പെല്ലറ്റ് ഗണ്‍ ഉപയോഗത്തിനെതിരായ ഹരജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്; ആര്‍.എ.എഫിന്റെ അമ്യൂണിഷന്‍ ലോഗ് സൂക്ഷിച്ച് വെക്കണം
India
പെല്ലറ്റ് ഗണ്‍ ഉപയോഗത്തിനെതിരായ ഹരജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്; ആര്‍.എ.എഫിന്റെ അമ്യൂണിഷന്‍ ലോഗ് സൂക്ഷിച്ച് വെക്കണം
റെന്വര്‍ പി
Thursday, 30th July 2026, 2:13 pm

ന്യൂഡല്‍ഹി: റാപിഡ് ആക്ഷന്‍ ഫോഴ്‌സ് (ആര്‍.എ.എഫ്) പോലുള്ള സേനാ വിഭാഗങ്ങളുടെ പെല്ലറ്റ് ഗണ്‍ ഉപയോഗം തടയാനാവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ദല്‍ഹി ജന്തര്‍ മന്ദറിലെ വിദ്യാര്‍ത്ഥി പ്രതിഷേധ സമയത്തെ ആര്‍.എ.എഫിന്റ ആയുധ ഉപയോഗത്തിന്റെ കണക്ക് (അമ്യൂണിഷന്‍ ലോഗ്) കേന്ദ്ര സര്‍ക്കാര്‍ സൂക്ഷിച്ച് വെക്കണം എന്നാവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്.

പെല്ലറ്റ് ആക്രമണത്തിനിരയായ രണ്ട് പേരും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ യശോവര്‍ധന്‍ ആസാദും സമര്‍പ്പിച്ച ഹരജികളിലാണ് കോടതിയുടെ നടപടി. ഹരജി പരിഗണിച്ച കോടതി അസാധാരണ സാഹചര്യങ്ങളില്‍ പെല്ലറ്റ് ഗണ്‍ ഉപയോഗിക്കാന്‍ പൊലീസിന് അധികാരമുണ്ടെന്ന് വാക്കാല്‍ പറഞ്ഞതായി ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.

കോക്രോച്ച് ജനതാ പാര്‍ട്ടി നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്ക് ജൂലൈ 20നുണ്ടായ പെല്ലറ്റ് ഗണ്‍ ആക്രമണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തയ്യാറാണെന്ന് ഹരജികള്‍ പരിഗണിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെയും ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചിയുടെയും വി മോഹനയുടെയും ബഞ്ച് വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെല്ലറ്റ് ഗണ്ണുകള്‍ പോലുള്ള ആയുധങ്ങള്‍ രാജ്യത്ത് പൂര്‍ണമായി നിരോധിക്കണമെന്നാണ് യശോവര്‍ധന്‍ ആസാദ് ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഇവ രാജ്യത്തെ സേനാ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഭരണ ഘടനാ പരമായ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഹരജിയില്‍ പറയുന്നു.

തോക്കുകള്‍ക്ക് പകരമുള്ള അപകടം കുറഞ്ഞ മാര്‍ഗമായാണ് പെല്ലറ്റ് ഗണ്ണുകളെ കുറിച്ച് പറയാറുള്ളതെങ്കിലും അവ ആള്‍ക്കൂട്ടങ്ങള്‍ക്ക് നേര്‍ക്ക് സമീപത്ത് നിന്ന് ഉപയോഗിക്കുമ്പോള്‍ മാരകമായി മാറുന്നുവെന്ന് ഹരജിക്കാര്‍ വാദിച്ചതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായ പരിക്കുകള്‍ക്ക് പെല്ലറ്റ് ഗണ്‍ പ്രയോഗം കാരണമാവും. സുപ്രധാന ശരീര ഭാഗങ്ങളെ ഇവ ഗുരുതരമായി ബാധിക്കുമെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ജന്തര്‍ മന്ദര്‍ സമരത്തിന് നേര്‍ക്കുള്ള പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ 19 വയസ്സുള്ള സാഹില്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. പെല്ലറ്റ് ഗണ്‍ എത്രത്തോളം അപകടമാണെന്നതിന് തെളിവാണ് സാഹിലിന്റ ഇപ്പോഴത്തെ അവസ്ഥയെന്നും അവര്‍ അഭിപ്രായപ്പെട്ടു.

യശോവര്‍ധന്‍ ആസാദിന് പുറമമെ പ്രശാന്ത് സിങ്, ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരി എന്നിവരുടെ ഹരജികളാണ് കോടതി പരിഗണിച്ചത്. 25കാരനായ പ്രശാന്ത് കുമാര്‍ സിങ് സി.ജെ.പിയുടെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു. അതിനിടെ തനിക്ക് നേരെ ആര്‍.എ.എഫിന്റെ പെല്ലെറ്റ് ഗണ്‍ ആക്രമണമുണ്ടായെന്ന് സിങ് പറഞ്ഞു.

വിസയുമായി ബന്ധപ്പെട്ട ഒരു ആവശ്യത്തിന് ജൂലൈ 20ന് ദല്‍ഹി കൊണാട്ട് പ്ലേസിലെത്തിയപ്പോഴാണ് തനിക്ക് നേര്‍ക്ക് പെല്ലറ്റ് ഗണ്‍ ആക്രമണമുണ്ടായതെന്ന് ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരിയും പറഞ്ഞു.

പെല്ലറ്റ് ഗണ്‍ നിരോധനത്തിന് പുറമെ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഹരജികളില്‍ ആവശ്യപ്പെടുന്നു. പെല്ലറ്റ് ആക്രമണങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സയും പുനരധിവാസവും ലഭ്യമാക്കണമെന്നും ഹരജികളില്‍ പറയുന്നു.

Content Highlight: ‘Preserve ammunition log’: Supreme Court notice to Centre over Delhi protest crackdown

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.