'നിങ്ങള് ദുബായ് കണ്ടിട്ടുണ്ടോ, അപ്പൊ ദുബായ് ഇല്ലേ' ഒരു മാറ്റവും വരുത്താതെ വീണ്ടും ഉപയോഗിച്ചു, ഭൂത് ബംഗ്ലാ ഒ.ടി.ടി റിലീസിന് പിന്നാലെ പ്രിയദര്‍ശന് ട്രോള്‍
Indian Cinema
'നിങ്ങള് ദുബായ് കണ്ടിട്ടുണ്ടോ, അപ്പൊ ദുബായ് ഇല്ലേ' ഒരു മാറ്റവും വരുത്താതെ വീണ്ടും ഉപയോഗിച്ചു, ഭൂത് ബംഗ്ലാ ഒ.ടി.ടി റിലീസിന് പിന്നാലെ പ്രിയദര്‍ശന് ട്രോള്‍
അമര്‍നാഥ് എം.
Wednesday, 17th June 2026, 10:47 pm

ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച സംവിധായകരിലൊരാളാണ് പ്രിയദര്‍ശന്‍. പൂച്ചക്കൊരു മൂക്കുത്തിയിലൂടെ കരിയറാരംഭിച്ച പ്രിയദര്‍ശന്‍ പിന്നീട് സിനിമാലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് പുതിയ ദൃശ്യാനുഭവമാക്കി മാറ്റാനാണ് പ്രിയദര്‍ശന്‍ പലപ്പോഴും ശ്രമിച്ചിട്ടുള്ളത്. ഹിന്ദിയില്‍ ഏറ്റവുമധികം സിനിമകള്‍ ഒരുക്കിയ സംവിധായകരില്‍ രണ്ടാം സ്ഥാനത്താണ് അദ്ദേഹം.

കരിയറിലെ നൂറാമത് ചിത്രത്തിന്റെ പണിപ്പുരയിലാണ് നിലവില്‍ പ്രിയദര്‍ശന്‍. മലയാളത്തിലും ബോളിവുഡിലും ഒരേസമയം പ്രൊജക്ടുകള്‍ ചെയ്തുകൊണ്ട് സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കാനും പ്രിയദര്‍ശന് സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഭൂത് ബംഗ്ലാ കഴിഞ്ഞദിവസം ഒ.ടി.ടിയിലെത്തിയിരുന്നു.

ഭൂത് ബംഗ്ലാ Photo: Theatrical poster

ബോളിവുഡില്‍ ഈ വര്‍ഷം വലിയ വിജയം നേടിയ സിനിമകളിലൊന്നാണ് ഭൂത് ബംഗ്ലാ. ഏറെക്കാലത്തിന് ശേഷം പ്രിയദര്‍ശന്‍- അക്ഷയ് കുമാര്‍ കോമ്പോ ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഇത്. തിയേറ്ററിലെ സ്വീകാര്യത ഒ.ടി.ടിയിലാവര്‍ത്തിക്കാന്‍ ഭൂത് ബംഗ്ലായ്ക്ക് സാധിക്കുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ കാഴ്ചകള്‍.

കണ്ടുമടുത്ത അതേ കഥ തന്നെയാണ് ഈ ചിത്രത്തിലും പ്രിയദര്‍ശന്‍ പറയുന്നത്. ഗ്രാമത്തില്‍ ഗതി കിട്ടാതെ അലയുന്ന പ്രേതത്തിന്റെ അടുത്ത് പെട്ടുപോകുന്ന നായകനും കുടുംബവും അതില്‍ നിന്ന് എങ്ങനെ പുറത്തുകടക്കുന്നു എന്നതാണ് ഭൂത് ബംഗ്ലായുടെ കഥ. ഹൊറര്‍ കോമഡി ഴോണറിലൊരുങ്ങിയ സിനിമയില്‍ ഹൊററിന് മാത്രമല്ല, കോമഡിയിലും യാതൊരു പുതുമയുമില്ല.

ഭൂത് ബംഗ്ലാ Photo: Basant Khilladi/ X.com

പ്രിയദര്‍ശന്റെ പഴയ സിനിമകളിലെ അതേ കോമഡി ഡയലോഗുകളും സീനുകളും യാതൊരു മാറ്റവുമില്ലാതെ ഈ സിനിമയിലും ഉപയോഗിച്ചിട്ടുണ്ട്. കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ ഐക്കോണിക് കോമഡി സീനാണ് അതിലൊന്ന്. ‘കാണാത്തതൊന്നും ഞാന്‍ വിശ്വസിക്കില്ല’ എന്ന് ശ്രീനിവാസന്റെ കഥാപാത്രം പറയുമ്പോള്‍ ‘നിങ്ങള് ദുബായ് കണ്ടിട്ടുണ്ടോ’ എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുണ്ട്. ഇല്ലെന്ന് ശ്രീനിവാസന്റെ കഥാപാത്രം പറയുമ്പോള്‍ ‘അപ്പോ ദുബായ് ഇല്ലേ’ എന്ന ഡയലോഗ് ഇപ്പോഴും ഹിറ്റാണ്.

ഈ ഡയലോഗ് യാതൊരു മാറ്റവുമില്ലാതെ അതേപടി ഭൂത് ബംഗ്ലായിലും പ്രിയദര്‍ശന്‍ തിരുകിവെച്ചിട്ടുണ്ട്. ഗീതാജ്ഞലിയില്‍ കോമഡി എന്ന പേരില്‍ കാട്ടിക്കൂട്ടിയ ഒരു രംഗവും ഈ ചിത്രത്തില്‍ സംവിധായകന്‍ ഉപയോഗിച്ചിട്ടുണ്ട്. വെട്ടം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ ഭാവന പനിയെ ഈ ചിത്രത്തില്‍ വെറും ഒബ്ജക്ടിഫിക്കേഷന് വേണ്ടി മാത്രം കൊണ്ടുവന്നതും വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ്.

കിളിച്ചുണ്ടന്‍ മാമ്പഴം Photo: Screen grab/ Aashirvad Cinemas

കോമഡിയുടെ കാര്യത്തില്‍ പ്രിയദര്‍ശന്റെ കൈയിലുള്ള സ്റ്റോക്ക് തീര്‍ന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഭൂത് ബംഗ്ലാ എന്ന് പലരും വിമര്‍ശിക്കുന്നു. കാലത്തിനൊത്ത് മാറാത്ത മേക്കിങ് ഇനിയും ഉപേക്ഷിച്ചില്ലെങ്കില്‍ ശരിയാകില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

Content Highlight: Priyadarshan getting criticisms after Bhoot Bangla OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം