധിക്കുമ്പോള്‍ ഇത്തരം വാദങ്ങള്‍ എത്രത്തോളം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നുണ്ടെന്ന ചോദ്യം ഉയരുന്നു.
ഫ്രാന്‍സിലെ മുസ്ലിം ജനസംഖ്യയുടെ ചരിത്രം ഫലസ്തീന് കുടിയേറ്റത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. 1830-ല്‍ അള്‍ജീരിയയിലെ ഫ്രാന്‍സ് അധിനിവേശത്തോടെ ആരംഭിച്ച കൊളോണിയല്‍ ബന്ധങ്ങളും പിന്നീട് രൂപപ്പെട്ട കുടിയേറ്റ പ്രവാഹങ്ങളും ഈ ചരിത്രത്തിന്റെ പ്രധാന ഭാഗമാണ്. മുസ്ലിം കുടിയേറ്റത്തിന് നൂറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ ഫ്രാന്‍സ് നിരവധി ആഭ്യന്തര കലാപങ്ങള്‍ക്കും മതസംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ഫ്രാന്‍സിന്റെ ചരിത്രത്തില്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ പോലെ ജൂതവിരുദ്ധ അക്രമങ്ങള്‍ക്കും നീണ്ട വേരുകളുണ്ട്. ഒന്നാം കുരിശുയുദ്ധത്തിന്റെ കാലത്ത് ജൂതസമൂഹങ്ങള് ആക്രമിക്കപ്പെടുകയും അവരുടെ സ്വത്തുക്കള്‍ കൊള്ളയടിക്കപ്പെടുകയും ചെയ്തിരുന്നു.
കിണറുകളില്‍ വിഷം കലര്‍ത്തിയെന്ന വ്യാജ ആരോപണങ്ങളും ജൂതര്‍ക്കെതിരായ പീഡനങ്ങള്‍ക്ക് കാരണമായി. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ആല്‍ഫ്രഡ് ഡ്രെയ്ഫസിനെതിരായ ചാരവൃത്തി ആരോപണം ഫ്രഞ്ച് സമൂഹത്തില്‍ ജൂതവിരുദ്ധത ശക്തിപ്പെടുന്നതിനും ജൂതര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്കും വഴിവെച്ചു.

മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളും ഫ്രാന്‍സിന് അപരിചിതമല്ല. പതിനാറാം നൂറ്റാണ്ടില്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മില്‍ നടന്ന മതയുദ്ധങ്ങള്‍ കൂട്ടക്കൊലകള്‍ക്കും വ്യാപകമായ അക്രമങ്ങള്‍ക്കും കാരണമായി. പിന്നീട് രണ്ടാം ലോകമഹായുദ്ധത്തിനു ശേഷവും തൊഴിലാളികളും കര്‍ഷകരും വിദ്യാര്‍ഥികളും വിവിധ ആവശ്യങ്ങളുന്നയിച്ച് തെരുവിലിറങ്ങി. 1961-ല്‍ അള്‍ജീരിയന്‍ സ്വാതന്ത്ര്യസമരത്തിന്റെ പശ്ചാത്തലത്തില്‍ പാരീസില്‍ നടന്ന പ്രതിഷേധങ്ങളെ ഫ്രഞ്ച് പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തിയതും രാജ്യത്തിന്റെ ചരിത്രത്തിലെ പ്രധാന സംഭവങ്ങളിലൊന്നാണ്.
ഫ്രാന്‍സിലെ മുസ്ലിം ജനസംഖ്യയെക്കുറിച്ചുള്ള ചര്‍ച്ചകളിലും ചരിത്രപരമായ വസ്തുതകള്‍ പരിഗണിക്കേണ്ടതുണ്ട്. രാജ്യത്തെ മുസ്ലിങ്ങളില്‍ വലിയൊരു വിഭാഗത്തിന് അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ വടക്കേ ആഫ്രിക്കന്‍ രാജ്യങ്ങളുമായും ഫ്രാന്‍സിന്റെ മുന്‍ കോളനികളുമായും ബന്ധമുണ്ട്. അതിനാല്‍ ഈ കുടിയേറ്റത്തെ ഫ്രാന്‍സിന്റെ കൊളോണിയല്‍ ചരിത്രത്തില്‍നിന്ന് വേര്‍പെടുത്തി കാണാനാവില്ല. ഫലസ്തീനില്‍നിന്നുള്ള കുടിയേറ്റമാണ് ഫ്രാന്‍സിലെ ഇന്നത്തെ സാമൂഹിക സംഘര്‍ഷങ്ങളുടെ പ്രധാന കാരണമെന്ന് വാദിക്കുന്നത് ഈ വിശാലമായ ചരിത്രത്തെ അവഗണിക്കുന്നതിന് തുല്യമാണ്.
ഫ്രാന്‍സിലെ ഫലസ്തീന് വംശജരുടെ എണ്ണവും ഈ ചര്‍ച്ചയില്‍ പ്രസക്തമാണ്. ലോകമെമ്പാടുമുള്ള ഫലസ്തീന് അഭയാര്‍ഥികളുടെയും അവരുടെ പിന്തലമുറക്കാരുടെയും എണ്ണം ദശലക്ഷങ്ങളിലാണെങ്കിലും ഫ്രാന്‍സിലുള്ള ഫലസ്തീന് വംശജരുടെ എണ്ണം അതിനേക്കാള്‍ വളരെ കുറവാണ്.
സയണിസ്റ്റ് അധിനിവേശത്തെത്തുടര്‍ന്ന് പലസ്തീനില്‍നിന്ന് പുറത്താക്കപ്പെട്ട 61 ലക്ഷം പലസ്തീന് വംശജരില്‍ (ക്രിസ്ത്യാനികളും ഉള്‍പ്പെടെ) പരമാവധി 5,000 പേര് മാത്രമാണ് ഫ്രാന്‍സിലുള്ളത്. ഫ്രഞ്ച് ജനസംഖ്യയുടെ പത്തിലൊന്ന് മുസ്ലിങ്ങളാണ്. ഇവരില്‍ 82 ശതമാനവും അള്‍ജീരിയ, മൊറോക്കോ, ടുണീഷ്യ തുടങ്ങിയ മുന്‍ ഫ്രഞ്ച് കോളനികളില്‍നിന്നും മറ്റും കുടിയേറിയവരാണ്.
അതേസമയം, ഫ്രാന്‍സില്‍ വലിയൊരു ജൂതസമൂഹവുമുണ്ട്. (4,38,500). ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങളെ വിമര്‍ശിക്കുന്നവരും ഇസ്രഈല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരും ജൂതസമൂഹത്തിലുണ്ട്.
ഫലസ്തീന് വംശജര്‍ താമസിക്കുന്ന മറ്റു രാജ്യങ്ങളുടെ അനുഭവങ്ങളും ഈ വാദത്തെ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നു. ചിലി, അമേരിക്ക, ഹോണ്ടുറാസ്, ഗ്വാട്ടിമാല, മെക്സിക്കോ തുടങ്ങിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം ഫലസ്തീന് വംശജരായ ജനവിഭാഗങ്ങളുണ്ടെന്നാണ് കണക്ക്.
അവരുടെ സാന്നിധ്യം മാത്രം ആ രാജ്യങ്ങളില്‍ കലാപങ്ങളുണ്ടാകുന്നതിന്റെ തെളിവല്ല. അതുപോലെ, ഫ്രാന്‍സിലെ പ്രതിഷേധങ്ങളെയും അക്രമങ്ങളെയും ഒരു മതവിഭാഗത്തിന്റെയോ കുടിയേറ്റക്കാരുടെയോ സാന്നിധ്യവുമായി മാത്രം ബന്ധിപ്പിക്കുന്നത് സങ്കീര്‍ണമായ സാമൂഹിക-രാഷ്ട്രീയ യാഥാര്‍ഥ്യങ്ങളെ ലളിതവല്‍ക്കരിക്കുകയാണ്.

ഫ്രാന്‍സിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ സാന്നിധ്യവും നിര്‍ണായകമാണ്. 2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. സഖ്യത്തിന് 182 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മാക്രോണിന്റെ സഖ്യത്തിന് 168 സീറ്റുകളും തീവ്ര വലതുപക്ഷമായ നാഷണല്‍ റാലിക്കും സഖ്യകക്ഷികള്‍ക്കും കൂടി 143 സീറ്റുകളും ലഭിച്ചു.
എന്നാല്‍ ഏറ്റവും വലിയ സഖ്യമായി മാറിയ ഇടതുപക്ഷത്തിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം നല്കുന്നതില് മാക്രോണ്‍ സ്വീകരിച്ച നിലപാട് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇടതുപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ അംഗീകരിക്കാതെ വിശാലമായ പിന്തുണ നേടാന്‍ കഴിയുന്ന സര്‍ക്കാര്‍ വേണമെന്ന നിലപാടാണ് മാക്രോണ്‍ സ്വീകരിച്ചത്. ഈ രാഷ്ട്രീയ നീക്കങ്ങളും തീവ്ര വലതുപക്ഷത്തിന്റെ വളര്‍ച്ചയും ഫ്രാന്‍സിലെ അധികാരരാഷ്ട്രീയത്തിലെ വൈരുധ്യങ്ങള്‍ കൂടുതല്‍ പ്രകടമാക്കി.
പ്രതിഷേധങ്ങളില്‍ ഫലസ്തീന് പതാകകള്‍ ഉയര്‍ന്നതും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പാരീസിലെ പ്ലാസ് ദെ ലാ നാസിയോണ്‍ സ്തൂപത്തില്‍ പ്രതിഷേധക്കാര്‍ ഫലസ്തീന് പതാക ഉയര്‍ത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഒക്ടോബര്‍ 17-ന് നടന്ന പ്രതിഷേധത്തിലും ഫ്രഞ്ച്, ഫലസ്തീന്, അള്‍ജീരിയന്‍ പതാകകള്‍ സ്തൂപത്തില്‍ ഉയര്‍ത്തിയിരുന്നു.
ജീവിതച്ചെലവ്, വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി, പൊതുസേവനങ്ങളുടെ അപര്യാപ്തത തുടങ്ങിയ ആവശ്യങ്ങളുമായി ആരംഭിച്ച പ്രക്ഷോഭങ്ങളില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യവും പ്രകടമായതോടെ പ്രതിഷേധങ്ങളുടെ രാഷ്ട്രീയ സ്വഭാവത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും ആക്കം കൂടി.
ഇറ്റലി: വരുമാനം തികയുന്നില്ല, ചെലവുകള്‍ കുതിക്കുന്നു
ഇറ്റലിയില്‍ ജീവിതച്ചെലവിനെതിരായ പ്രതിഷേധങ്ങള്‍ വലിയ നഗരങ്ങളെ പിടിച്ചുലയ്ക്കുകയാണ്. മെച്ചപ്പെട്ട തൊഴില്‍സാഹചര്യങ്ങള്‍, ഉയര്‍ന്ന വേതനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ഭവനം എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
‘ഇറ്റാലിയ ഇന്‍ പിയാസ’ (തെരുവുകളില്‍ ഇറ്റലി) എന്ന പേരില്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ജീവിതച്ചെലവ് വര്‍ധിക്കുന്നതിനൊപ്പം വരുമാനം അതിനനുസരിച്ച് ഉയരുന്നില്ലെന്ന പരാതിയാണ് പലരെയും തെരുവിലിറക്കിയത്.
ഇറ്റലിയിലെ പ്രതിഷേധങ്ങളില്‍ ജീവിതച്ചെലവിനും കുറഞ്ഞ വേതനത്തിനുമെതിരായ മുദ്രാവാക്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയവും യുദ്ധവിരുദ്ധവുമായ സന്ദേശങ്ങളും ഉയര്‍ന്നു.
മിലാനിലും ജെനോവയിലും നടന്ന പ്രകടനങ്ങളില്‍ ഫലസ്തീന് പതാകകള്‍ ഉയര്‍ന്നപ്പോള്‍, ജെനോവയിലും ഫ്ലോറന്‍സിലും പ്രതിഷേധക്കാര്‍ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. കുടുംബങ്ങള്‍ക്ക് കൂടുതല്‍ പണം, യുദ്ധങ്ങള്‍ക്ക് കുറവ് പണം എന്ന സന്ദേശവും പ്രതിഷേധങ്ങളില്‍ ശ്രദ്ധേയമായി. പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
മിലാന്, ടൂറിന്, ബൊളോഞ്ഞ തുടങ്ങിയ നഗരങ്ങളില്‍ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. രണ്ടു ദിവസത്തെ സംഘര്‍ഷത്തിനിടെ 271 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സുരക്ഷാസേനയിലെ 14 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബര്‍ 10-ന് മിലാന് ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ ഇസ്രഈലുമായുള്ള കരാറുകള്‍ അവസാനിപ്പിക്കണമെന്നും ഫലസ്തീനിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ സംഘടനകളുടേയും വിദ്യാര്‍ഥി കൂട്ടായ്മകളുടേയും നേതൃത്വത്തില്‍
പ്രത്യേക റാലികള്‍ നടന്നു.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ മിലാനിലേക്ക് 500 സൈനികരെ വിന്യസിക്കാനുള്ള തീരുമാനവും ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അക്രമം തടയാനും നഗരത്തിലെ സുരക്ഷ ശക്തമാക്കാനുമാണ് നടപടിയെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക ചോദ്യങ്ങള്‍ക്ക് സുരക്ഷാ നടപടികള്‍ മാത്രം ഉത്തരം നല്‍കില്ല. തൊഴില്‍ ചെയ്യുന്നവരുടെ വരുമാനം ജീവിതച്ചെലവിനൊപ്പം വളരുന്നുണ്ടോ? ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നുണ്ടോ? വീടിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുമായി വരുമാനത്തിന്റെ വലിയൊരു പങ്ക് ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം എങ്ങനെ മാറും? ഇറ്റലിയിലെ പ്രതിഷേധങ്ങള്‍ക്കു പിന്നില്‍ ഈ ചോദ്യങ്ങളുമുണ്ട്.
സ്പെയിന്; വീടെന്നത് സ്വപ്നമാകുമ്പോള്‍
യൂറോപ്പിലെ ഭവനപ്രതിസന്ധി യുവാക്കളെയും കുറഞ്ഞ വരുമാനക്കാരെയും ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രശ്നങ്ങളിലൊന്നായി മാറിയിരിക്കുന്നു. ജോലി ലഭിച്ചാലും വരുമാനത്തിന്റെ വലിയൊരു പങ്ക് വാടകയ്ക്കായി ചെലവഴിക്കേണ്ടിവരുന്ന സാഹചര്യം പല നഗരങ്ങളിലും രൂക്ഷമാണ്. സ്വന്തമായി ഒരു വീട് വാങ്ങുക എന്നത് വലിയൊരു വിഭാഗത്തിന് കൂടുതല്‍ അപ്രാപ്യമായ ലക്ഷ്യമായി മാറുകയും ചെയ്യുന്നു.
സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ ഈ പ്രതിസന്ധി തെരുവുപ്രതിഷേധങ്ങളിലേക്ക് വളര്‍ന്നു. 87 വയസ്സുകാരിയായ മാരിക്കാര്മെന് അബാസ്കലിനെ താമസിച്ചിരുന്ന വീട്ടില്‍നിന്ന് ഒഴിപ്പിച്ചതും പിന്നീട് ആശുപത്രിയില്‍വെച്ച് അവര്‍ മരിച്ചതും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് പ്രേരകമായി. വാടകവര്‍ധനയും ഭവനലഭ്യതക്കുറവും ചര്‍ച്ചയുടെ കേന്ദ്രത്തിലെത്തി.

മാഡ്രിഡിലെ ഭവനപ്രതിസന്ധിക്കെതിരായ സമരങ്ങള്‍ക്ക് ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവുമായി ബന്ധമുള്ള ചില സിവില്‍ സൊസൈറ്റി സംഘടനകളും പിന്തുണ നല്കി. വാടക നിയന്ത്രണം, കുടിയൊഴിപ്പിക്കല്‍ തടയല്‍, നിക്ഷേപ ഫണ്ടുകള്‍ വീടുകള്‍ വാങ്ങുന്നതിന് നിയന്ത്രണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രതിഷേധക്കാര്‍ ഉന്നയിച്ചത്. പാര്‍ലമെന്റില്‍ ഭവനസഹായ നടപടികള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് പൊതുപണിമുടക്കിനുള്ള ആഹ്വാനവും ഉയര്‍ന്നു.
പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യസര്‍ക്കാര്‍ ഭവനപ്രശ്നം പരിഹരിക്കാന്‍ നടപടികള്‍ നിര്‍ദേശിച്ചിരുന്നെങ്കിലും, പാര്‍ലമെന്റില്‍ അവയ്ക്ക് പിന്തുണ ലഭിച്ചില്ല. ഇതോടെ സര്‍ക്കാരിനെതിരെയും പ്രതിഷേധം ശക്തമായി. മാഡ്രിഡിലെ പ്രതിഷേധക്കാര്‍ ”പുരോഗമന സര്‍ക്കാര്‍ എവിടെ?” എന്നര്‍ഥമുള്ള മുദ്രാവാക്യവും ഉയര്‍ത്തി. ഭവനപ്രതിസന്ധി പരിഹരിക്കാത്തതില്‍ സര്‍ക്കാരിനോടുള്ള അതൃപ്തിയും ഇതിലൂടെ പ്രകടമായി.
മാഡ്രിഡിലെ അധ്യാപക സമരത്തിലും ഇടതുപക്ഷ തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ”തൊഴിലാളിവര്‍ഗത്തിന്റെ പോരാട്ടം വിജയിക്കട്ടെ”, ”കുറഞ്ഞ വിദ്യാര്‍ഥികള്‍, ഉയര്‍ന്ന വേതനം” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അധ്യാപകര്‍ ഉയര്‍ത്തി. ശമ്പളവര്‍ധന, ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ എണ്ണം കുറയ്ക്കല്‍, പൊതുവിദ്യാഭ്യാസത്തിനുള്ള കൂടുതല്‍ നിക്ഷേപം എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍.
മാഡ്രിഡിലെ പുവേര്‍ട്ട ഡെല്‍ സോള്‍ ചത്വരത്തില്‍ പ്രതിഷേധക്കാര്‍ താത്ക്കാലിക കൂടാരങ്ങള്‍ സ്ഥാപിച്ച് സമരം തുടര്‍ന്നു. മറ്റ് സ്പാനിഷ് നഗരങ്ങളിലും സമാനമായ പ്രതിഷേധക്യാമ്പുകള് രൂപപ്പെട്ടു.
പോര്‍ച്ചുഗലിലും സ്ഥിതി സമാനം
ലിസ്ബണ്‍, പോര്‍ട്ടോ തുടങ്ങിയ നഗരങ്ങളില്‍ ഉയര്‍ന്ന വാടകയ്ക്കും വീടുകളുടെ വിലയ്ക്കുമെതിരെ പ്രതിഷേധങ്ങള്‍ തുടരുകയാണ്. കുറഞ്ഞ വേതനം, പെന്ഷന്, പൊതുസേവനങ്ങള്‍ എന്നിവയിലും മെച്ചപ്പെടുത്തല്‍ വേണമെന്നാണ് തൊഴിലാളി സംഘടനകളുടെയും ഭവനാവകാശ പ്രവര്‍ത്തകരുടെയും ആവശ്യം.
പോര്‍ച്ചുഗലിലെ ഭവനപ്രതിഷേധങ്ങളിലും സാമ്പത്തിക ആവശ്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയ സന്ദേശങ്ങളും ഇടംപിടിച്ചു. ലിസ്ബണിലും പോര്‍ട്ടോയിലും നടന്ന പ്രകടനങ്ങളില്‍ ഫലസ്തീന് പതാകകള്‍ ഉയര്‍ന്നു. തൊഴിലാളി സംഘടനകളുടെ പിന്തുണയോടെ നടന്ന പ്രക്ഷോഭത്തില്‍ താങ്ങാനാവുന്ന ഭവനം, വാടക നിയന്ത്രണം, കുടിയൊഴിപ്പിക്കല്‍ തടയല്‍ തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉയര്‍ന്നത്. അതേസമയം, പോര്‍ട്ടോയിലെ പ്രതിഷേധത്തില്‍ തീവ്ര വലതുപക്ഷ സംഘാംഗങ്ങള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചെന്ന പരാതിയും ഉയര്‍ന്നിരുന്നു.

2017-നുശേഷം പോര്‍ച്ചുഗലിലെ വീടുകളുടെ വില ഇരട്ടിയിലധികമായെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുമാനത്തേക്കാള്‍ വേഗത്തില്‍ ഭവനച്ചെലവ് ഉയരുമ്പോള്‍, പ്രത്യേകിച്ച് യുവാക്കള്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും കുടുംബജീവിതം ആരംഭിക്കാനും കഴിയാതാവുന്നു.
ഇവിടെയാണ് ഭവനപ്രതിസന്ധി ഒരു സാമ്പത്തിക പ്രശ്നം മാത്രമല്ലാതാകുന്നത്. ജോലി ചെയ്യുന്ന ഒരാള്‍ക്ക് പോലും സുരക്ഷിതമായ താമസസ്ഥലം കണ്ടെത്താനാകുന്നില്ലെങ്കില്‍, സാമ്പത്തിക വളര്‍ച്ചയുടെ നേട്ടം ആര്‍ക്കാണ് ലഭിക്കുന്നത് എന്ന ചോദ്യം ഉയര്‍ന്നു.
ബെല്‍ജിയം: ക്ഷേമപദ്ധതികളിലെ വെട്ടിക്കുറയ്ക്കലിനെതിരെ തെരുവിലിറങ്ങിയവര്‍
പെന്ഷന് പരിഷ്കരണങ്ങള്‍, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍, സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കല്‍, മൂല്യവര്‍ധിത നികുതി ഉയര്‍ത്താനുള്ള നിര്‍ദേശം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ബെല്‍ജിയത്തില്‍ ജനങ്ങള്‍ തെരുവിലിറങ്ങിയത്. റെയില്‍വേ തൊഴിലാളികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍, പൊതുമേഖലാ ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ പ്രതിഷേധത്തില്‍ അണിനിരന്നു.
ബെല്‍ജിയത്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കൊപ്പം രാഷ്ട്രീയ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. ഒക്ടോബര്‍ 9-ന് ബ്രസല്‍സില്‍ നടന്ന പ്രതിഷേധത്തില്‍ തൊഴിലാളി സംഘടനകള്‍ക്കൊപ്പം ഇടതുപക്ഷ പ്രവര്‍ത്തകരും പങ്കെടുത്തു.

സര്‍ക്കാര്‍ നടപ്പാക്കുന്ന ചെലവുചുരുക്കല്‍ നടപടികളും പെന്ഷന്, തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍, പൊതുസേവനങ്ങള്‍ എന്നിവയിലെ നിയന്ത്രണങ്ങളുമായിരുന്നു പ്രതിഷേധത്തിന്റെ പ്രധാന ലക്ഷ്യം. അടുത്ത ദിവസം ബ്രസല്‍സില്‍ നടന്ന പ്രത്യേക ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയില്‍ ഇസ്രഈലുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നും ഗസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി.
ഒക്ടോബര്‍ 9ന് ബ്രസല്‍സില്‍ നടന്ന പ്രതിഷേധത്തില്‍ പൊലീസിന്റെ കണക്കനുസരിച്ച് 30,000 പേരും തൊഴിലാളി സംഘടനകളുടെ കണക്കനുസരിച്ച് 50,000 പേരും പങ്കെടുത്തു.
ഒക്ടോബര്‍ 17-ലെ വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ ഫാസിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങളും ഉയര്‍ന്നു. വ്യത്യസ്ത ആവശ്യങ്ങളുമായി നടന്ന ഈ പ്രകടനങ്ങള്‍ ബെല്‍ജിയത്തിലെ സാമ്പത്തിക നയങ്ങളോടും രാഷ്ട്രീയ സാഹചര്യങ്ങളോടുമുള്ള അതൃപ്തിയുടെ വിവിധ മുഖങ്ങളാണ് വ്യക്തമാക്കുന്നത്.
ഗ്രീസ്: ജീവിതച്ചെലവും താമസപ്രതിസന്ധിയും
ഗ്രീസിലെ പ്രതിഷേധങ്ങള്‍ക്കും യൂറോപ്പിന്റെ മറ്റു ഭാഗങ്ങളില്‍ ഉയര്‍ന്ന സമരങ്ങളുമായി സാമ്യമുണ്ട്. പൊതുവിദ്യാഭ്യാസത്തിന് കൂടുതല്‍ പണം അനുവദിക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് താങ്ങാനാവുന്ന താമസസൗകര്യം ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് ആയിരങ്ങള്‍ തെരുവിലിറങ്ങിയത്.
പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസിന്റെ മധ്യ-വലതുപക്ഷ സര്‍ക്കാരിനുനേരെയും വിമര്‍ശനമുയര്‍ന്നു. വിദ്യാര്‍ഥികളുടെ വാടകസഹായം താമസച്ചെലവിന് മതിയാകുന്നില്ലെന്ന പരാതിക്കൊപ്പം, സ്കൂളുകളിലെ സൗകര്യക്കുറവും അധ്യാപകരുടെ ഒഴിവുകളും ചര്‍ച്ചയായി.

ശമ്പളവും ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടി അധ്യാപകരും ചില ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുത്തതോടെ, ജീവിതച്ചെലവിനൊപ്പം പൊതുസേവനങ്ങളുടെ നിലവാരവും പ്രതിഷേധങ്ങളുടെ പ്രധാന വിഷയമായി
ഒക്ടോബര്‍ 20, 21 തീയതികളില്‍ ഗ്രീസിലെ വിവിധ നഗരങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും തൊഴിലാളി സംഘടനകളും പ്രതിഷേധങ്ങളും പണിമുടക്കുകളും പ്രഖ്യാപിച്ചു.
ഇറാന് യുദ്ധത്തെത്തുടര്‍ന്നുള്ള ഊര്‍ജവില വര്‍ധനയും പണപ്പെരുപ്പവും ഗ്രീസിലെ കുടുംബങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും സാമ്പത്തിക സമ്മര്‍ദം വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ ആഘാതം ലഘൂകരിക്കുന്നതിനായി പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാക്കിസിന്റെ സര്‍ക്കാര്‍ സബ്സിഡികളും മറ്റ് സാമ്പത്തിക സഹായങ്ങളുമായി ഏകദേശം ഒരു ബില്യണ്‍ യൂറോ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
എന്നാല്‍, ഉയര്‍ന്ന വാടകയും ജീവിതച്ചെലവും ശമ്പളത്തിലെ വര്ധനവില്ലായ്മയും നേരിടുന്ന ജനങ്ങള്‍ക്ക് ഇത്തരം നടപടികള്‍ മതിയാകുന്നുണ്ടോ എന്ന ചോദ്യവും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്നു.
സെര്‍ബിയ: വിദ്യാര്‍ഥി കൂട്ടായ്മ മത്സരരംഗത്തേക്ക്
മറ്റു രാജ്യങ്ങളിലെ ജീവിതച്ചെലവുമായി ബന്ധപ്പെട്ട സമീപകാല പ്രതിഷേധങ്ങളില്‍നിന്ന് വ്യത്യസ്തമായ പശ്ചാത്തലമാണ് സെര്‍ബിയയിലേത്. 2024 നവംബറില്‍ നോവി സാദിലെ റെയില്‍വേ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് 16 പേര് മരിച്ചതിനു പിന്നാലെയാണ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്.
നിര്‍മാണപ്രവൃത്തികളിലെ അഴിമതിയും ഭരണത്തിലെ ഉത്തരവാദിത്തമില്ലായ്മയും ദുരന്തത്തിനു പിന്നിലുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ, പ്രക്ഷോഭം നീതിയും സുതാര്യതയും ജനാധിപത്യ സംവിധാനങ്ങളുടെ ഉത്തരവാദിത്തവും ആവശ്യപ്പെടുന്ന രാജ്യവ്യാപക പ്രസ്ഥാനമായി വളര്‍ന്നു. ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഭരണകൂടത്തിലെ അഴിമതി അവസാനിപ്പിക്കണമെന്നുമുള്ള ആവശ്യങ്ങള്‍ക്കൊപ്പം, തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും പിന്നീട് ഉയര്‍ന്നു.

അലക്സാണ്ടര്‍ വുസിച്ചിന്റെ നേതൃത്വത്തിലുള്ള മധ്യ-വലതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടിയായ സെര്‍ബിയന്‍ പ്രോഗ്രസീവ് പാര്‍ട്ടി 2012 മുതല്‍ രാജ്യത്തെ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്നതിനിടെയാണ് വിദ്യാര്‍ഥി പ്രസ്ഥാനം ശക്തമായ വെല്ലുവിളിയായി മാറിയത്. ഭരണകൂടം മാധ്യമങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നുവെന്ന വിമര്‍ശനങ്ങളും പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുണ്ട്.
2026 ഒക്ടോബര്‍ 21-ലെ ദി ഗാര്ഡിയന് റിപ്പോര്‍ട്ട് പ്രകാരം, പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍നിന്ന് മാറിനിന്ന വിദ്യാര്‍ഥി പ്രസ്ഥാനം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ഥിപ്പട്ടികയുമായി രംഗത്തെത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 25-ന് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയെ നേരിടാനുള്ള നീക്കം, തെരുവിലെ പ്രതിഷേധത്തെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിക്കുന്ന നിര്‍ണായക ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.
ജര്‍മ്മനി മുതല്‍ ഓസ്ട്രിയ വരെ: വിദ്യാഭ്യാസത്തിന്റെ ഭാവിയെച്ചൊല്ലി ആശങ്കയോടെ വിദ്യാര്‍ഥികള്‍
യൂറോപ്പിലെ പ്രതിഷേധങ്ങള്‍ ഫ്രാന്‍സിലും ബെല്‍ജിയത്തിലും മാത്രം ഒതുങ്ങുന്നില്ല. ജര്‍മ്മനിയിലും ഓസ്ട്രിയയിലും വിദ്യാഭ്യാസ മേഖലയിലെ സാമ്പത്തിക പ്രതിസന്ധികള്‍ക്കെതിരെ വിദ്യാര്‍ഥി സംഘടനകളും അധ്യാപകരും സര്‍വകലാശാലാ ജീവനക്കാരും രംഗത്തുണ്ട്.
ജര്‍മ്മനിയില്‍ വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുക, അധ്യാപകരുടെ കുറവ് പരിഹരിക്കുക, സ്കൂളുകളിലെ പഠനസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും തൊഴിലാളി സംഘടനകളും പ്രതിഷേധങ്ങളില്‍ പങ്കുചേര്‍ന്നത്.

ഓസ്ട്രിയയില്‍ സര്‍വകലാശാലകള്‍ക്കുള്ള ധനസഹായം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെയാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിക്കുന്നത്. 2028-2030 കാലയളവില്‍ സര്‍വകലാശാലകള്‍ക്ക് ആവശ്യമായ 18 ബില്യണ്‍ യൂറോയ്ക്ക് പകരം ഏകദേശം 16 ബില്യണ്‍ യൂറോ മാത്രമാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതെന്നാണ് ഓസ്ട്രിയന്‍ നാഷണല്‍ യൂണിയന് ഓഫ് സ്റ്റുഡന്റ്സ് ചൂണ്ടിക്കാട്ടുന്നത്.
ഇതിലൂടെ അധ്യാപനം, വിദ്യാര്‍ഥികള്‍ക്കുള്ള പിന്തുണ, സര്‍വകലാശാലകളിലെ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവയെല്ലാം ബാധിക്കുമെന്ന ആശങ്കയും സംഘടന ഉയര്‍ത്തുന്നു. ഒക്ടോബര്‍ 16-ന് ബെര്‍ലിനിലെ ചില സ്കൂളുകള്‍ക്കു മുന്നില്‍ നടന്ന വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍ ഫ്രീ ഫലസ്തീന് മുദ്രാവാക്യങ്ങളും ഉയര്‍ന്നു.
ജര്‍മനിയില്‍ വിദ്യാഭ്യാസത്തിനും സാമൂഹിക ക്ഷേമത്തിനും കൂടുതല്‍ പണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍, ഉക്രൈന് നല്കുന്ന സാമ്പത്തിക-സൈനിക സഹായവും രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട്. വിദ്യാഭ്യാസത്തിനും രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും പണം കുറയ്ക്കുമ്പോള്‍ ഉക്രൈന് സഹായത്തിനായി കോടിക്കണക്കിന് യൂറോ ചെലവഴിക്കുന്നതിനെതിരെ ഇടതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടിയായ ബിഎസ്ഡബ്ല്യു (BSW), തീവ്രവലതുപക്ഷ പാര്‍ട്ടിയായ അള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (AfD), എന്നിവ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.
ജര്‍മന്‍ സര്‍ക്കാര്‍ ഉക്രൈന് നല്കിയതോ നല്കാന് മാറ്റിവെച്ചതോ ആയ സഹായമായി കണക്കാക്കുന്ന 100 ബില്യണ്‍ യൂറോയില്‍ ഏകദേശം 41.7 ബില്യണ്‍ യൂറോ മാത്രമാണ് ഉക്രൈനിലേക്കുള്ള നേരിട്ടുള്ള സഹായമായി കണക്കാക്കാനാകുക. ഏകദേശം 35.9 ബില്യണ്‍ യൂറോ ജര്‍മനിക്കുള്ളില്‍, പ്രധാനമായും ഉക്രൈന് അഭയാര്‍ഥികള്‍ക്കുള്ള സഹായത്തിനായാണ് ചെലവഴിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂറോപ്പിലെ തെരുവുകളില്‍ ഉയരുന്ന മുദ്രാവാക്യങ്ങള്‍ ജീവിതച്ചെലവിലും തൊഴിലിലും വിദ്യാഭ്യാസത്തിലും ഒതുങ്ങുന്നില്ല. ഫലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യവും ഇസ്രഈലിന്റെ നടപടികളോടുള്ള എതിര്‍പ്പും പല യൂറോപ്യന്‍ നഗരങ്ങളിലും പ്രതിഷേധങ്ങളുടെ ഭാഗമായി തുടരുന്നു. ബ്രസല്‍സില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലികള്‍ നടന്നപ്പോള്‍ ജര്‍മനി, ബ്രിട്ടന്, നെതര്‍ലന്‍ഡ്സ് എന്നിവിടങ്ങളിലും ആയിരണങ്ങള്‍ അണിനിരന്ന ഫലസ്തീന് അനുകൂല റാലികള്‍ നടന്നു.
ചില സാമ്പത്തിക-സാമൂഹിക പ്രതിഷേധങ്ങളിലും ഫലസ്തീന് പതാകകളും മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ടു. ആഭ്യന്തര അസമത്വത്തെയും പൊതുസേവനങ്ങളിലെ പ്രതിസന്ധിയെയും ചോദ്യം ചെയ്യുന്ന പ്രതിഷേധങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര വിഷയങ്ങളോടുള്ള എതിര്‍പ്പും ചിലയിടങ്ങളില്‍ ഒരുമിച്ചെത്തുന്നതിന്റെ സൂചനയാണിത്.
യുദ്ധവും ഉപരോധങ്ങളും സൃഷ്ടിക്കുന്ന സാമ്പത്തിക സമ്മര്‍ദം
യൂറോപ്പിലെ ജീവിതച്ചെലവ് പ്രതിസന്ധിയെ റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍നിന്ന് വേര്‍തിരിച്ചുകാണാനാവില്ല. 2022-ല്‍ റഷ്യ ഉക്രൈനെ ആക്രമിച്ചതിനു പിന്നാലെ റഷ്യയ്ക്കെതിരെ വന്ന ഉപരോധം കാരണം യൂറോപ്പില്‍ ഊര്‍ജവില കുത്തനെ ഉയര്‍ന്നു. ഊര്‍ജച്ചെലവിലെ വര്‍ധന ഗതാഗതം, ഉല്‍പ്പാദനം, ഭക്ഷ്യവില തുടങ്ങിയ മേഖലകളിലും പ്രതിഫലിച്ചു. പിന്നീട് വിലക്കയറ്റത്തിന്റെ വേഗം കുറഞ്ഞെങ്കിലും സാധനങ്ങളുടെയും സേവനങ്ങളുടെയും വില പഴയ നിലയിലേക്ക് മടങ്ങിയില്ല.
റഷ്യയ്ക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളും റഷ്യന്‍ ഊര്‍ജത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനങ്ങളും യൂറോപ്പിലെ ഊര്‍ജവില വര്‍ധനവിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമായ പ്രധാന ഘടകങ്ങളിലൊന്നാണ്. റഷ്യയില്‍ നിന്നുള്ള ഊര്‍ജവിതരണത്തിലെ കുറവും ബദല്‍ സ്രോതസ്സുകളെ ആശ്രയിക്കേണ്ടിവന്നതും ഊര്‍ജവിപണിയില്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു. ഇത് ജീവിതച്ചെലവ് ഉയരുന്നതിനും ജനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനും കാരണമായി.
ഈ സാമ്പത്തിക സമ്മര്‍ദം ഇതിനകം തന്നെ വാടകയും ഭക്ഷണവും ഗതാഗതവും വിദ്യാഭ്യാസവും താങ്ങാന്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് അധികഭാരമാകുകയും ചെയ്തു.
അല്‍ബേനിയ: അഴിമതിക്കെതിരായ രോഷവും യുവാക്കളുടെ പ്രതിഷേധവും
യൂറോപ്പിലെ മറ്റ് രാജ്യങ്ങളില്‍ ജീവിതച്ചെലവും ഭവനപ്രതിസന്ധിയും പ്രതിഷേധങ്ങളുടെ പ്രധാന കാരണങ്ങളാകുമ്പോള്‍, അല്‍ബേനിയയില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളും അഴിമതിക്കെതിരായ രോഷവും സര്‍ക്കാരിനെതിരായ പ്രക്ഷോഭത്തിന് ശക്തിപകരുന്നു.
പ്രധാനമന്ത്രി എഡി രാമയുടെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് പാര്‍ട്ടി സര്‍ക്കാരിനെതിരെയാണ് തലസ്ഥാനമായ ടിറാനയില്‍ പ്രതിഷേധം ശക്തമായത്. പാര്‍ട്ടി സോഷ്യലിസ്റ്റ് എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കിലും, സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ നവലിബറല്‍ സ്വഭാവമുള്ളതാണെന്നും പൊതുസേവനങ്ങളെക്കാള് സ്വകാര്യ നിക്ഷേപങ്ങള്‍ക്കും വന്‍കിട വികസന പദ്ധതികള്‍ക്കും മുന്‍ഗണന നല്കുന്നതാണെന്നുതുമാണ് വസ്തുത.
ഉയര്‍ന്ന ട്യൂഷന് ഫീസ്, സര്‍വകലാശാലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, തൊഴിലവസരങ്ങളുടെ അഭാവം, അഴിമതി എന്നിവയില്‍ പ്രതിഷേധിച്ചാണ് ഹൈസ്കൂള്‍, സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നത്. ആരോഗ്യസംരക്ഷണം, പെന്ഷന്, പൊതുസേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ആശങ്കകളും പ്രതിഷേധങ്ങളുടെ ഭാഗമാണ്.

പരിസ്ഥിതിലോലമായ സസാന്‍ ദ്വീപില്‍ ആഡംബര വിനോദസഞ്ചാര കേന്ദ്രം നിര്‍മിക്കാനുള്ള പദ്ധതിക്കെതിരായ പ്രതിഷേധവും പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന് ജാരെഡ് കുഷ്നറുമായി ബന്ധമുള്ള നിക്ഷേപക സ്ഥാപനത്തിന്റെ പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നതിനെതിരെ വിമര്‍ശനമുയര്‍ന്നു. പൊതുഭൂമിയും പ്രകൃതിവിഭവങ്ങളും സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് വിട്ടുനല്‍കുന്നതിനെതിരായ ഈ പ്രതിഷേധം പിന്നീട് അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്നു.
തെരുവിലെ രോഷത്തിന് പരിഹാരമെന്ത്?
യൂറോപ്പിലെ വിവിധ രാജ്യങ്ങളിലെ പ്രതിഷേധങ്ങള്‍ ഒരു കാര്യം വ്യക്തമാക്കുന്നു, സാമൂഹിക അസ്വസ്ഥതയെ ക്രമസമാധാന പ്രശ്നമായി മാത്രം കാണാനാവില്ല. പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ പൊലീസ് നടപടികള്‍ക്കും നിയമപരമായ ഇടപെടലുകള്‍ക്കും സ്ഥാനമുണ്ടെങ്കിലും, അവയ്ക്ക് പിന്നിലെ പ്രശ്നങ്ങള്‍ പരിഹരിക്കാതെ ദീര്‍ഘകാല ശാന്തി ഉറപ്പാക്കുക ബുദ്ധിമുട്ടാണ്.
യൂറോപ്പിലെ പ്രതിഷേധങ്ങളെ ആഭ്യന്തര സാമ്പത്തിക പ്രശ്നങ്ങളില്‍ മാത്രം ഒതുക്കാനാവില്ല. ഫലസ്തീനിലെ യുദ്ധവും ഇസ്രഈലിനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയും ആയുധക്കയറ്റുമതിയും സംബന്ധിച്ച ചോദ്യങ്ങള്‍ പല രാജ്യങ്ങളിലും പ്രതിഷേധങ്ങള്‍ക്ക് രാഷ്ട്രീയ മാനം നല്‍കിയിട്ടുണ്ട്.
ഗസയിലെ മനുഷ്യാവകാശ പ്രതിസന്ധിക്കെതിരെയും വെടിനിര്‍ത്തലിനായും ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും നടക്കുന്ന സമരങ്ങള്‍, യൂറോപ്യന്‍ സര്‍ക്കാരുകളുടെ വിദേശനയങ്ങളെയും അവയുടെ ധാര്‍മിക ഉത്തരവാദിത്തത്തെയും ചോദ്യം ചെയ്യുന്നു.
റഷ്യ-ഉക്രൈന് യുദ്ധവും യൂറോപ്പിന്റെ രാഷ്ട്രീയ-സാമ്പത്തിക ചര്‍ച്ചകളില്‍ പ്രധാന വിഷയമാണ്. ഉക്രൈന് നല്കുന്ന സൈനികവും സാമ്പത്തികവുമായ സഹായം, പ്രതിരോധച്ചെലവിലെ വര്‍ധന, ഊര്‍ജവിലയിലെ മാറ്റങ്ങള്‍, യുദ്ധത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
ഇതിനൊപ്പം യൂറോപ്പിന്റെ പല ഭാഗങ്ങളിലും ഇടതുപക്ഷ സംഘടനകളും തൊഴിലാളി യൂണിയനുകളും വിദ്യാര്‍ഥി കൂട്ടായ്മകളും സാമൂഹിക പ്രസ്ഥാനങ്ങളും വീണ്ടും സജീവമാകുന്നതും ശ്രദ്ധേയമാണ്. വാടക നിയന്ത്രണം, പൊതുവിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും കൂടുതല്‍ ഫണ്ട്, തൊഴിലാളികളുടെ അവകാശങ്ങള്‍, സമ്പത്തിന്റെ അസമമായ വിതരണം, യുദ്ധവിരുദ്ധ നിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇവയില്‍ പലതും മുന്നോട്ടുവെക്കുന്നത്.

മറുവശത്ത്, കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും കുറ്റപ്പെടുത്തുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയവും പല രാജ്യങ്ങളിലും ശക്തമാണ്. സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കും പൊതുസേവനങ്ങളിലെ സമ്മര്‍ദങ്ങള്‍ക്കും കുടിയേറ്റക്കാരെ ഉത്തരവാദികളാക്കുന്ന വാദങ്ങള്‍ ജനശ്രദ്ധ നേടുമ്പോഴും, ഭവനക്ഷാമം, കുറഞ്ഞ വേതനം, പൊതുമേഖലയിലെ നിക്ഷേപക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുടെ യഥാര്‍ഥ കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. പ്രതിഷേധങ്ങളില്‍ ഉയരുന്ന ആവശ്യങ്ങളെ അവയുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തില്‍നിന്ന് വേര്‍പെടുത്തി കാണുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കില്ല.
ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താന്‍ കഴിയാത്ത സാമ്പത്തിക വളര്‍ച്ചയ്ക്കും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാത്ത ജനാധിപത്യ സംവിധാനത്തിനും എത്രകാലം വിശ്വാസം നിലനിര്‍ത്താനാകും? പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കു പകരം രാഷ്ട്രീയ താല്പര്യങ്ങള്ക്കാണ് മുന്‍ഗണനയെന്ന തോന്നല്‍ ശക്തമാകുമ്പോള്‍ ഭരണകൂടങ്ങളോടുള്ള അവിശ്വാസവും വര്‍ധിക്കും. യൂറോപ്പിലെ തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ സര്‍ക്കാരുകളോട് ഉന്നയിക്കുന്ന അടിസ്ഥാന ചോദ്യം ഇതാണ്, സാമ്പത്തിക വളര്‍ച്ചയും രാഷ്ട്രീയ തീരുമാനങ്ങളും സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് സൃഷ്ടിക്കുന്നത്?
ഈ ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് മുദ്രാവാക്യങ്ങളിലൂടെയല്ല, ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമാകുന്ന മാറ്റങ്ങളിലൂടെയാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസം, താങ്ങാനാവുന്ന ഭവനം, സുരക്ഷിതമായ തൊഴില്‍, ശക്തമായ പൊതുസേവനങ്ങള്‍, സുതാര്യമായ ഭരണം, വിദേശനയത്തില്‍ ഉത്തരവാദിത്തം എന്നിവ ഉറപ്പാക്കാന്‍ കഴിയുമ്പോഴാണ് തെരുവുകളില്‍ ഉയരുന്ന രോഷത്തെ വിശ്വാസത്തിലേക്ക് മാറ്റാനാവുക.
യൂറോപ്പിലെ പ്രതിഷേധങ്ങള്‍ സാമ്പത്തിക വിഷയങ്ങളില്‍ ഒതുങ്ങുന്നില്ല. അവ രാഷ്ട്രീയ സംവിധാനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ചോദ്യങ്ങളായും മാറുകയാണ്. ഇത്തരം സാഹചര്യങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ക്കും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ക്കും പിന്തുണ വര്‍ധിപ്പിക്കാനുള്ള അവസരമൊരുക്കാം. ജനങ്ങളുടെ സാമ്പത്തിക നിരാശയെ കുടിയേറ്റം, സുരക്ഷ, ദേശീയ സ്വത്വം തുടങ്ങിയ വിഷയങ്ങളുമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാനും അവര്‍ ശ്രമിച്ചേക്കാം. ഫ്രാന്‍സിലെ പ്രതിഷേധങ്ങള്‍ക്കിടെ കുടിയേറ്റക്കാരെ കുറ്റപ്പെടുത്തിയുള്ള ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്.
Content Highlight: Dool In-Depth: From France to Albania, Flags Rise as Social Unrest Takes Europe to the Streets
