കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ട എറ്റവും മികച്ച സിനിമ; ബാലനെ പ്രശംസിച്ച് പ്രിയദര്‍ശന്‍
Malayalam Cinema
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ട എറ്റവും മികച്ച സിനിമ; ബാലനെ പ്രശംസിച്ച് പ്രിയദര്‍ശന്‍
അശ്വിന്‍ രാജേന്ദ്രന്‍
Sunday, 14th June 2026, 6:50 pm

മലയാള സിനിമയില്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ച് ബോളിവുഡിലും തന്റെതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് പ്രിയദര്‍ശന്‍. വന്ദനം, കിലുക്കം, കാലാപാനി, ചന്ദ്രലേഖ തുടങ്ങി മലയാളത്തിലെ റിപീറ്റഡ് വാല്യുവുള്ള ഒട്ടനവധി ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശന്‍ ഹെരാ ഫേരി, ഹംഗാമാ, ഭാഗം ഭാഗ്, ഖരം മസാല തുടങ്ങി ഹിന്ദിയിലും ഒട്ടനവധി ഹിറ്റുകള്‍ സമ്മാനിച്ചിരുന്നു. സംവിധായകന്‍ അടുത്തിടെ സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ വിജയമായി മാറിയ ചിത്രമായിരുന്നു ഭൂത് ബംഗ്ലാ.

മലയാള സിനിമയിലെ തന്നെ സീനിയര്‍ സംവിധായകരിലൊരാളായ പ്രിയദര്‍ശന്‍, ജൂണ്‍ 19ന് പുറത്തിറങ്ങാനിരിക്കുന്ന ചിദംബരം സംവിധാനം ചെയ്ത ബാലന്‍ ദി ബോയ് എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. ജൂണ്‍ 19ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ്. കാന്‍സ് ഫിലിംസ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയും തുടര്‍ന്ന് മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തതിന് ശേഷമാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

ബാലന്‍ ദി ബോയ്. Photo: District

‘ഞാന്‍ ചിദംബരത്തോട് ഫോണില്‍ നേരത്ത പറഞ്ഞ കാര്യം തന്നെയാണ്, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച ചിത്രമാണ് ബാലന്‍ ദി ബോയ്. ആദ്യം തന്നെ ഇത് പറഞ്ഞുകഴിഞ്ഞാല്‍ ബാക്കി കാര്യങ്ങളെല്ലാം സമാധാനമായി പറയാം. സിനിമകള്‍ സംഭവിക്കുന്നതാണ്. ഒരുഗ്രന്‍ സിനിമ എടുത്ത് കളയാം എന്ന് വിചാരിച്ച് ഒരു സിനിമ എടുക്കാന്‍ നമുക്ക് സാധിക്കില്ല. ചിദംബരമാണ് സംവിധായകനെങ്കിലും എല്ലാവരും ചേര്‍ന്ന്, എല്ലാവരുടെയും പങ്കാളിത്തം ഉറപ്പിച്ചുകൊണ്ടുള്ള ചിത്രമായിട്ടാണ് എനിക്ക് തോന്നിയത്.

അതുകൊണ്ട് തന്നെ എല്ലാത്തിലുമുപരി ചിത്രത്തെ ഒരു അതിശയകരമായ ടീം വര്‍ക്ക് എന്നാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഒരു സിനിമ ചെയ്യുമ്പോള്‍ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ തിരക്കഥയാണ്. ഈ ചിത്രത്തില്‍ നമുക്ക് പരിചയമുള്ള ആരും ഇല്ലാതിരുന്നിട്ടും വളരെ സ്ലോ ആയി കഥ പറയുന്ന രീതിയായിട്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ആ മാജിക്ക് എന്താണെന്ന് അറിയാന്‍ ചിത്രം ഒരിക്കല്‍ കൂടെ എനിക്ക് കാണേണ്ടതുണ്ട്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ബാലന്‍ ദി ബോയ്. Photo: The Hindu

ചിത്രത്തിലെ കാസ്റ്റിങ് അടക്കം പ്രശംസ അര്‍ഹിക്കുന്നുണ്ടെന്ന് പറഞ്ഞ പ്രിയദര്‍ശന്‍ ബാലനിലെ കാസ്റ്റിങ് ഡയറക്ടറായ ഗണപതിയെ പ്രത്യേകം അഭിനന്ദിച്ചു. ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാനവേഷത്തിലെത്തുന്നതെങ്കിലും അവരെല്ലാവരും വളരെയധികം എക്‌സ്പീരിയന്‍സുള്ള ആക്ടേഴ്‌സായി തനിക്ക് തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിയേറ്റില്‍ ചിത്രം മാജിക് ക്രിയേറ്റ് ചെയ്യാന്‍ പോകുകയാണെന്നും ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രിയദര്‍ശന്‍ പറഞ്ഞു.

Content Highlight: Priyadarshan Praises Balan the Boy films as he says it is the best film he has watched in last 2 years

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.