2026 ഐ.പി.എല്‍ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പ് മത്സരങ്ങളെല്ലാം അവസാനിച്ചപ്പോള്‍ കിരീട പോരില്‍ ഇനി നാല് ടീമുകള്‍ മാത്രമാണ് ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളാണ് പ്ലേ ഓഫിന് യോഗ്യത നേടിയത്.
നാലാം സ്ഥാനത്തിന് വേണ്ടി കടുത്ത പോരാട്ടമാണ് നടന്നിരുന്നത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് രാജസ്ഥനോട് പരാജയപ്പെട്ടതോടെ 15 പോയിന്റുള്ള പഞ്ചാബ് കിങ്‌സ് പുറത്തായിരുന്നു. രാജസ്ഥാന്റെ വിജയത്തോടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും പുറത്തായി.
പ്ലേ ഓഫില്‍ ഇടം നേടാന്‍ സാധിച്ചില്ലെങ്കിലും ഒരു തകര്‍പ്പന്‍ റെക്കോഡില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ശ്രേയസ് അയ്യരും സംഘവും. ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ടീമായാണ് പഞ്ചാബ് മാറിയത്.
163 സിക്‌സുകളാണ് ഈ വര്‍ഷം പഞ്ചാബ് താരങ്ങള്‍ അടിച്ചുകൂട്ടിയത്. ഈ സീസണില്‍ തന്നെ 162 സിക്‌സുകള്‍ നേടിയ ഹൈദരാബാദിനെ മറികടന്നാണ് പഞ്ചാബ് ഒന്നാമതായത്. വെറും ഒറ്റ സിക്‌സിന്റെ മുന്‍തൂക്കത്തിലാണ് പഞ്ചാബ് ഒന്നാം സ്ഥാനത്തെത്തിയത്.
ഐ.പി.എല്ലില്‍ ഒരു സീസണില്‍ ഗ്രൂപ്പ് സ്റ്റേജില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ടീം, സിക്‌സുകളുടെ എണ്ണം, വര്‍ഷം
പഞ്ചാബ് കിങ്സ്-163-2026
സണ്‍റൈസേഴ്സ് ഹൈദരാബാദ്-162-2026
സണ്‍റൈസേഴ്സ് ഹൈദരാബാദ്-2024
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു-157-2024
ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ്-152-2025
രാജസ്ഥാന്‍ റോയല്‍സ്-150-2026
അതേസമയം മെയ് 26നാണ് ക്വാളിഫയര്‍ പോരാട്ടങ്ങള്‍ക്ക് തുടക്കമാവുന്നത്. ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റന്‍സുമാണ് ഏറ്റുമുട്ടുന്നത്.
മെയ് 27ന് നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. മെയ് 29നാണ് രണ്ടാം ക്വാളിഫയര്‍ നടക്കുന്നത്. കലാശപ്പോരാട്ടം മെയ് 31നും നടക്കും. പ്ലേ ഓഫിലേക്ക് കടന്ന് നാല് ടീമുകളും ഇതിന് മുമ്പ് കിരീടം നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നാല് ടീമുകളും തങ്ങളുടെ രണ്ടാം ഐ.പി.എല്‍ കിരീടമായിരിക്കും ലക്ഷ്യം വെക്കുക.
Content Highlight: Punjab Kings set a huge record in ipl 2026