ആദിപുരുഷിനെതിരെ വിമര്‍ശനം ഉന്നയിച്ച യുവാവിനെ മര്‍ദിച്ച് പ്രഭാസ് ആരാധകര്‍. ഹൈദരാബാദിലെ തിയേറ്ററിന് മുന്നിലാണ് സംഭവം നടന്നത്. പ്ലേ സ്റ്റേഷന് ഗെയ്മിലെ എല്ലാ ജീവികളും ചിത്രത്തിലുണ്ടെന്നും പ്രഭാസിന് വേഷം ഒട്ടും ചേരുന്നില്ലെന്നുമാണ് ഇദ്ദേഹം ചാനലുകള്‍ക്ക് മുമ്പില്‍ വന്ന് പറഞ്ഞത്.
‘പ്ലേ സ്റ്റേഷന് ഗെയിമുകളിലുള്ള എല്ലാ ജീവികളും ഇതിലുണ്ട്. ഹനുമാന്, ബാക്ക് ഗ്രൗണ്ട് സ്കോര്‍, അവിടെയും ഇവിടെയുമുള്ള 3D ഷോട്സ് എന്നിവ ഒഴിച്ചുനിര്‍ത്തിയാല്‍ ഇതിലൊന്നുമില്ല. പ്രഭാസിന് ഈ വേഷം ഒട്ടും ചേരുന്നില്ല. ബാഹുബലിയില്‍ അദ്ദേഹം ഒരു രാജാവിനെ പോലെയായിരുന്നു. കാണാന്‍ ഒരു രാജകീയത ഉണ്ടായിരുന്നു. അതിലെ രാജകീയത കണ്ടാണ് ഈ ചിത്രത്തിലേക്ക് എടുത്തത്. പ്രഭാസിനെ ശരിയായ രീതിയില്‍ കാണിക്കാന്‍ ഓം റൗട്ടിനായില്ല,’ എന്നാണ് ചാനലുകളോട് യുവാവ് പറഞ്ഞത്.

ഇത് കേട്ട് പ്രകോപിതരായ ആരാധകര്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെതിരായ മര്‍ദനത്തില്‍ വ്യാപകമായി വിമര്‍ശനവും ഉയരുന്നുണ്ട്. ചിത്രം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് തുറന്ന് പറയാനുള്ള സ്വാതന്ത്ര്യമില്ലേ എന്നും രാജ്യത്തെ തന്നെ ഏറ്റവും മോശം ഫാന്‍സാണ് പ്രഭാസിനുള്ളതെന്നുമാണ് വിമര്‍ശനങ്ങള്‍.
#Adipurush – #Prabhas fans beating the public for giving genuine review 🙄
Worst behavior 👍#AdipurushTickets #AdipurushOnJune16pic.twitter.com/zV8waEWm4z— VCD (@VCDtweets) June 16, 2023
രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യദിനത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ് കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Prabhas fans beat up a young man for criticising Adipurush
