ഒട്ടും ഹൈപ്പില്ലാതെ വന്ന് ബോളിവുഡില്‍ ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം സ്വന്തമാക്കിയ ചിത്രമായിരുന്നു ധുരന്ധര്‍. റിലീസ് ചെയ്ത് ആദ്യ ആഴ്ചയില്‍ ആളുകള്‍ കാണാത്ത അവസ്ഥയില്‍ നിന്ന് ബോക്‌സ് ഓഫീസില്‍ 1300 കോടിയിലേറെ സ്വന്തമാക്കാന്‍ സാധിച്ചു. രണ്ടാം ഭാഗത്തിന് വന്‍ ഹൈപ്പ് സൃഷ്ടിച്ചുകൊണ്ടായിരുന്നു ധുരന്ധര്‍ അവസാനിച്ചത്.

പ്രീ റിലീസില്‍ റെക്കോഡ് സൃഷ്ടിച്ചുകൊണ്ട് ധുരന്ധര്‍ 2 തിയേറ്ററിലെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രീമിയറിനും വന്‍ വരവേല്പായിരുന്നു ലഭിച്ചത്. ആദ്യഭാഗത്തെക്കാള്‍ ഇരട്ടി ഡോസിലുള്ള വയലന്‍സും ആക്ഷനും തന്നെയാണ് ധുരന്ധര്‍ പാര്‍ട്ട് 2: റിവഞ്ചിന്റെ ഹൈലൈറ്റ്. നാല് മണിക്കൂറിനടുത്ത് ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഗംഭീര പ്രതികരണമാണ് വരുന്നത്.

ആദ്യഭാഗം എവിടെ നിര്‍ത്തിയോ അവിടെ നിന്ന് പടം തുടങ്ങുന്നുണ്ട്. ല്യാരി നഗരത്തിന്റെ അധിപനില്‍ ഒതുങ്ങി നില്‍ക്കാതെ ഷേര്‍ ഇ ബലോച്ചായി ഹംസ മാറുന്നതും തന്റെ പ്രതികാരം പൂര്‍ത്തിയാക്കുന്നതുമെല്ലാമാണ് ചിത്രത്തിന്റെ കഥ. എന്നാല്‍ നാല് മണിക്കൂറിനടുത്ത് പ്രേക്ഷകരെ എന്‍ഗേജ് ചെയ്യിക്കുന്നതിനൊപ്പം സംവിധായകന്‍ തന്റെ പ്രൊപ്പഗണ്ട സിനിമയില്‍ പലയിടത്തും തിരുകി വെച്ചിട്ടുണ്ട്.

ആദ്യഭാഗത്തില്‍ ചെറിയ രീതിയില്‍ സംഘപരിവാറിന്റെ സ്‌പെഷ്യല്‍ രാജ്യസ്‌നേഹത്തെ തലോടിയാണ് പോകുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ നല്ല രീതിയില്‍ മുഴച്ചുനില്‍ക്കുന്ന തരത്തിലാണ് ആദിത്യ ധര്‍ പ്രൊപ്പഗണ്ട കുത്തിക്കയറ്റിയത്. നോട്ട് നിരോധനത്തെ കടുത്ത സംഘപരിവാര്‍ അനുകൂലികള്‍ ന്യായീകരിക്കുന്നതിനെക്കാള്‍ വലിയ രീതിയില്‍ സംവിധായകന്‍ വെള്ള പൂശിയിട്ടുണ്ട്.

ചിത്രത്തിലെ നായകനായ രണ്‍വീര്‍ സിങ്ങിനെക്കാള്‍ സംവിധായകന്‍ ബൂസ്റ്റ് ചെയ്തത് നരേന്ദ്ര മോദിയെയാണ്. 2014ല്‍ മോദി സത്യപ്രതിജ്ഞ ചെയ്യുന്നത് കണ്ട് പാകിസ്ഥാനിലെ തീവ്രവാദി നേതാക്കള്‍ നിരാശരാകുന്നതും തങ്ങളുടെ ഭാവി പദ്ധതികള്‍ തകരുമോ എന്ന് പേടിക്കുന്നതുമെല്ലാം സങ്കിയല്ലാത്തവര്‍ക്ക് കോമഡിയായി തോന്നുമെന്ന് ഉറപ്പാണ്.

‘ചായ്‌വാല’ എന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഒരു ഇന്ത്യന്‍ സിനിമയില്‍ വിശേഷിപ്പിക്കുമ്പോള്‍ ഈ രാജ്യത്ത് സെന്‍സര്‍ ബോര്‍ഡ് ശരിക്ക് പ്രവര്‍ത്തിക്കുന്നില്ലേ എന്ന് ചിന്തിച്ചിരുന്നു. കുറച്ചുദിവസം മുമ്പ് ഒരു തെലുങ്ക് സിനിമക്ക് ‘ചായ്‌വാലാ‘ എന്ന് പേരിട്ടപ്പോള്‍ അത് മാറ്റി നവാബ് കഫെ എന്ന് മാറ്റിയാല്‍ മാത്രമേ പ്രദര്‍ശനാനുമതി നല്‍കുള്ളൂ എന്ന് പറഞ്ഞ സെന്‍സര്‍ ബോര്‍ഡ് ധുരന്ധര്‍ 2നെ കാണാതെ പോയത് മോശമായി.

ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെ അധോലോകത്തില്‍ നുഴഞ്ഞുകയറി അവിടത്തെ പ്രധാന ശക്തിയായി മാറിയ നായകനെ ബൂസ്റ്റ് ചെയ്യുന്നതിന് പകരം മോദിയെയും ബി.ജെ.പിയെയും ബൂസ്റ്റ് ചെയ്ത ആദിത്യ ധറിന്റെ സിനിമാറ്റിക് ലിബര്‍ട്ടി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. നാല് വര്‍ഷം കഴിഞ്ഞായിരുന്നു റിലീസെങ്കില്‍ മോദിക്ക് പി.ആര്‍ വര്‍ക്കിനുള്ള പൈസ ലാഭമായേനെ എന്നേ പറയാനുള്ളൂ.

Content Highlight: Propaganda that boosting Narendra Modi in Dhurandhar 2 movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ