ഏത് ഭാഗവും ആയിക്കോട്ടെ, പാപ്പന്റെ വണ്ടിക്ക് ഈയൊരു കാര്യം നിര്‍ബന്ധമാ, വൈറലായി പോസ്റ്റുകള്‍
Malayalam Cinema
ഏത് ഭാഗവും ആയിക്കോട്ടെ, പാപ്പന്റെ വണ്ടിക്ക് ഈയൊരു കാര്യം നിര്‍ബന്ധമാ, വൈറലായി പോസ്റ്റുകള്‍
അമര്‍നാഥ് എം.
Wednesday, 18th March 2026, 5:00 pm

സിനിമാപ്രേമികള്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ആട് 3. ആദ്യഭാഗം പരാജയപ്പെട്ടിട്ടും പിന്നീട് വന്‍ ഫാന്‍ ബേസ് ലഭിച്ച ആടിന്റെ രണ്ടാം ഭാഗം ബ്ലോക്ക്ബസ്റ്ററായിരുന്നു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി പാപ്പനും കൂട്ടരും വീണ്ടും വരികയാണ്. പോസിറ്റീവ് റിപ്പോര്‍ട്ടാണെങ്കില്‍ ഈ വര്‍ഷത്തെ ആദ്യ 100 കോടി ആട് 3യിലൂടെ മലയാളസിനിമക്ക് ലഭിക്കുമെന്നും പലരും കണക്കുകൂട്ടുന്നു.

ആദ്യത്തെ രണ്ട് ഭാഗങ്ങളെ അപേക്ഷിച്ച് മേക്കിങ്ങിലും കഥപറച്ചിലിലും ഒരുപാട് പുതുമ ആട് 3യുടെ അണിയറപ്രവര്‍ത്തകര്‍ കൊണ്ടുവരുന്നുണ്ട്. മുന്‍ ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു ഴോണര്‍ ഷിഫ്റ്റ് ഈ ചിത്രത്തിലുണ്ടാകുമെന്ന് സംവിധായകന്‍ അറിയിച്ചു. എന്നാല്‍ അത്ര വെറൈറ്റിയാക്കാന്‍ ശ്രമിച്ചാലും മൂന്ന് ഭാഗങ്ങളിലും മാറാത്ത ഒരു കോമണ്‍ ഫാക്ടര്‍ സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

കഴിഞ്ഞദിവസം ചിത്രത്തിലെ ഒരു രംഗം പുറത്തുവിട്ടതിന് പിന്നാലെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സൈജു കുറുപ്പ് അവതരിപ്പിക്കുന്ന അറക്കല്‍ അബു എന്ന കഥാപാത്രത്തെ കൈപ്പുഴ കുഞ്ഞപ്പന്‍ എടുത്ത് എറിയുമ്പോള്‍ അയാള്‍ നേരെ ഷാജി പാപ്പന്റെ വണ്ടിയുടെ മുകളിലേക്കാണ് വീഴുന്നത്. വീഴ്ചയില്‍ വണ്ടിയുടെ ഗ്ലാസ് തകരുന്നുണ്ട്.

ഇതോടെ ആടിന്റെ മൂന്ന് ഭാഗങ്ങളിലും ഷാജി പാപ്പന്റെ വണ്ടിയുടെ ഫ്രണ്ട് ഗ്ലാസിന് ആയുസ്സില്ലെന്നാണ് പോസ്റ്റില്‍ പറയുന്നത്. ആദ്യഭാഗത്തില്‍ മരത്തിലിടിച്ച് ഗ്ലാസ് തകരുമ്പോള്‍ രണ്ടാം ഭാഗത്തില്‍ ലോലന്‍ കാരണമാണ് ഗ്ലാസ് തകരുന്നത്. ഇപ്പോഴിതാ മൂന്നാം ഭാഗത്തില്‍ അബുവും ഗ്ലാസ് തകര്‍ത്തതോടെ കോളം തികച്ചിരിക്കുകയാണ്.

സംവിധായകന്‍ ഇക്കാര്യം മനപൂര്‍വം ചെയ്യുന്നതാണോ ഇതില്‍ വല്ല ഡയറക്ടര്‍ ബ്രില്യന്‍സുമുണ്ടോ എന്നും ചോദിക്കുന്നുണ്ട്. അങ്ങേയറ്റം കാരിക്കേച്ചര്‍ സ്വഭാവമുള്ള ഷാജി പാപ്പന്റെ വണ്ടിക്കും നല്ലൊരു ഫാന്‍ബേസുണ്ട്. മൂന്നാം ഭാഗത്തില്‍ പാപ്പനെയും ടീമിനെയും തേടിവരുന്ന പണി എന്താണെന്ന് ഇതിനോടകം ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

ആദ്യത്തെ രണ്ട് ഭാഗത്തിലും നടക്കാത്ത പല കാര്യങ്ങളും മൂന്നാം ഭാഗത്തില്‍ നടക്കാന്‍ സാധ്യതയുണ്ട്. വലിയ ഫാന്‍ ബേസുണ്ടായിട്ടും ആട് സീരീസില്‍ ഇതുവരെ നേരിട്ട് കാണാത്ത രണ്ട് കഥാപാത്രങ്ങളാണ് സാത്താന്‍ സേവ്യറും ഷാജി പാപ്പന്‍. മൂന്നാം ഭാഗത്തില്‍ ഇരുവരും തമ്മിലുള്ള ഫേസ് ഓഫ് സീന്‍ ഉണ്ടാകുമോ എന്നാണ് പലരും ഉറ്റുനോക്കുന്നത്.

നാലാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാകും ആട് 3 അവസാനിക്കുക. ആദ്യ രണ്ട് ഭാഗങ്ങളിലെ സകല കഥാപാത്രങ്ങളും രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം കാവ്യ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Post about Director brilliance in Aadu 3 viral

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം