ന്യൂദല്‍ഹി: ഇന്‍ഫ്‌ളുവന്‍സറും മോദിഭരണകൂടത്തിന്റെ വിമര്‍ശകനുമായ ധ്രുവ് റാഠിക്കെതിരെ പരാതി നല്‍കി ബെംഗളൂരു മുന്‍ എ.ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ഭാസ്‌ക്കര്‍ റാവു.

ബെംഗളൂരുവില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായി സി.ജെ.പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് പരാതി നല്‍കിയിരിക്കുന്നത്. ധ്രുവ് റാഠിയുടെ പൗരത്വത്തില്‍ അന്വേഷണം വേണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ധ്രുവ് റാഠിക്ക് ഈ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന് ജര്‍മന്‍ പൗരത്വമാണുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പറയുന്നു. വിദേശ പൗരത്വമുള്ള ഒരാള്‍ക്ക് ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ എങ്ങനെ പങ്കടുക്കാന്‍ കഴിയുമെന്നും ബി.ജെ.പി നേതാവിന്റെ പരാതിയില്‍ ചോദിക്കുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് ധ്രുവ് റാഠി അനുമതി തേടിയുണ്ടോയെന്നും വിസ ഇമിക്രേഷന്‍ ചട്ടങ്ങള്‍ എല്ലാം പാലിച്ചിട്ടുണ്ടോയെന്നും ഭാസ്‌ക്കര്‍ റാവുവിന്റെ പരാതിയില്‍ ചോദിക്കുന്നുണ്ട്. ഈ വിഷയങ്ങളില്‍ സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അദ്ദേഹം മുമ്പ് ഏതെങ്കിലും പ്രതിഷേധങ്ങളില്‍ പങ്കെടുത്തിട്ടുണ്ടേയെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ വിമര്‍ശിക്കാന്‍ മറ്റൊരു രാജ്യത്തെ പൗരത്വമുള്ളയാള്‍ക്ക്എങ്ങനെ സാധിക്കുമെന്നും പരാതിയില്‍ ബി.ജെ.പി നേതാവ് ചൂണ്ടിക്കാട്ടുന്നു.

Content Highlight: Probe needed into Dhruv Rathee’s citizenship: BJP leader files complaint