ഗുരുഗ്രാം: ഹരിയാനയിലെ ഹാൻസി ജില്ലയിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് അതിക്രമം. മുഖ്യമന്ത്രി നയാബ് സിങ് സൈനി പങ്കെടുത്ത ചടങ്ങിൽ പ്രതിഷേധിച്ച കർഷകർക്കെതിരെയാണ് പൊലീസ് ആക്രമണം അഴിച്ചുവിട്ടത്.
ക്ഷീരകർഷകന്റെ കൊലപാതകത്തിൽ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചെത്തിയ കർഷകരെ പൊലീസ് അക്രമിക്കുകയായിരുന്നു. പ്രതിഷേധിച്ച പത്ത് കർഷകരെ കലാപശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധത്തിനിടെ ജില്ലാ പൊലീസ് മേധാവി കർഷകർക്ക് നേരെ കല്ലെറിയുന്ന ചിത്രങ്ങളും പുറത്തുവന്നു. സംഭവത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റു.
ഓഗസ്റ്റ് നാലിനായിരുന്നു ഹിസാറിലെ ഡയറി ഉടമയായ ജീവൻ ഗുണ്ടുവിനെ ഒരു സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ ഒൻപത് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ മുഖ്യപ്രതി രമേശ് ശർമ ഇപ്പോഴും ഒളിവിലാണ്.
ചാണകം കളയാനായി പോയ ജീവൻ ഗുണ്ടുവിനെ 12 പേരടങ്ങുന്ന സംഘം വടിയും വാളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. മർദ്ദനമേറ്റ ഗുണ്ടു ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
പ്രധാന പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച്, കൊല്ലപ്പെട്ട ജീവന്റെ മൃതദേഹം സംസ്കരിക്കാതെ കർഷകരുടെ പ്രതിഷേധം തുടരുകയാണ്. പ്രധാന പ്രതി രമേശ് ശർമയ്ക്ക് ഉച്ചന ബി.ജെ.പി എം.എൽ.എ ദേവേന്ദർ ആട്രിയുമായി ബന്ധമുണ്ടെന്നും, എം.എൽ.എ പ്രതിയെ സംരക്ഷിക്കുകയാണെന്നും പ്രതിഷേധ സമിതി അംഗം സുരേഷ് കോത്ത് ആരോപിച്ചു.
എന്നാൽ ഈ ആരോപണം ദേവേന്ദർ ആട്രി നിഷേധിച്ചു. ശർമ തന്റെ നാട്ടുകാരനാണെന്നും, കൊലപാതകക്കുറ്റം ചുമത്തപ്പെട്ടവരെ സംരക്ഷിക്കുന്ന പാരമ്പര്യം തന്റെ കുടുംബത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്ക് നേരെ പൊലീസ് നടത്തിയത് അതിക്രമമാണെന്ന് ചൂണ്ടിക്കാട്ടി, ബി.ജെ.പി സർക്കാരിന്റെ നടപടിയെ സി.പി.ഐ (എം) ഹരിയാന സംസ്ഥാന സെക്രട്ടറിയേറ്റ് അപലപിച്ചു. കോൺഗ്രസ്, ജെ.ജെ.പി പാർട്ടികളും സർക്കാരിനെതിരെ രംഗത്തുവന്നു.
പൊലീസ് അതിക്രമത്തെ സംയുക്ത കിസാൻ മോർച്ചയും അഖിലേന്ത്യാ കിസാൻ സഭയും അപലപിച്ചു. അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരെ ഉടനടി മോചിപ്പിക്കണമെന്നും, കേസിലെ പ്രധാന പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.
Content Highlight: Protest Against Chief Minister: Police Assault Farmers on Independence Day