2021 വിശ്വസുന്ദരിയായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍നാസ് സന്ധുവിനെ അഭിനന്ദിച്ച് നടി പ്രിയങ്ക ചൊപ്ര. പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രമായ മട്രിക്‌സ് റിസറക്ഷന്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലായിരുന്നു ഹര്‍നാസ് സന്ധു വിശ്വസുന്ദരി പട്ടം കരസ്ഥമാക്കിയതിന് പറ്റിയുള്ള ചോദ്യമുയര്‍ന്നത്.

‘ഈ വാര്‍ത്ത കേട്ടു വളരെ സന്തോഷം തോന്നുന്നു. ഇത് ഹര്‍നാസിനെ സംബന്ധിച്ചിടത്തോളം ഒരു പുതിയ യാത്രയുടെ തുടക്കമാണ്. അവള്‍ വളരെ മിടുക്കിയും സുന്ദരിയുമാണ്,’ പ്രിയങ്ക പറഞ്ഞു. 2021 വിശ്വ സുന്ദരിയായതിന് പിന്നാലെ ഹര്‍നാസിനെ അഭിനന്ദിച്ചുകൊണ്ട് പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്തിരുന്നു.

പ്രിയങ്കയെ പ്രശംസിക്കുന്ന ഹര്‍ന്നാസിന്റെ ഒരു പഴയ വീഡിയോ കഴിഞ്ഞ ദിവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ‘ഞാന്‍ പ്രിയങ്കയെ സ്‌നേഹിക്കുന്നു. അവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ എന്നാണ് ഹര്‍ന്നാസ് വീഡിയോയില്‍ പറയുന്നത്.

നേരത്തെ സുസ്മിത സെന്നും ലാറ ദത്തയും ഇന്ത്യയില്‍ നിന്ന് വിശ്വസുന്ദരി പട്ടം നേടിയിരുന്നു. ഇസ്രായേലിലെ എയ്ലാറ്റില്‍ നടന്ന മത്സരത്തില്‍ മത്സരാര്‍ത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഹര്‍നാസ് കിരീടം നേടിയത്.

2017ല്‍ ടൈംസ് ഫ്രഷ് ഫേസിലൂടെയാണ് ഹര്‍നാസ് സൗന്ദര്യമത്സര യാത്ര ആരംഭിച്ചത്. 21 കാരിയായ ഹര്‍നാസ് ഇപ്പോള്‍ പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: priyanka chopra about harnas sandhu