അമരാവതി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായ ഇന്നലെ വ്യാപകമായ ഇ.വി.എം തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആന്ധ്രയില്‍ വോട്ടെടുപ്പ് നീണ്ടത് രാത്രി ഒരു മണി വരെ.

ഏതാണ്ട് 80 ശതമാനത്തോളം പോളിങ്ങാണ് ആന്ധ്രാപ്രദേശില്‍ രേഖപ്പെടുത്തിയത്. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ വലിയ അക്രമസംഭവങ്ങളായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് തടസ്സപ്പെട്ടിരുന്നു. ഇതിനിടെ ടി.ആര്‍.എസും വൈ.എസ്.ആര്‍.സി.പി പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റവും നടന്നു. പല പോളിങ് ബൂത്തുകള്‍ക്ക് മുന്‍പിലും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വൈ.എസ്.ആര്‍.സി.പിയുടേയും ടി.ആര്‍.എസിന്റെയും ഓരോ പ്രവര്‍ത്തകര്‍ അക്രമസംഭവങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ആന്ധ്രയിലെ ഗുണ്ടൂര്‍, കൃഷ്മ, നെല്ലൂര്‍, കുര്‍നൂല്‍ തുടങ്ങിയ പല ജില്ലകളിലും വൈകീട്ട് ആറ് മണിക്ക് ശേഷമാണ് കൂടുതല്‍ ആളുകള്‍ വോട്ട് ചെയ്യാനായി എത്തിയത്. ആറ് മണിക്ക് ശേഷം നീണ്ട ക്യൂ ആണ് പോളിങ് ബൂത്തുകളില്‍ കണ്ടത്. രാത്രി 1 മണി കഴിഞ്ഞിട്ടും പല ബൂത്തുകളിലും തിരക്കുണ്ടായിരുന്നു. സംസ്ഥാനത്തെ 400 ഓളം പോളിങ് ബൂത്തുകളിലാണ് ഇ.വി.എം തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതില്‍ ക്ഷുഭിതനായി ജനസേന സ്ഥാനാര്‍ഥി മധുസുദനന്‍ ഗുപ്ത അനന്ത്പൂര്‍ ജില്ലയിലെ പോളിംഗ് ബൂത്തില്‍ കയറി വോട്ടിംഗ് യന്ത്രം തകര്‍ത്തിരുന്നു.

മണിക്കൂറുകളോളം കാത്തുനിന്നിട്ടും വോട്ടുചെയ്യാനാകാതെ ആളുകള്‍ തിരിച്ചുപോയ സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

വോട്ടിംഗ് യന്ത്രങ്ങള്‍ തകരാറിലായതിന് പിന്നാലെ 30 ശതമാനം പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന് ആവശ്യയപ്പെട്ട് ടി.ഡി.പി അധ്യക്ഷനും മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

30 ശതമാനത്തോളം വോട്ടിങ് മെഷീനുകളും ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതിയില്‍ പറഞ്ഞത്. നിരവധി പേര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിച്ചില്ല. 9.30 ആയിട്ടും പോളിങ് തുടങ്ങാത്തതിനാല്‍ ഇവര്‍ മടങ്ങിപ്പോയി. സാങ്കേതിക പ്രശ്നങ്ങള്‍ തീര്‍ത്ത് വോട്ടിങ് തുടങ്ങിയിട്ടും മടങ്ങിപ്പോയ പലരും വോട്ടു ചെയ്യാന്‍ എത്തിയില്ല. അതിനാല്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നാണ് ടി.ഡി.പിയുടെ ആവശ്യം.