സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ്. സൂര്യയെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന സിനിമ റിലീസിന് തയാറെടുക്കുകയാണ്. ഏറെക്കാലമായി നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാതിരുന്ന സൂര്യ ഗംഭീര തിരിച്ചുവരവ് നടത്തിയതോടെ വിശ്വനാഥ് ആന്‍ഡ് സണ്‍സിന് മേലുള്ള പ്രതീക്ഷ ഇരട്ടിയായി.
ലക്കി ഭാസ്‌കറെന്ന ബ്ലോക്ക്ബസ്റ്ററിന് ശേഷം വെങ്കി അട്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പിന്റെ കൊടുമുടിയിലെത്തിയിരുന്നു. ഏറെക്കാലത്തിന് ശേഷം പഴയ ചാര്‍മിങ്ങായിട്ടുള്ള സൂര്യയെ ഈ സിനിമയില്‍ കാണാനയെന്നും ആരാധകര്‍ അവകാശപ്പെടുന്നുണ്ട്. തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ സിതാര എന്റര്‍ടൈന്മെന്റ്‌സാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ നിര്‍മാതാക്കള്‍.
നാഗവംശി Photo: Telugu 360
ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് നാഗവംശി. 40 വയസുള്ള ബിസിനസുകാരനോട് 20കാരിയായ യുവതിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ കഥയെന്നും എല്ലാതരം പ്രേക്ഷകര്‍ക്കും ചിത്രം കണക്ടാകുമെന്നും നാഗവംശി പറഞ്ഞു. പുതിയ ചിത്രമായ ലെനിന്റെ പ്രൊമോഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ വര്‍ക്കുകളെല്ലാം കഴിഞ്ഞു. ഞാന്‍ ആ സിനിമ കാണുകയും ചെയ്തു. ഹിറ്റാകുമെന്ന് 200 ശതമാനം ഉറപ്പാണ്. കറുപ്പ് ഹിറ്റായത് സൂര്യയുടെ ആരാധകര്‍ക്ക് ആവേശം നല്‍കിയിട്ടുണ്ട്. വിശ്വനാഥ് ആന്‍ഡ് സണ്‍സ് അത് ആവര്‍ത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുമെന്ന് ഉറപ്പാണ്.
തമിഴിലെയും തെലുങ്കിലെയും കുടുംബ പ്രേക്ഷകര്‍ക്ക് ഒരുപോലെ കണക്ടാകുന്ന കഥയാണിത്. തിയേറ്ററുകളിലേക്ക് ജനങ്ങള്‍ ഒഴുകിയെത്തുമെന്ന് എനിക്ക് ഉറപ്പാണ്. സിനിമ റിലീസായതിന് ശേഷം ഇതെല്ലാം നടക്കുന്നത് നമുക്ക് കാത്തിരുന്ന് കാണാം. കൂടുതല്‍ അപ്‌ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടുന്നതായിരിക്കും,’ നാഗവംശി പറയുന്നു.
വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. രാധിക ശരത്കുമാര്‍, രവീണ ടണ്ടന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ഓഗസ്റ്റ് 14ന് ഗ്രാന്‍ഡ് റിലീസിനാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് തയാറെടുക്കുന്നത്.
Content Highlight: Producer Naga Vamsi about Viswanath and Sons movie