ലഗേജിന് വെയിറ്റ് കൂടുതലാ, ഇത് നീ കൊണ്ടുപൊയ്‌ക്കോ; എല്ലാവരും ചിരിച്ച സീനിലെ വേദന എന്താണെന്ന് ഹാഷിറിന് മാത്രമേ അറിയൂ, വൈറലായി വാഴ 2ലെ കോമഡി സീന്‍
Malayalam Cinema
ലഗേജിന് വെയിറ്റ് കൂടുതലാ, ഇത് നീ കൊണ്ടുപൊയ്‌ക്കോ; എല്ലാവരും ചിരിച്ച സീനിലെ വേദന എന്താണെന്ന് ഹാഷിറിന് മാത്രമേ അറിയൂ, വൈറലായി വാഴ 2ലെ കോമഡി സീന്‍
അമര്‍നാഥ് എം.
Monday, 11th May 2026, 10:24 pm

മറ്റ് ഇന്‍ഡസ്ട്രികളില്‍ 100, 200 കോടി ബജറ്റിലൊരുങ്ങുന്ന, വന്‍ താരനിരയുള്ള സിനിമകള്‍ മാത്രം ഇന്‍ഡസ്ട്രി ഹിറ്റാകുമ്പോള്‍ മലയാളത്തില്‍ അതിന്റെയൊന്നും ആവശ്യമില്ലെന്ന് പലകുറി തെളിയിച്ചിട്ടുണ്ട്. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് വാഴ 2. ഇന്‍സ്റ്റഗ്രാമില്‍ റീലുകള്‍ ചെയ്തുനടന്ന ഒരുകൂട്ടം ചെറുപ്പക്കാരെ അണിനിരത്തി നവാഗതനായ സവിന്‍ സാ സംവിധാനം ചെയ്ത ചിത്രം സമാനതകളില്ലാത്ത വിജയമാണ് നേടിയത്.

തിയേറ്ററിലെ അതേ സ്വീകാര്യത ഒ.ടി.ടിയിലും ആവര്‍ത്തിക്കുകയാണ് വാഴ 2. കഴിഞ്ഞദിവസം ജിയോ ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിലെ പല സീനുകളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. കേരളത്തിലെ യുവാക്കള്‍ ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങളെയും കൃത്യമായി അഡ്രസ് ചെയ്യാന്‍ വാഴ 2ന് സാധിച്ചിട്ടുണ്ട്.

വാഴ 2 Photo: Jio Hotstar

കോമഡിക്കൊപ്പം ഇമോഷനും പ്രാധാന്യം നല്‍കിക്കൊണ്ടാണ് വാഴ 2 കഥ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പലരെയും ചിരിപ്പിച്ച ഒരു സീനിന്റെ മറ്റൊരു വശം ചര്‍ച്ചയാവുകയാണ്. യു.കെയിലേക്ക് പോകുന്ന അജിനും വിനായകിനും ഹാഷിര്‍ തന്റെ കൈകൊണ്ട് ഉണ്ടാക്കിക്കൊടുക്കുന്ന അച്ചാര്‍ അവര്‍ തിരിച്ച് കൊടുക്കുന്ന സീനുണ്ട്. ചിത്രത്തില്‍ അത് തമാശരൂപത്തിലാണ് സംവിധായകന്‍ കാണിച്ചത്.

എന്നാല്‍ ആ സീനിനെ വെറും കോമഡിയായി കാണരുതെന്നും വേദനയും അവഗണനയും പറയാതെ പറയുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. തന്റെ സുഹൃത്തുക്കള്‍ മറ്റൊരു നാട്ടിലേക്ക് പോകുമ്പോള്‍ അവിടെ അവര്‍ക്ക് കഴിക്കാന്‍ വേണ്ടി തന്റെ കൈകൊണ്ട് എന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കണമെന്ന ചിന്തയിലാണ് ഹാഷിര്‍ അത്രയും അച്ചാര്‍ ഉണ്ടാക്കുന്നത്.

വാഴ 2 Photo: Jio Hotstar

‘എന്തിനാ ഇത്രയും ഉണ്ടാക്കുന്നത്’ എന്ന് ഹാഷിറിന്റെ ഉമ്മ ചോദിക്കുമ്പോള്‍ ‘അവമ്മാര് പോകുമ്പോള്‍ എന്തെങ്കിലും കൊടുത്തുവിടണ്ടേ. അത് മാത്രമല്ല, ഞാന്‍ എന്തുണ്ടാക്കിയാലും അവര്‍ക്ക് വലിയ ഇഷ്ടമാ. അവിടെ ഒരു വര്‍ഷമെങ്കിലും ഇരിക്കണ്ടേ’ എന്നാണ് ഹാഷിറിന്റെ മറുപടി. എയര്‍പോര്‍ട്ടില്‍ വെച്ച് അവര്‍ക്ക് അച്ചാര്‍ കൊടുത്തുവിടുന്ന ഹാഷിറിനെ അലന്‍ തിരിച്ചുവിളിക്കുന്നുണ്ട്.

‘വല്ല കൂളിങ് ഗ്ലാസോ മാലയോ താരാനായിരിക്കും’ എന്ന് വിചാരിച്ച് ചെല്ലുമ്പോള്‍ ലഗേജിന്റെ വെയിറ്റ് കാരണം അവര്‍ ആ അച്ചാര്‍ തിരിച്ചുകൊടുക്കുകയാണ്. ഈയൊരു സീന്‍ തിയേറ്ററില്‍ തമാശയായിരുന്നെങ്കിലും ഒ.ടി.ടിയിലെത്തുമ്പോള്‍ ചര്‍ച്ചയാകുന്നത് ഹാഷിറിന്റെ വേദനയാണ്. ഉറ്റ സുഹൃത്തുക്കളില്‍ നിന്ന് ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഖഭാവത്തിലൂടെ ഹാഷിര്‍ വ്യക്തമാക്കുന്നുണ്ട്.

കൂടെയുണ്ടായിരുന്ന എല്ലാവരും മറ്റൊരു നാട്ടില്‍ പോയ ശേഷം തീര്‍ത്തും ഒറ്റപ്പെടുകയാണ് ഹാഷിര്‍. പിന്നീട് അനിയനോട് തന്റെ ഉള്ളിലെ വിഷമം പറയാതെ പറയുന്നുമുണ്ട്. ‘കൂടെയുള്ളവരൊക്കെ അങ്ങ് പോകും. അവസാനം കരയാനും കലങ്ങിയിരിക്കാനും വേറെയാരും കാണത്തില്ല’ എന്ന ഡയലോഗ് കാണികളുടെ ഉള്ളില്‍ തട്ടുന്നുണ്ട്. വാഴ 2 സ്‌പെഷ്യലാകുന്നത് ഇത്തരം സീനുകള്‍ കൊണ്ട് കൂടിയാണ്.

Content Highlight: Posts about Hashir’s airport scene in Vaazha 2 viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം