അന്ന് വിജയ്‌യുടെ ആരാധകരെ കണ്ട് ഞെട്ടി, അതെന്റെ ആദ്യ ചിത്രം; അനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
Indian Cinema
അന്ന് വിജയ്‌യുടെ ആരാധകരെ കണ്ട് ഞെട്ടി, അതെന്റെ ആദ്യ ചിത്രം; അനുഭവം പങ്കുവെച്ച് പ്രിയങ്ക ചോപ്ര
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 12th March 2026, 10:56 am

2000 ലെ മിസ് വേള്‍ഡ് പട്ടം സ്വന്തമാക്കിയ ശേഷം സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയും പിന്നീട് ബോളിവുഡിലും ഹോളിവുഡിലും തന്റേതായ സ്ഥാനം നേടിയെടുക്കുകയും ചെയ്ത താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലൂടെ സിനിമാ മേഖലയില്‍ ശ്രദ്ധിക്കപ്പെട്ട താരം അരങ്ങേറ്റം കുറിച്ചത് 2002 ല്‍ പുറത്തിറങ്ങിയ വിജയ് ചിത്രം തമിഴനിലൂടെയായിരുന്നു. പ്രിയങ്ക ആദ്യമായും അവസാനമായും അഭിനയിച്ച തമിഴ് ചിത്രവും ഇത് തന്നെ.

പ്രിയങ്ക അഭിമുഖത്തിനിടെ. Photo: screen grab/ Not skinny but not fat/ Youtube.com

ദ വൈറ്റ് ടൈഗര്‍, ബേവാച്ച്,  തുടങ്ങിയ ചിത്രങ്ങളിലൂടെ ഹോളിവുഡില്‍ ശ്രദ്ധേയായ പ്രിയങ്കയുടെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ദി ബ്ലഫ്. ആമസോണ്‍ പ്രൈം വഴി സ്ട്രീമിങ് ആരംഭിച്ച ചിത്രവുമായി ബന്ധപ്പെട്ട് ഒരു ഇംഗ്ലീഷ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ ദളപതി എന്നറിയപ്പെടുന്ന വിജയ് യെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

തമിഴ് ഭാഷയില്‍ തമിഴന്‍ എന്ന ചിത്രമായിരുന്നു തന്റെ ആദ്യ ചിത്രമെന്നും ഭാഷ അറിയാത്തതിനാല്‍ ഓരോ ഡയലോഗുകളും കാണാപാഠം പഠിച്ചാണ് പറഞ്ഞിരുന്നതെന്നും പ്രിയങ്ക പറയുന്നു. തന്നെ സംബന്ധിച്ച് ഫെയിം ലഭിച്ച ആദ്യത്തെ സാഹചര്യവും ഈ സിനിമയുടെ ഷൂട്ടിനിടയിലായിരുന്നു. ചിത്രത്തില്‍ നായകനായത് വിജയ് എന്ന താരമായിരുന്നുവെന്നും അദ്ദേഹം ഇന്ത്യയില്‍ വളരെയധികം പ്രശസ്തനാണെന്നും പ്രിയങ്ക അവതാരകയോട് പറയുന്നു.

‘ഷൂട്ടിനായി സെറ്റില്‍ ചെന്നിറങ്ങുമ്പോള്‍ നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തെ കാണാനായി സെറ്റില്‍ ഉണ്ടാകും. അദ്ദേഹം സെറ്റില്‍ ഡാന്‍സ് ചെയ്യുമ്പോഴും ആക്ഷന്‍ ചെയ്യുമ്പോഴുമെല്ലാം വലിയ ആവേശമായിരിക്കും സെറ്റിലുണ്ടാകുക. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ഇന്ത്യയില്‍ ആളുകള്‍ സിനിമകളെയും താരങ്ങളെയും അത്രയധികം ഇഷ്ടപ്പെടുന്നു.

അന്ന് പതിനെട്ട് വയസ്സ് മാത്രം പ്രായമുള്ള എനിക്കും ഇത്തരത്തില്‍ ഒരു പ്രശംസ ലഭിക്കണമെന്ന ആഗ്രഹമുണ്ടായത് അവിടെ വെച്ചാണ്. ഫെയിം എന്ന് പറയുന്നത് സിനിമയുടെ ബൈപ്രൊഡക്ട് ആണെന്നത് അന്നാണ് എനിക്ക് മനസ്സിലായത്,’ പ്രിയങ്ക പറയുന്നു.

തമിഴന്‍. Photo: Flickr

നവാഗതനായ മജിത്ത് സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയമായിരുന്നു. വിജയ്ക്കും പ്രിയങ്കക്കും പുറമെ നാസര്‍, രേവതി, വിവേക്, ആശിഷ് വിദ്യര്‍ത്ഥി, ചാരുഹാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു.

എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ മഹേഷ് ബാബുവും പൃഥ്വിരാജും പ്രധാനവേഷത്തിലെത്തുന്ന വാരണാസിയാണ് പ്രിയങ്കയുടെ വരാനിരിക്കുന്ന പുതിയ ചിത്രം. അതേസമയം കരിയര്‍ അവസാനിപ്പിച്ച വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് വിജയ്.

Content Highlight: Priyanka talks about her debut movie with Vijay

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.