ഭരതനാട്യം, മോഹിനിയാട്ടം എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് കൃഷ്ണദാസ് മുരളി.
മലയാളികളുടെ സിനിമാസ്വാദനത്തിലേക്ക് ഒരുപിടി മികച്ച തഗ് ഡയലോഗുകളും ഗംഭീര റഫറന്‍സുകളുമായി എത്തിയ ചിത്രങ്ങളായിരുന്നു ത ഭരതനാട്യവും അതിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടവും.
മലയാള സിനിമയില്‍ ഇത്രയും ബ്രില്ല്യന്റായി റഫറന്‍സുകള്‍ ഉപയോഗിച്ച ചിത്രങ്ങള്‍ അടുത്തകാലത്ത് ഉണ്ടായിട്ടില്ലെന്നും പറയാം.
മോഹിനിയാട്ടത്തിന്റെ ഗംഭീര വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗമായ രാസലീല പ്രഖ്യാപിച്ചിരിക്കുകയാണ് കൃഷ്ണദാസ് മുരളി.
എന്നാല്‍ ഇതിനിടെ അഭിനയത്തിലും ഒരു കൈ നോക്കുകയാണ് അദ്ദേഹം. അഭിനവ് സുന്ദര്‍നായിക് സംവിധാനം ചെയ്ത, നസ്‌ലെന്‍ നായകനായ മോളിവുഡ് ടൈംസില്‍ ഒരു പൊലീസുകാരന്റെ റോളിലാണ് കൃഷ്ണദാസ് എത്തുന്നത്.
ചിത്രം ഒ.ടി.ടിയിലത്തിയതിന് പിന്നാലെയാണ് കൃഷ്ണദാസ് മുരളിയുടെ റോളും ചര്‍ച്ചയായത്. പലര്‍ക്കും ഇത് കൃഷ്ണദാസ് മുരളിയാണെന്ന് മനസിലായില്ലെന്നും ആ ഗെറ്റപ്പ് തന്നെ വ്യത്യസ്തമായിരുന്നുവെന്നുമാണ് പലരും പറയുന്നത്.
മോളിവുഡ് ടൈംസില്‍ നസ്‌ലെന്റെ കഥാപാത്രമായ വിനീത് മാധവന്‍ സ്വന്തം സിനിമയുടെ പ്രിന്റ് നശിപ്പിച്ചതിന് പിന്നാലെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുമ്പോള്‍ അവിടെ മൊഴിയെടുക്കാന്‍ വരുന്ന പൊലീസുകാരന്റെ റോളിലാണ് കൃഷ്ണദാസ് മുരളി എത്തുന്നത്.
ഇപ്പോള്‍ മൊഴിയെടുക്കുന്നില്ലെന്നും ഇവിടെയൊക്ക തന്നെ കാണുമെന്നും പറഞ്ഞ് ഒരൊറ്റ സീനില്‍ വന്ന് പോകുകയാണെങ്കിലും ഈ മുഖം എവിടെയോ കണ്ട് മറന്നതാണല്ലോയെന്ന് പ്രേക്ഷകന് തോന്നും.
യഥാര്‍ത്ഥത്തില്‍ കൃഷ്ണദാസ് മുരളിക്ക് അഭിനയം പുതിയൊരു മേഖലയല്ല. സംവിധായകനാകുന്നതിന് മുന്‍പ് തന്നെ സ്വന്തമായി നിര്‍മിച്ച ഷോര്‍ട്ട് ഫിലിമുകളില്‍ അദ്ദേഹം വേഷമിട്ടിരുന്നു. അതിനുശേഷമാണ് പ്രശസ്ത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ‘കരിക്ക്’ വെബ് സീരീസിന്റെ ഭാഗമാകുന്നത്. കരിക്കിലൂടെ നേടിയ ജനപ്രീതിക്ക് ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് ചുവടുവെക്കുന്നത്.
മലയാള സിനിമയില്‍ സംവിധാനത്തില്‍ നിന്ന് അഭിനയത്തിലേക്ക് വന്ന് തിളങ്ങിയ ബേസില്‍ ജോസഫ്, ദിലീഷ് പോത്തന്‍, അല്‍ഫോണ്‍സ് പുത്രന്‍, സൗബിന്‍ ഷാഹിര്‍, ഖാലിദ് റഹ്മാന്‍, ജൂഡ് ആന്തണി ജോസഫ്, ഗിരീഷ് എ.ഡി എന്നിവരുടെ നിരയിലേക്ക് കൃഷ്ണദാസ് മുരളി എന്ന പേരും കൂടി ഇനി ചേര്‍ത്തുവെക്കാം.
Content Highlight: Applause for Krishnadas Murali’s surprise entry in Mollywood Times
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.