മോഹന്‍ലാല്‍- ലോഹിതദാസ്-സിബിമലയില്‍ കൂട്ടുകെട്ടില്‍ പിറന്ന കിരീടം തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുകയാണ്. ജൂലൈ പത്താം തീയതിയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
സേതുമാധവനേയും അച്ചുതന്‍നായരേയും ദേവിയേയുമൊക്കെ വീണ്ടും ബിഗ് സ്‌ക്രീനില്‍ പുതിയ തലമുറയ്ക്ക് മുന്നില്‍ എത്തിക്കുമ്പോള്‍
ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ദിനേഷ് പണിക്കര്‍ വലിയ പ്രതീക്ഷയിലാണ്.
പുതിയ തലമുറയിലെ കുട്ടികളൊന്നും കിരീടം കണ്ടിട്ടില്ലെന്നും അവരിലേക്ക് കൂടി സിനിമ എത്തിക്കുക എന്ന ഉദ്ദേശത്തില്‍ കൂടിയാണ് ചിത്രം റി റീലീസ് ചെയ്യുന്നതെന്നും ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ദിനേഷ് പണിക്കര്‍ പറഞ്ഞു.
റീ റിലീസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ളത് മോഹന്‍ലാലിനാണെന്നും കിരീടം റി റിലീസ് ചെയ്യാന്‍ അതും കാരണമാണെന്നും ദിനേഷ് പണിക്കര്‍ പറഞ്ഞു.
’37 വര്‍ഷം കഴിഞ്ഞിട്ടും ആള്‍ക്കാരുടെ മനസ്സില്‍ ഇപ്പോഴും കിരീടത്തിലെ ഓരോ ഡയലോഗുമുണ്ട്. പ്രത്യേകിച്ച് ‘അച്ഛനാടാ പറയുന്നേ’ എന്ന് തുടങ്ങുന്ന ഡയലോഗൊക്കെ ആളുകള്‍ ഇന്നും ഓര്‍ത്തിരിക്കുന്നു.
എന്നാല്‍ ഇന്നത്തെ ന്യൂ ജനറേഷന്‍ പലരും സിനിമ കണ്ടിട്ടില്ല. പലരും മോഹന്‍ലാല്‍ അല്ലേ എന്നൊക്കെ ചോദിക്കുമെന്നല്ലാതെ അവര്‍ ആരും പടം കണ്ടിട്ടില്ല. അതുകൊണ്ട് കൂടിയാണ് ഈ സിനിമ റി റീലീസ് ചെയ്യപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചത്.
സിനിമ ഡിജിറ്റല്‍ ക്വാളിറ്റിയിലും അറ്റ്മോസ് സൗണ്ട് സിസ്റ്റത്തിലും വീണ്ടും കാണിക്കുന്നത് അവര്‍ക്ക് ആ പടത്തിന്റെ എഫക്റ്റ് 100 ശതമാനം ലഭിക്കാന്‍ സഹായിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
പിന്നെ ഈ സിനിമയില്‍ സെന്റിമെന്റ്‌സ്, ആക്ഷന്‍, ഹ്യൂമര്‍, ഫാമിലി തുടങ്ങിയ എല്ലാ എലമെന്റുകളുമുണ്ട് എന്നതാണ്. മാത്രമല്ല റീറിലീസ് ചെയ്യപ്പെട്ട സിനിമകള്‍ നോക്കുകയാണെങ്കില്‍ മോഹന്‍ലാല്‍ പടങ്ങള്‍ക്ക് ഒരു പ്രത്യേക ഫാന്‍ ബേസ് തന്നെയുണ്ട്.
മോഹന്‍ലാല്‍ സിനിമകള്‍ റീറിലീസ് ചെയ്യുമ്പോള്‍ ആരാധകര്‍ അത് ഏറ്റെടുക്കുകയും തിയേറ്ററില്‍ വന്ന് കണ്ട് കളക്ഷന്‍ ഉണ്ടാക്കുകയും ചെയ്യുന്ന ഒരു പ്രവണതയുണ്ട്. ചരിത്രം അങ്ങനെയാണ്. റീ റിലീസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ളത് മോഹന്‍ലാലിനാണ്.
കിരീടം റീറിലീസ് ചെയ്യാനുള്ള ഒരു പ്രധാന കാരണം, ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ആ സിനിമയ്ക്ക് ഇന്നും വലിയ ഡിമാന്‍ഡ് ഉണ്ട് എന്നതാണ്.
എവിടെ ചെല്ലുമ്പോഴും ‘കിരീടത്തിന്റെ പ്രൊഡ്യൂസര്‍’ എന്ന് പറയുമ്പോള്‍ ആളുകള്‍ നല്‍കുന്ന ബഹുമാനവും സ്‌നേഹവും ആ പടത്തിന്റെ മൂല്യം മനസ്സിലാക്കി തരുന്നതാണ്.
കിരീടത്തെ ഒരു ഐക്കോണിക് ക്ലാസിക് എന്ന് വിളിക്കുന്നതിനേക്കാള്‍, നല്ല കഥയുള്ള, മികച്ച രീതിയില്‍ എഴുതപ്പെട്ടതും അഭിനയിക്കപ്പെട്ടതുമായ ഒരു സിനിമയായാണെന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
സിനിമയിലെ ഒറ്റ പാട്ട് തന്നെ ഇന്നും ആള്‍ക്കാരെ ഈ പടത്തിലേക്ക് ആകര്‍ഷിക്കാന്‍ പര്യാപ്തമാണ്. അത്തരത്തില്‍ എല്ലാ മേഖലയിലും മികവ് പുലര്‍ത്തിയ ചിത്രം കൂടിയാണ് കിരീടം,’ ദിനേഷ് പണിക്കര്‍ പറഞ്ഞു.
Content Highlight: Producer Dinesh panicker about Kireedam Re release and Mohanlal Market
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.