നികുതിപ്പണം കൊണ്ട് 3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ചു, സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ കേരളം  സഹായം ചോദിച്ചപ്പോള്‍ നല്‍കിയില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്
Gulf Day
നികുതിപ്പണം കൊണ്ട് 3000 കോടിയുടെ പ്രതിമ നിര്‍മ്മിച്ചു, സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ കേരളം സഹായം ചോദിച്ചപ്പോള്‍ നല്‍കിയില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്
ഷംസീര്‍ ഷാന്‍
Sunday, 4th November 2018, 1:14 pm

ഷാര്‍ജ: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഴിതെറ്റിക്കുകയാണെന്ന് നടനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രകാശ് രാജ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്ത “നമ്മെ വിഴുങ്ങുന്ന മൗനം” എന്ന തന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഗൗരി ലങ്കേഷിന്റെ മരണമാണ് തന്നെ ഉണര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. അതോടെ താന്‍ പ്രതികരിക്കാന്‍ വൈകിയെന്ന് തോന്നിയിട്ടുണ്ട്. രാജ്യത്തെ 95 ശതമാനം ജനങ്ങള്‍ക്കും രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധമില്ല. അവര്‍ ഒരു ഐഡിയോളജിക്കും പിന്നില്‍ പോകാറില്ലെന്നും പ്രകാശ് രാജ് ഓര്‍മിപ്പിച്ചു.

മോദിയെപ്പോലെ ഒരു ഭീരുവായിരിക്കാന്‍ സാധിക്കുകയില്ല. മോദിയോട് വെറുപ്പില്ലെന്നുമാത്രമല്ല, അത്തരം വെറുപ്പുകള്‍ക്കുപോലും അദ്ദേഹം അര്‍ഹനല്ലെന്നതാണ് സത്യം. താന്‍ ടാര്‍ജറ്റ് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അറിയാമെന്നും പ്രകാശ് രാജ് തുറന്നടിച്ചു.

പ്രളയദുരിതത്തില്‍പ്പെട്ട കേരളം സ്വന്തം കാലില്‍ നിവര്‍ന്നുനില്‍ക്കാന്‍ അര്‍ഹതപ്പെട്ട സഹായം ആവശ്യപ്പെട്ടപ്പോള്‍ നാമമാത്രമായ തുക നല്‍കി അധിക്ഷേപിച്ചു. അതേസമയം, 3000 കോടി രൂപയുടെ പട്ടേല്‍പ്രതിമ നികുതിദായകരുടെ പണം എടുത്ത് നിര്‍മിക്കുകയും ചെയ്തു. ഇത് ചോദ്യംചെയ്യപ്പെടേണ്ടതാണ്.

ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തിയാണിതെന്നും പ്രകാശ് രാജ് ഷാര്‍ജയില്‍ പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് ഇന്റലക്ച്വല്‍ ഹാളില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ജനിച്ചത് സ്ത്രീയില്‍ നിന്നാണ്, അമ്മയില്‍നിന്നാണ്. അവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുന്ന ഒരു ദൈവത്തെയും ദൈവമായി കാണാന്‍ കഴിയില്ലെന്ന് ശബരിമല സ്ത്രീപ്രവേശ വിധിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.