ഒരു പക്കാ കൊമേഷ്യല്‍ ടെംപ്ലേറ്റ് ഫിലിമാണ് ഖലീഫ: പൃഥ്വിരാജ്
Malayalam Cinema
ഒരു പക്കാ കൊമേഷ്യല്‍ ടെംപ്ലേറ്റ് ഫിലിമാണ് ഖലീഫ: പൃഥ്വിരാജ്
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 24th June 2026, 10:56 pm

വമ്പന്‍ ബിസിനസാണ് മോളിവുഡില്‍ 2026 പകുതിയായപ്പോള്‍ തന്നെ നടന്നിരിക്കുന്നത്. ആട് 3, 100 കോടിയും അതിന് ശേഷം വലിയ ഒച്ചപ്പാടില്ലാതെ തിയേറ്ററുകളിലെത്തിയ വാഴ 2, ഏവരെയും ഞെട്ടിച്ചുകൊണ്ട് 200 കോടിയും നേടിയതിനൊപ്പം ദൃശ്യം 3യുടെ ബോക്സ് ഓഫീസ് കത്തിക്കല്‍ കൂടെയായപ്പോള്‍ ഫെസ്റ്റിവല്‍ മൂഡിലാണ് കേരളത്തിലെ തിയേറ്ററുകള്‍. വമ്പന്‍ മാസ് ആക്ഷന്‍ ചിത്രങ്ങള്‍ അല്ലാതിരുന്നിട്ട് കൂടി മേല്‍പറഞ്ഞ ചിത്രങ്ങള്‍ക്കെല്ലാം വലിയ വിജയം കിട്ടുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ഖലീഫ.

ഖലീഫ. Photo: X.com

ചിത്രത്തില്‍ മോഹന്‍ലാലും അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന് ഉറപ്പായതോടെ വലിയ ഹൈപ്പാണ് ചിത്രത്തിന് ലഭിക്കുന്നത്. പോക്കിരിരാജ, പുലിമുരുകന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഖലീഫയ്ക്ക് പ്രതീക്ഷകളേറെയാണ്. ഇപ്പോഴിതാ പൃഥ്വിരാജിന്റെ അടുത്ത മാസം പുറത്തിറങ്ങാനിരിക്കുന്ന ഐ നോബഡി എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖലീഫയെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഖലീഫ ഒരു പക്കാ കൊമേഷ്യല്‍ ടെംപ്ലേറ്റ് ഫിലിമാണെന്നും ഇത്തരത്തിലുള്ള കൊമേഷ്യല്‍ മാസ് മസാല ചിത്രങ്ങളാണ് ഡിസൈന്‍ ചെയ്യാന്‍ ഏറ്റവും പ്രയാസമുള്ളതെന്ന് പറയുകയാണ് പൃഥ്വിരാജ്. ചിത്രത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്ന സ്ഥലത്ത് പ്രേക്ഷകരെ കൊണ്ട് കയ്യടിപ്പിക്കാന്‍ സാധിക്കണമെന്നും അതുകൊണ്ട് തനിക്ക് ഐ.വി ശശിയെ പോലുള്ള സംവിധായകരോട് വലിയ ബഹുമാനമുണ്ടെന്നും കാരണം അവര്‍ക്ക് ഇത് നന്നായി അറിയാമെന്നും താരം പറഞ്ഞു. ഖലീഫ ഇത്തരത്തില്‍ എല്ലാ പോയിന്റുകളും കറക്ടായി വന്ന ഒരു ചിത്രമാണെന്നും തങ്ങള്‍ വിചാരിച്ച പോലെ ചിത്രം ഷൂട്ട് ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഖലീഫ. Photo: X.com

എന്നാല്‍ ഖലീഫയ്ക്ക് മുമ്പ് തന്നെ ഐ നോബഡിയിയലൂടെ താരം പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കെട്ട്യോളാണ് എന്റെ മാലാഖ റോഷാക്ക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈ 9നാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്‌ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Content Highlight: Prithviraj talks about his upcoming movie Khalifa

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.