പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന; നായ ആക്രമിച്ചാല്‍ ഉത്തരവാദിത്തം ഉടമസ്ഥര്‍ക്ക്: കര്‍ണാടക ഹൈക്കോടതി
India
പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന; നായ ആക്രമിച്ചാല്‍ ഉത്തരവാദിത്തം ഉടമസ്ഥര്‍ക്ക്: കര്‍ണാടക ഹൈക്കോടതി
നിഷാന. വി.വി
Wednesday, 8th July 2026, 3:07 pm

ഹൈദരാബാദ്: വളര്‍ത്ത് നായകള്‍ മനുഷ്യരെ ആക്രമിച്ചാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉടമസ്ഥര്‍ക്കായിരിക്കുമെന്ന് കര്‍ണാടക ഹൈക്കോടതി. പൊതുജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രധാന്യമെന്നും വളര്‍ത്തുമൃഗങ്ങളെ നിയന്ത്രിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഉടമസ്ഥര്‍ക്ക് ക്രിമിനല്‍ നടപടികളില്‍ നിന്ന് ഒഴിഞ്ഞ് മാറാനാവില്ലെന്നും കോടതി പറഞ്ഞു.

ബെംഗളൂരു ഇന്ദിരാ നഗര്‍ സ്വദേശിയായ ലളിതാ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ജസ്റ്റിസ് എം. നാഗപ്രസന്നയുടെ ഉത്തരവ്. ഇവരുടെ നായ മറ്റൊരു സ്ത്രീയെ ആക്രമിച്ച് മുഖത്ത് പരിക്കേല്‍പ്പിച്ചിരുന്നു.

ഈ വിഷയത്തില്‍ പൊലീസ് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറും ക്രിമിനല്‍ നടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഉടമ കോടതിയെ സമീപിച്ചത്.

എന്നാല്‍ കേസ് റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഉടമ ഹര്‍ജി പിന്‍വലിക്കുകയായിരുന്നു.

മൃഗങ്ങളെ പരിപാലിക്കുന്നതിലെ അശ്രദ്ധ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 291 പ്രകാരമാണ് ഉടമസ്ഥയ്‌ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. നായ ശാന്ത സ്വഭാവമുള്ളതാണെന്ന വാദവും കോടതി അംഗീകരിച്ചില്ല. വളര്‍ത്തുമൃഗങ്ങള്‍ മറ്റുള്ളവര്‍ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉടമസ്ഥര്‍ക്ക് കര്‍ശന ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.

Content Highlight: Public safety is the priority; owners are liable if a dog attacks: Karnataka High Court.

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.