ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. മലയാളത്തില്‍ അരങ്ങേറി ബോളിവുഡില്‍ വരെ തന്റെ സാന്നിധ്യമറിയിച്ച പ്രിയദര്‍ശന്‍ സിനിമാപ്രേമികള്‍ക്ക് എക്കാലത്തും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച ക്ലാസിക്കുകള്‍ ഒരുക്കിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷം ബോളിവുഡില്‍ ബാക്ക് ടു ബാക്ക് സിനിമകള്‍ ചെയ്ത് തന്റെ സ്ഥാനം വീണ്ടെടുക്കാന്‍ ഒരുങ്ങുകയാണ് മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍.

ബോളിവുഡിലെ തന്റെ ലക്കി ചാമായ അക്ഷയ് കുമാറിനൊപ്പമാണ് പ്രിയദര്‍ശന്‍ വീണ്ടും കൈകോര്‍ക്കുന്നത്. ഭൂത് ബംഗ്ലാ, ഹയ്‌വാന്‍ എന്നീ ചിത്രങ്ങളില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകളാണ്. കരിയറിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പ്രിയദര്‍ശന്‍. 2012ല്‍ രാജ്യം തന്നെ പദ്മശ്രീ നല്‍കി ആദരിച്ചിരുന്നെന്നും ആ സമയത്ത് ഒരുപാട് അഭിനന്ദനം ലഭിച്ചിരുന്നെന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

‘അക്കൂട്ടത്തില്‍ ഒരാള്‍ എന്നോട് ‘പദ്മശ്രീ കിട്ടിയല്ലോ, ഇത് വലിയൊരു അച്ചീവ്‌മെന്റായി തോന്നുന്നുണ്ടോ’ എന്ന് ചോദിച്ചു. അതിന് ഞാന്‍ ചിരിച്ചുകൊണ്ട് ഒരു മറുപടി നല്‍കി. പദ്മശ്രീ കിട്ടിയതല്ല, സല്‍മാന്‍ ഖാനെയും ഗോവിന്ദയെയും വെച്ച് സിനിമ ചെയ്തതും അവരെ പുലര്‍ച്ചെ അഞ്ച് മണിക്ക് സെറ്റിലെത്തിച്ച് സിനിമ പൂര്‍ത്തിയാക്കിയതുമാണ് വലിയ അച്ചീവ്‌മെന്റ്.

ഇപ്പോഴത്തെ തലമുറയിലെ ആളുകള്‍ക്ക് അത് മനസിലാകാന്‍ കുറച്ച് പ്രയാസമാണ്. അന്ന് എന്നെ പലരും ഉപദേശിച്ചിരുന്നു. വലിയ റിസ്‌കാണ് എടുക്കുന്നതെന്നും ഇതിന്റെ ആവശ്യമൊന്നും ഇല്ലെന്നും. പക്ഷേ, എനിക്ക് അത് ചെയ്ത് തീര്‍ക്കാന്‍ സാധിക്കുമെന്ന് ഉറപ്പായിരുന്നു. എന്റെ സെറ്റില്‍ വരുന്ന ആര്‍ട്ടിസ്റ്റുകളെ കാരവാനില്‍ തന്നെ വിശ്രമിക്കാന്‍ ഞാന്‍ സമ്മതിക്കാറില്ല. ആ ഓള്‍ഡ് സ്‌കൂള്‍ രീതിയാണ് ഞാന്‍ പിന്തുടരുന്നത്,’ പ്രിയദര്‍ശന്‍ പറയുന്നു.

ഷോട്ട് എടുത്ത ശേഷം നേരെ വാനിറ്റി വാനില്‍ പോയിരുന്ന് മറ്റുള്ള കാര്യങ്ങള്‍ ചെയ്യുന്നത് നല്ല രീതിയായി തനിക്ക് തോന്നാറില്ലെന്നും അദ്ദേഹം പറഞ്ഞു. സെറ്റിലെ മറ്റ് ടെക്‌നീഷ്യന്മാരുമായും ആര്‍ട്ടിസ്റ്റുകളുമായും സൗഹൃദമുണ്ടാവുക എന്നത് തനിക്ക് നിര്‍ബന്ധമാണെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു. മാഷബിള്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോളിവുഡില്‍ ഒരുകാലത്ത് മുന്‍നിരയില്‍ തിളങ്ങിനിന്ന താരമായിരുന്നു ഗോവിന്ദ. 2006ല്‍ പുറത്തിറങ്ങിയ ഭാഗം ഭാഗിലാണ് ഗോവിന്ദയും പ്രിയദര്‍ശനും ആദ്യമായി ഒന്നിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. 2005ല്‍ റിലീസായ ക്യോം കീ എന്ന ചിത്രത്തില്‍ സല്‍മാന്‍ ഖാനായിരുന്നു നായകന്‍. ചിത്രം ശരാശരി വിജയം മാത്രമായിരുന്നു നേടിയത്.

Content Highlight: Priyadarshan shares the memories after he got Padma Shri award

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ