പടത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോഴായിരുന്നു വയനാട്ടിലെ ഉരുള്‍ പൊട്ടലിന്റെ വാര്‍ത്തയറിഞ്ഞത്, സ്‌ക്രിപ്റ്റില്‍ ആദ്യമേ ആ കാര്യം ഉണ്ടായിരുന്നു: നിര്‍മാതാവ് രഞ്ജിത്
മലയാളത്തിലെ ചരിത്രവിജയമായി മാറിയ ചിത്രമാണ് തുടരും. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസിലെ പല റെക്കോഡുകളും തകര്‍ത്തെറിഞ്ഞിരുന്നു. കേരളത്തില്‍ നിന്ന് മാത്രം 100 കോടി സ്വന്തമാക്കുന്ന ആദ്യ ചിത്രമായി തുടരും മാറി. മോഹന്‍ലാലിലെ താരത്തെയും നടനെയും ഒരുപോലെ ഉപയോഗിച്ച ചിത്രം കൂടിയാണ് തുടരും. കഴിഞ്ഞദിവസം ഒ.ടി.ടിയില്‍ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു.
ചിത്രത്തില്‍ എല്ലാവരെയും ഒരുപോലെ ഞെട്ടിച്ച സീനായിരുന്നു തുടക്കത്തില്‍ കാണിച്ച ഉരുള്‍ പൊട്ടല്‍. കഥയില്‍ വലിയൊരു വഴിത്തിരിവായ സീക്വന്‍സായിരുന്നു ഇത്. വലിയൊരു സ്ഥലം സെറ്റിട്ടാണ് ആ ഭാഗം ഷൂട്ട് ചെയ്തതെന്ന് പറയുകയാണ് നിര്‍മാതാവ് രജപുത്ര രഞ്ജിത്. സ്‌ക്രിപ്റ്റില്‍ ആദ്യമേ ആ ഉരുള്‍പൊട്ടലിന്റെ ഭാഗമുണ്ടായിരുന്നെന്നും ഷൂട്ട് തുടങ്ങിയ ശേഷമാണ് വയനാട് ഉരുള്‍പൊട്ടലുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വയനാട് ഉരുള്‍പൊട്ടല്‍ കാരണം സ്‌ക്രിപ്റ്റില്‍ ഉള്‍പ്പെടുത്തിയതല്ലെന്നും പലര്‍ക്കും അങ്ങനെയൊരു ധാരണയുണ്ടെന്നും രഞ്ജിത് പറയുന്നു. വളരെ മികച്ച രീതിയില്‍ എടുത്ത ഭാഗമാണ് അതെന്നും ആ സീനിന്റെ മേക്കിങ് വീഡിയോ അധികം വൈകാതെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏക്കര്‍ കണക്കിന് പറമ്പ് കിളച്ച് മറിച്ചാണ് ആ സ്ഥലം സെറ്റിട്ടതെന്നും വലിയ കഷ്ടപ്പാട് അതിന് പിന്നിലുണ്ടെന്നും രഞ്ജിത് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പടത്തിലെ പല സ്ഥലങ്ങളും സെറ്റിട്ടതാണ്, പൊലീസ് സ്റ്റേഷന്‍ സെറ്റായിരുന്നു. അവിടെ കണ്ട വണ്ടികളെല്ലാം പല സ്ഥലത്ത് നിന്ന് കൊണ്ടുവന്നതായിരുന്നു. അതുപോലെ ഭയങ്കരമായി പണിയെടുത്തത് ആ ഉരുള്‍പൊട്ടല്‍ സീന്‍ എടുക്കാനായിരുന്നു. വലിയൊരു സ്ഥലം കണ്ടുപിടിച്ചാണ് അത് സെറ്റിട്ടത്. കഥയില്‍ ഏറ്റവും വഴിത്തിരിവായിട്ടുള്ള സംഭവമാണ് ആ ഭാഗം.
ഷൂട്ട് തുടങ്ങിയതിന് ഒരുദിവസം വാര്‍ത്ത നോക്കുമ്പോഴാണ് വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന വാര്‍ത്ത കണ്ടത്. അല്ലാതെ ആ സംഭവം കാരണം സ്‌ക്രിപ്റ്റില്‍ ഉരുള്‍പൊട്ടല്‍ ചേര്‍ത്തതല്ല. പലര്‍ക്കും അങ്ങനെയൊരു ചിന്തയുണ്ടായിരുന്നു. ആ സെറ്റിന് വേണ്ടി എല്ലാവരും നല്ല പണിയെടുത്തിട്ടുണ്ട്. എല്ലാ ക്രെഡിറ്റും ഗോകുല്‍ ദാസിനുള്ളതാണ്.
വലിയൊരു പറമ്പ് കിളച്ച് മറിച്ച് അവിടെ എല്ലാം കൊണ്ടുവന്ന് സെറ്റിടുകയായിരുന്നു. ആ ചെളിയൊക്കെ ഒറിജിനലാണ്. അതില്‍ അത്രയും ആളുകളെയും സാധനങ്ങളെയും വെച്ച് ഷൂട്ട് ചെയ്തത് പ്രയാസമായിരുന്നു. ആ ടോപ്പ് ആംഗിള്‍ ഷോട്ട് കണ്ടാല്‍ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് മനസിലാകും. ആ സീന്‍ എങ്ങനെയാണ് എടുത്തത് എന്ന് കാണിക്കുന്ന ഒരു മേക്കിങ് വീഡിയോ അധികം വൈകാതെ ഞങ്ങള്‍ പുറത്തിറക്കും,’ രഞ്ജിത് പറയുന്നു.
Content Highlight: Producer Ranjith about the landslide scene in Thudarum movie