ഞങ്ങള്‍ വന്നതിന് ശേഷം ഇപ്പോഴാണ് ഒരുകൂട്ടം ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയൊരു സ്വീകാര്യത ലഭിക്കുന്നത്, ഇതിനിടയില്‍ വലിയൊരു ഗ്യാപ്പുണ്ട്: പൃഥ്വിരാജ്
Malayalam Cinema
ഞങ്ങള്‍ വന്നതിന് ശേഷം ഇപ്പോഴാണ് ഒരുകൂട്ടം ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയൊരു സ്വീകാര്യത ലഭിക്കുന്നത്, ഇതിനിടയില്‍ വലിയൊരു ഗ്യാപ്പുണ്ട്: പൃഥ്വിരാജ്
അമര്‍നാഥ് എം.
Friday, 3rd July 2026, 9:25 am

രഞ്ജിത് വഴി ഫാസില്‍ മലയാളസിനിമക്ക് പരിചയപ്പെടുത്തിയ താരമാണ് പൃഥ്വിരാജ്. 20ാം വയസില്‍ മലയാളസിനിമയിലേക്ക് കടന്നുവന്ന പൃഥ്വി വളരെവേഗത്തില്‍ ഇന്‍ഡസ്ട്രിയില്‍ സ്ഥാനമുറപ്പിച്ചു. കരിയറിന്റെ തുടക്കത്തില്‍ ശക്തമായ കഥാപാത്രങ്ങള്‍ ചെയ്ത് തന്നിലെ നടനെ തേച്ചുമിനുക്കിയ പൃഥ്വി ഇന്ന് പാന്‍ ഇന്ത്യന്‍ റീച്ച് നേടിയ മലയാള താരങ്ങളിലൊരാളാണ്.

കരിയറിന്റെ ഒരുഘട്ടത്തില്‍ നല്‍കിയ അഭിമുഖത്തില്‍ തനിക്ക് ചെയ്യണമെന്ന് ആഗ്രഹമുള്ള കാര്യങ്ങള്‍ പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. അന്ന് പറഞ്ഞ കാര്യങ്ങളെല്ലാം പൃഥ്വി പൂര്‍ത്തിയാക്കിയത് സിനിമാപേജുകളില്‍ ചര്‍ച്ചയായി മാറി. പൃഥ്വി നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഐ, നോബഡി റിലീസിന് തയാറെടുക്കുകയാണ്.

പൃഥ്വിരാജ് Photo: Screen grab/ Cue Studio

20ാം വയസില്‍ സിനിമയിലെത്തിയ പൃഥ്വി 43ാം വയസിലും ഗംഭീര കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ട് ഞെട്ടിക്കുന്നുണ്ട്. എന്നാല്‍ തന്റെ തലമുറക്ക് ശേഷം മലയാളത്തില്‍ ഒരു ഗ്യാപ് രൂപപ്പെട്ടുവെന്നും ഇപ്പോഴാണ് അടുത്ത തലമുറയിലെ താരങ്ങള്‍ക്ക് നല്ലൊരു സ്വീകാര്യത ലഭിക്കുന്നതെന്നും പൃഥ്വി ചൂണ്ടിക്കാണിക്കുന്നു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു താരം.

‘സത്യം പറഞ്ഞാല്‍ ഇപ്പോഴത്തെ യുവതാരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഒരുപാട് വൈകിയെന്നേ ഞാന്‍ പറയുള്ളൂ. ഞങ്ങളുടെ ജനറേഷന് ശേഷം ഒരു ഗ്യാപ് ഇവിടെ ഉണ്ടായിട്ടുണ്ട്. അത് ശരിക്കും പേടിയുണ്ടാക്കുന്നുണ്ട്. എനിക്ക് 43 വയസായി. ഇപ്പോള്‍ വന്ന ജനറേഷന് 20- 25 വയസേ ഉള്ളൂ. ഇതിനിടയില്‍ ആരുമില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്. ഇപ്പോഴത്തെ താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത വൈകിയെന്നാണ് എന്റെ അഭിപ്രായം.

പൃഥ്വിരാജ് Photo: Screen grab/ The Hollywood Reporter India

എന്റെ ജനറേഷന് ശേഷം ഇന്‍ഡസ്ട്രിയില്‍ ചെറിയൊരു ഗ്യാപ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഇപ്പോഴും 30 വയസുള്ള ക്യാരക്ടേഴ്‌സ് എന്നെത്തേടി വരുന്നത്. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ മറ്റാരുമില്ല. വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ എന്റെ ജനറേഷനിലുള്ള ആര്‍ട്ടിസ്റ്റുകള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇപ്പോഴുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നില്ല. അത് ഒരുപാട് സന്തോഷം തരുന്ന കാര്യമാണ്,’ പൃഥ്വിരാജ് പറയുന്നു.

റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐ, നോബഡി. ഹീസ്റ്റ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക. ഹക്കിം ഷാ, നിഷാന്ത് സാഗര്‍, അശോകന്‍, ഖാലിദ് റഹ്‌മാന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിങ്ങനെ വലിയൊരു താരനിരയാണ് ഐ, നോബഡിയില്‍ അണിനിരക്കുന്നത്. ജൂലൈ ഒമ്പതിന് ചിത്രം തിയേറ്ററുകളിലെത്തും.

Content highlight: Prithviraj about the acceptance of young actors in Mollywood

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം