malayalam movie
തുടർച്ചയായി പൊലീസ് വേഷം ചെയ്യുന്നത് വലിയ വെല്ലുവിളിയാണ്: പ്രകാശ് വർമ
വോഡഫോൺ സൂസൂ പരസ്യങ്ങളിലൂടെ ശ്രദ്ധ നേടിയ പ്രശസ്ത പരസ്യചിത്ര സംവിധായകനും നിർവാണ ഫിലിംസ് സഹസ്ഥാപകനുമാണ് പ്രകാശ് വർമ. മോഹൻലാലിനെ നായകനാക്കി ഒരുക്കിയ തുടരും എന്ന ചിത്രത്തിലെ സി.ഐ ജോർജ് എന്ന വില്ലൻ വേഷത്തിലൂടെ അഭിനേതാവായും അദ്ദേഹം ഏറെ പ്രശംസ പിടിച്ചുപറ്റി.
രഞ്ജിത്തിന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ലോ ആൻഡ് ഓർഡർ എന്ന പുതിയ ചിത്രത്തിലൂടെ പൊലീസ് വേഷത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുകയാണ് പ്രകാശ് വർമ. സെപ്റ്റംബർ 4-ന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെ, തന്റെ സിനിമാവിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. മീഡിയ വൺ ഷോ മാളിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് വർമ.

പ്രകാശ് വർമ. Photo. Screen grab/ Youtube
തുടരും, ലോ ആൻഡ് ഓർഡർ എന്നീ സിനിമകളിൽ അഭിനയം വളരെ ആസ്വദിച്ചാണ് ചെയ്തതെന്ന് പറയുകയാണ് പ്രകാശ് വർമ. തുടരും സിനിമയുടെ ചിത്രീകരണ സമയത്ത് അഭിനയം തന്നെ വളരെ എക്സൈറ്റ് ചെയ്യിച്ചിരുന്നു എന്നും, തനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസങ്ങളിൽ സംവിധായകൻ തരുൺ മൂർത്തിയോട് പോയി ചോദിക്കുമായിരുന്നു എന്നും ഓർത്തെടുക്കുകയാണ് പ്രകാശ് വർമ.
‘ഞാൻ അഭിനയിച്ച രണ്ടു സിനിമകളും വളരെ ആസ്വദിച്ചു ചെയ്തതാണ്. തുടരും സിനിമയുടെ ഷൂട്ട് രണ്ടു ദിവസം കഴിഞ്ഞപ്പോൾ തന്നെ ഞാൻ ഭയങ്കര എക്സൈറ്റ്മെന്റിലായിരുന്നു. ആ സമയത്ത് ഏതെങ്കിലും ഒരു ദിവസം ഷൂട്ട് ഇല്ലെങ്കിൽ ഞാൻ പോയിട്ട് തരുണിനോട് ചോദിക്കുമായിരുന്നു ‘എനിക്ക് ഇന്ന് എന്താ ഷൂട്ട് ഇല്ലാത്തത്’ എന്ന്.
ഞാൻ ഭയങ്കര ഇൻട്രോവേർട്ട് ആയിട്ടുള്ള ക്യാരക്ടറാണ്. പക്ഷേ അന്ന് ഷൂട്ടിന്റെ സമയത്ത് കാണാൻ ആളുകളൊക്കെ വരുമ്പോൾ ഭയങ്കര എക്സൈറ്റഡ് ആയിരുന്നു. അന്ന് ഷൂട്ടിംഗ് കാണാൻ വന്ന ആളുകളെ കാണുമ്പോൾ എന്റെ ബോഡി ലാംഗ്വേജൊക്കെ മാറി നെഞ്ചൊക്കെ വിരിയുമായിരുന്നു. അതുപോലെ എക്സൈറ്റഡ് ആയിരുന്നു രണ്ടാമത്തെ സിനിമയിലും,’ പ്രകാശ് വർമ പറഞ്ഞു.
തുടരും സിനിമയിൽ തന്റെ അഭിനയം കണ്ടിട്ട് സംവിധായകൻ ഭദ്രൻ വിളിച്ചിട്ട്, സാധിക്കുമെങ്കിൽ അടുത്തതും ഒരു പൊലീസ് കഥാപാത്രത്തെ തന്നെ അവതരിപ്പിക്കാൻ പറ്റുമെങ്കിൽ ചെയ്യാൻ പറഞ്ഞു എന്നും പ്രകാശ് ഓർത്തെടുക്കുന്നു. ഒരു സിനിമയിൽ നിന്നും വ്യത്യസ്തമായി അടുത്ത സിനിമയിലും പൊലീസ് വേഷങ്ങളെ അവതരിപ്പിക്കുക എന്നത് ഒരു അഭിനേതാവെന്ന നിലയിൽ വെല്ലുവിളികൾ നിറഞ്ഞതാണെന്നും പ്രകാശ് വർമ പറഞ്ഞു.
തുടരും സിനിമയിൽ ഞാൻ ചെയ്ത ജോർജ് എന്ന പോലീസുകാരനും, ലോ ആൻഡ് ഓർഡറിലെ പൊലീസുകാരനും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. തുടരും കഴിഞ്ഞ സമയത്ത് നമ്മൾ ബഹുമാനിക്കുന്ന വലിയ സംവിധായകരും അഭിനേതാക്കളുമൊക്കെ സിനിമയിലെ എന്റെ പ്രകടനത്തിന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. അതിൽ ഒരിക്കൽ ഭദ്രൻ സർ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു, പറ്റുമെങ്കിൽ പ്രകാശ് അടുത്തതും ഒരു പൊലീസ് കഥാപാത്രം തന്നെ ചെയ്യാൻ നോക്കൂ എന്ന്.
കാരണം ഒരു പോലീസ് വേഷം സിനിമയിൽ ചെയ്താൽ അത് പിന്നീട് അടുത്ത സിനിമയിൽ എങ്ങനെ വ്യത്യസ്തമായിട്ട് ചെയ്യാൻ പറ്റും എന്നത് ഒരു ആക്ടർ എന്ന നിലയിൽ വലിയൊരു ചലഞ്ച് ആണ്. വളരെ ഈസിയാണ് മറ്റൊരു കഥാപാത്രത്തെ ചെയ്യാൻ. അങ്ങനെ നിൽക്കുമ്പോഴാണ് ലോ ആൻഡ് ഓർഡറിലേക്ക് ഒരു അവസരം ലഭിക്കുന്നത്,’ പ്രകാശ് വർമ പറഞ്ഞു.

പ്രകാശ് വർമ. തുടരും . Photo. IMDb
Content Highlight: Prakash Varma talks about playing police roles back-to-back in movies
നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം