പുലര്‍ച്ചെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടയൊയിരുന്നു കോഴിക്കോട്ടെ പന്ത്രണ്ടുകാരിയ്ക്ക് അയല്‍വാസികളില്‍ നിന്ന് ക്രൂരതയ്ക്കിരയാകേണ്ടി വന്നത്. കൂലിപ്പണിക്കാരിയായ അമ്മ രാവിലെ പണിക്കു പോയസമയത്തായിരുന്നു കുട്ടിയെ അയല്‍വാസികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുന്നത്.
അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് അയല്‍വാസികള്‍ക്കെതിരെ കേസെടുക്കുകയും കുട്ടിയെ കെയര്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും അധികം വൈകാതെ തന്നെ ഇവര്‍ ജാമ്യത്തിലിറങ്ങി.
എന്നാല്‍ കെയര്‍ ഹോമിലേക്ക് മാറ്റപ്പെട്ട എട്ടാം ക്ലാസുകാരിയാകട്ടെ കുടുംബത്തില്‍ നിന്നകന്ന് ഇപ്പോഴും കെയര്‍ ഹോമില്‍ കഴിയുകയാണ്. ജാമ്യത്തിലിറങ്ങിയ പ്രതികള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയപ്പോഴാണ് പീഡനത്തിനു ഇരയാകപ്പെട്ട പെണ്‍കുട്ടി കോടതി കേസില്‍ തീര്‍പ്പു കല്‍പ്പിക്കാത്തതിനെത്തുടര്‍ന്ന് സ്വന്തം അമ്മയില്‍ നിന്നും അകന്ന് കെയര്‍ ഹോമില്‍ കഴിയേണ്ടി വരുന്നത്.
ഇത് കോഴിക്കോട്ടെ ഒരു കുട്ടിയുടെ മാത്രം കഥയല്ല. ഇത്തരത്തില്‍ നിരവധി കുട്ടികളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തങ്ങളുടേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് കുടുംബത്തില്‍നിന്നു വര്‍ഷങ്ങളായി അകന്ന് കഴിയേണ്ടി വരുന്നത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനായി ആവിഷ്‌കരിച്ച “പോക്സോ” പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകള്‍ സംസ്ഥാനത്ത് കെട്ടികിടക്കുന്നതായുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ പ്രത്യേക നിയമം നടപ്പിലാക്കി കേസുകളെ നേരിടുമ്പോഴാണ് രജിസ്റ്റര്‍ ചെയ്ത കേസുകളും കോടതിയിലെത്തിയവയും നീണ്ടു പോകുന്നതായും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.  ഇത്തരത്തില്‍ കേസുകള്‍ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നത് മൂലമാണ് കുട്ടികള്‍ മാനസിക പീഡനം അനുഭവിക്കുമ്പോഴും പ്രതികള്‍ക്ക് സമൂഹത്തില്‍ സാധാരണ ജീവിതം നയിക്കാന്‍ കഴിയുന്നത്.
2016 ലെ കണക്കുകള്‍ പ്രകാരം പ്രത്യേക കോടതികളില്‍ എത്തിയ പോക്‌സോ കേസുകള്‍ 4,275 എണ്ണമാണെന്നും ഇതില്‍ തീര്‍പ്പാക്കിയത് വെറും 620 എണ്ണം മാത്രമാണെന്നുമുള്ള സംസ്ഥാന ബാലവകാശ കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശിയയുടെ പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തീര്‍പ്പാക്കിയ 620 കേസില്‍ 73 കേസുകളില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളതെന്നും 484 കേസുകളിലെ പ്രതികളെ വെറുതെ വിടുകയായിരുന്നെന്നും ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയുടേതായി പുറത്തുവന്ന പി.ആര്‍.ഡി റിപ്പോര്‍ട്ട്  വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ കുട്ടികള്‍ വീടുകളില്‍ പോലും സുരക്ഷിതരല്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് ബാലാവകാശ കമ്മീഷന്‍ പുറത്തുവിട്ടിരിക്കുന്നത്. 2016 ജനുവരി മുതല്‍ ഡിസംബര്‍ വരെ സംസ്ഥാനത്ത് 2,093 പോക്‌സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പ്രതികളായ 2,491 പേരില്‍ 1,666 പേരെ കുട്ടികള്‍ക്ക് അടുത്തറിയാവുന്നവരാണ്. 2013 ല്‍ 1,002 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2016 ല്‍ എണ്ണം ഇരട്ടിയിലേറെയായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ വര്‍ഷം പോക്സോ കോടതികളിലെത്തിയ 4275 കേസില്‍ ഒത്തുതീര്‍പ്പായ കേസുകളുടെ എണ്ണം വെറും 58 എണ്ണമാണ്. ഇതില്‍ നഷ്ടപരിഹാരം അനുവദിക്കപ്പെട്ടവ 23 ഉം. ബാക്കി കേസുകള്‍ കോടതിയില്‍ കെട്ടിക്കിടക്കുകയാണെന്നും ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മ്മാണം നടപ്പിലാക്കി സര്‍ക്കാരും സമൂഹവും ഒരുപോലെ ജാഗരൂകരെന്ന് അവകാശപ്പെടുമ്പോഴാണ് ഇത്തരം കേസുകള്‍ ഇഴഞ്ഞു നീങ്ങുന്നതായും പ്രതികള്‍ നിയമത്തിനു മുന്നിലെത്തുന്നില്ലെന്നുമുള്ള ഔദ്യോഗിക കണക്കുകള്‍ പുറത്തുവരുന്നത്.
കമ്മീഷന്‍ അധ്യക്ഷയുടെ പ്രസ്താവന പത്രമാധ്യമങ്ങളില്‍ വന്നതിന്റെ അടിസ്ഥാനത്തില്‍ ഡൂള്‍ന്യൂസ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷയുമായി ബന്ധപ്പെട്ടിരുന്നെങ്കിലും വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ നടത്താന്‍ കമ്മീഷന്‍ തയ്യാറായില്ല.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലായിരുന്നു 2012 ല്‍ അതുവരെയുണ്ടായിരുന്ന നിയമങ്ങളെ വിലയിരുത്തി മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് “പോക്‌സോ” (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫെന്‍സ് ആക്ട്.) സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്. ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിലും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണയ്ക്കും വേണ്ടി സ്പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയായിരുന്നു പോക്‌സോ നിയമം.
പോക്സോ പ്രകാരം കുട്ടികളെ ലൈംഗിക താല്‍പര്യത്തോടെ സ്പര്‍ശിക്കുന്നത് മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്. ഈ കുറ്റം അധ്യാപകര്‍, മതാധ്യാപകര്‍, ആശുപത്രി ജീവനക്കാര്‍, പൊലീസ് തുടങ്ങിയവരുടെ ഭാഗത്തുനിന്നാണ് ഉണ്ടാവുന്നതെങ്കില്‍ തടവ് എട്ട് വര്‍ഷം വരെയാണ്.
നിയമവിരുദ്ധമായി ലൈംഗികകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്നതും അല്ലെങ്കില്‍ അതിനായി നിര്‍ബന്ധിക്കുന്നതും വേശ്യാവൃത്തിക്കും മറ്റ് നിയമവിരുദ്ധ ലൈംഗിക പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികളെ ചൂഷണം ചെയ്യുന്നതും തടയുന്നതാണ് പോസ്‌കോ നിയമം. കുറ്റകൃത്യങ്ങള്‍ തടയാനും വിധേയരാകപ്പെടുന്ന കുട്ടികള്‍ക്ക് മാനസികമായ പിന്തുണ നല്‍കുന്നതിനും വേണ്ടി ആവിഷ്‌കരിച്ച നിയമം ഇതുവരെ പൂര്‍ണ്ണമായും പ്രാവര്‍ത്തികമായിട്ടില്ലെന്നാണ് നിയമരംഗത്തുള്ളവര്‍ പറയുന്നത്. കൃത്യമായി പിന്തുടരുകയാണെങ്കില്‍ കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി തടയാന്‍ “പോക്‌സോ” നിയമം പര്യാപ്തമാണ്.
നിയമസംഹിതയിലെ ഏറ്റവും മികച്ച ഭാഗമാണെങ്കിലും പോക്‌സോയില്‍ പറയുന്ന കാര്യങ്ങള്‍ ഇതുവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കിയിട്ടില്ല. പോക്‌സോ ആക്ടില്‍ പറയുന്ന സപ്പോര്‍ട്ടീവ് പേഴ്‌സണ്‍, വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്‍, വിചാരണയ്ക്കായുള്ള പ്രത്യേക കോടതികള്‍ തുടങ്ങിയവയൊന്നും ഇതുവരെ എല്ലായിടത്തും സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നത് കേസുകള്‍ വിചാരണ കൂടാതെ കെട്ടിക്കിടക്കാന്‍ കാരണമാകുന്നുണ്ട്.
Image result for pocso
ഒരു കുട്ടിക്ക് ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ കുട്ടിയ്ക്കും കുടുംബത്തിനും മാനസികമായ പിന്തുണ നല്‍കുന്നതിനായാണ് സപ്പോര്‍ട്ടീവ് പേഴ്‌സണെ ഇത്തരം കേസുകളില്‍ നിയമിക്കുന്നത്. “സമ്മര്‍ദ്ദങ്ങളും സ്വാധീനങ്ങളും ഭീഷണികളും കുടുംബത്തിനു കുട്ടിയ്ക്കും നേരിടേണ്ടി വരുന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കാന്‍ സപ്പോര്‍ട്ടീവ് പേഴ്‌സണെ നിയമിക്കാന്‍ നിയമം പറയുന്നുണ്ട്. പക്ഷേ അതൊന്നും എവിടെയും നടപ്പായിട്ടില്ല. വെല്‍ഫയര്‍ കമ്മിറ്റിപോലുള്ള അതോറിറ്റികള്‍ അത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.” അഡ്വ സ്വപ്ന ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
പോക്‌സോ കോടതികളില്‍ നിലവില്‍ 2014-15 കാലയളവിലെ കേസുകളാണ് പരിഗണിക്കുന്നത്. ഈ കാലയളവില്‍ മാത്രം 2,985 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോക്സോ കേസ് രജിസ്റ്റര്‍ ചെയ്താല്‍ 30 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് ഒരുവര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ മൂന്നു വര്‍ഷം മുന്നേയുള്ള കേസുകളാണ് നിലവില്‍ പോക്‌സോ കോടതി പരിഗണിക്കുന്നത്.
ഇത് കേസിലകപ്പെടുന്ന കുട്ടികളുടെ മാനസിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും പ്രതികള്‍ കുറ്റവിമുക്തരാകാനുമാണ് സഹായിക്കുന്നത്. കേസില്‍ പ്രതിയായ ആളുകള്‍ തന്നെ കുട്ടികള്‍ക്ക് തണലേകേണ്ട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്ഥിതിയും കണ്ടുവരുന്നുണ്ട്. 2013 ല്‍ വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു സംഭവത്തിലെ പ്രതി അതേ സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു. മൂന്ന് കുട്ടികളായിരുന്നു ജീവനക്കാരനെതിരെ പരാതി നല്‍കിയിരുന്നത്.
2013 ല്‍ നടന്ന ആ കേസ് വിചാരണയ്‌ക്കെടുക്കുന്നത് ഈയടുത്തായിരുന്നു. ഇത്രയും നാളും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യക്തി ഇതേ സ്ഥാപനത്തില്‍ തന്നെ ജോലി തുടര്‍ന്നിരുന്നെന്നത് പരാതിക്കാരയ വിദ്യാര്‍ത്ഥികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. “പരാതി കൊടുത്ത കുട്ടികളൊക്കെ പതിനെട്ടു വയസ്സായി ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പോയി. എന്നാല്‍ നാലു വര്‍ഷത്തിനിപ്പുറവും അയാള്‍ അവിടെ ജോലി ചെയ്യുന്നു. ആ കേസില്‍ അയാള്‍ക്ക് പരാതിക്കാരായ കുട്ടികളെ സ്വാധീനിക്കാന്‍ കഴിയുമായിരുന്നു എന്നാണ് ഇതില്‍ നിന്ന് മനസിലായത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിരുത്തരവാദിത്വമാണ് ഇത് സൂചിപ്പിക്കുന്നത്. ഏത് കക്ഷി ഭരിച്ചാലും ഇത് തന്നെയാണ് അവസ്ഥ.”  സ്വ്പന ഡൂള്‍ന്യൂസിനോട് പറഞ്ഞു.
പോക്‌സോ കേസുകള്‍ക്കായി പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെങ്കിലും തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടുമായി മൂന്നെണ്ണം മാത്രമാണ് നിലവിലുള്ളത്. മറ്റിടങ്ങളില്‍ അഡിഷണല്‍ ഡിസ്ട്രിക്ട് കോടതിക്കാണ് ചുമതല. പ്രത്യേക കോടതികളുടെ അഭാവം തുടര്‍നടപടികളുടെ വേഗം കുറയ്ക്കുകയാണ്. പോക്‌സോയില്‍ പറയുന്ന “വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്‍” കോഴിക്കോട് ജില്ലയില്‍ ഇതുവരെയും നിലവില്‍ വന്നിട്ടില്ല.
ഡോക്ടര്‍, അഭിഭാഷകന്‍, സോഷ്യല്‍ വര്‍ക്കര്‍, സൈക്കോളജിസ്റ്റ്, തുടങ്ങി കേസിലകപ്പെടുന്ന കുട്ടിക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്ന അതോറിറ്റിയാണ് വണ്‍ സ്റ്റോപ്പ് ക്രൈസിസ് സെല്‍. ഇത്തരം കേസുകള്‍ക്ക് വിധേയരാകുന്നവര്‍ക്ക് ഒരിക്കല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് മൊഴി നല്‍കേണ്ടി വരികയുള്ളു. “ഇപ്പോ പൊലീസ് സ്റ്റേഷനില്‍ മൊഴി നല്‍കണം. സൈക്കോളജിസ്റ്റിനെ കാണിക്കുമ്പോ അവിടെ പറയണം, ലോയര്‍ വരുമ്പോ അവരുടെ അടുത്ത് പറയണം. കുട്ടികള്‍ക്കായാലും ഇത് ബുദ്ധിമുട്ടാണ്. സ്ത്രീകള്‍ക്കും കൂടി ഉള്ളതാണ് ഈ സെല്‍. ഇത്തരത്തിലുള്ള കുറേ കാര്യങ്ങള്‍ കൊണ്ടുവരിക കൂടി ചെയ്താല്‍ ഈ നിയമം കൂടുതല്‍ മികച്ച രീതിയില്‍ നടപ്പിലാവും.” അഡ്വ സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു.
പോക്‌സോ ഒരു കേസില്‍ ചുമത്തുകയാണെങ്കില്‍ പ്രതിക്ക് ഒത്തുതീര്‍പ്പിലൂടെയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ നിയമപരിധിയില്‍ നിന്നും രക്ഷപെടാനുള്ള പഴുതുകള്‍ ഇല്ലാതാവും. പോക്‌സോ പ്രതിക്ക് ജാമ്യം ലഭിക്കുകയുമില്ല. ഇരയായ കുട്ടി പിന്നീട് മൊഴി മാറ്റിപ്പറഞ്ഞാലും ആദ്യമൊഴി തന്നെയാണ് നിലനില്‍ക്കുക.
നിയമ നടപടികളുണ്ടാകുന്ന കേസില്‍ തന്നെ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ അതൊന്നും റിപ്പോര്‍ട്ട് ചെയ്യാതെ പോവുകയാണെന്നും അഡ്വ. സ്വപ്ന ഡൂള്‍ന്യൂസിനോട് പറഞ്ഞു. “നിയമ നടപടികളുമായി  മുന്നോട്ട് പോകുമ്പോള്‍ തന്നെ പ്രതികള്‍ ഒത്തുതീര്‍പ്പിനായി ശ്രമിക്കുകയാണ്. കോടതിയില്‍ പല കേസുകളും എത്തിപ്പെടുന്നില്ല. രക്ഷിതാക്കള്‍ക്ക് 25-30 ലക്ഷം രൂപ ഒക്കെ വലിയ തുക ഓഫര്‍ ചെയ്താണ് കേസ് ഒത്തുതീര്‍ക്കുന്നത്. അതുമല്ലെങ്കില്‍ ഭീഷണിപ്പെടുത്തിയോ മറ്റു സമ്മര്‍ദ്ദങ്ങള്‍ വഴിയോ കേസ് കോടതിയിലെത്താതിരിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നു. എന്നാല്‍ അവയൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ട്.”
കേസ് എടുക്കാന്‍ നീണ്ടു പോകുന്നതും വിചാരണ നീളുന്നതും കേസുകളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു. “തലശ്ശേരി സെഷന്‍സ് കോടതിയില്‍ വിദേശത്ത് ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ കുട്ടിയുടെ കേസ് സമാന സാഹചര്യത്തില്‍ കിടക്കുന്നുണ്ട്. കുട്ടിയുടെ മാതാവ് ഇപ്പോള്‍ നാട്ടിലുണ്ട്. അവര്‍ ജോലി ഉപേക്ഷിച്ച് വന്നിരിക്കുകയാണ്. കേസ് അനന്തമായി നീണ്ടുപോകുന്ന കാരണം അവര്‍ ഇപ്പോള്‍ വരുമാനമില്ലാതെയിരിക്കുകയാണ്. കേസ് തീര്‍ത്ത് കുട്ടിയെ സുരക്ഷിതമാക്കുകയും പഠിപ്പിക്കുകയും ചെയ്യണം എന്നാണ് അവരുടെ ലക്ഷ്യമെന്ന കുട്ടിയുടെ അമ്മ എന്നോട് പറഞ്ഞിരുന്നു.  “കേസ് നീളുകയാണ്. ഇപ്പോള്‍ ആ കേസ് ജനുവരിയിലേക്ക് വിളിച്ചിരിക്കുകയാണ്. പ്രതികള്‍ സുഖമായി കഴിയുമ്പോള്‍ എന്റെ മോള് ഒരുപാട് അനുഭവിക്കുകയാണ്.” എന്നായിരുന്നു സൗദിയില്‍ ഗദ്ദാമയായി ജോലി ചെയ്യുന്ന അവര്‍ പറഞ്ഞത്.”  സ്വപ്ന സാക്ഷ്യപ്പെടുത്തുന്നു.
പോക്സോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിചാരണ നടത്തിയ കേസുകളിലൊക്കെ ഫലമുണ്ടാകാറുണ്ടെന്നും എന്നാല്‍ കാലതാമസം ഉണ്ടാക്കുന്നത് കേസ് നടത്തിക്കൊണ്ടു പോകാന്‍ രക്ഷിതാക്കളില്‍ മടുപ്പുണ്ടാക്കുന്നുവെന്നും സ്വപ്ന പറയുന്നു. പോക്സോ നിയമം ശക്തമാണെന്നും എന്നാല്‍ കേസ് നീണ്ടു പോകുന്നതും കോടതിയ്ക്കു പുറത്ത് ഒത്തുതീര്‍പ്പാക്കുന്നതുമാണ്  വിപരീത ഫലമുണ്ടാക്കുന്നെതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞദിവസം പോക്സോ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്നും  കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ വരുന്ന കാലതാമസം കുട്ടികള്‍ക്ക് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ച് പാലക്കാട്ടെ നിര്‍ഭയ ഷെല്‍റ്റര്‍ ഹോം വെല്‍ഫയര്‍ കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. വിചാരണ നീളുന്നതും നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നതിന്റെയും പ്രധാന തെളിവുകളാണ് വര്‍ധിച്ചു വരുന്ന പോക്‌സോ കേസുകള്‍. ഈ വര്‍ഷം പൂര്‍ത്തിയാവാന്‍ ഒരുമാസം ശേഷിക്കേ തന്നെ സംസ്ഥാനത്ത് 30,383 പരാതികളാണ് ചൈല്‍ഡ്‌ലൈന് ലഭിച്ചിട്ടുള്ളതെന്ന് അധികൃതര്‍ പറയുന്നു. ഇതില്‍ 10,687 പരാതികള്‍ ഗുരുതര സ്വഭാവമുള്ളവയുമാണ്.
 
പരാതിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗിക അതിക്രമങ്ങള്‍ 1297 എണ്ണമാണ്. രജിസ്റ്റര്‍ ചെയ്യാത്ത കേസുകള്‍ ഇതിലേറെ ആയിരിക്കുമെന്നും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പറയുന്നു കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനായി അവലംബിച്ച നിയമസംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാകാത്തതാണ് ഇപ്പോഴും അതിക്രമങ്ങളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് തെളിയിക്കുന്നതാണ് ഈ കണക്കുകള്‍.
നിയമത്തില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കുകയും നിയമത്തെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ബോധവാന്മാരാക്കുകയും ചെയ്താല്‍ പോക്സോ വഴിതന്നെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളെ ഫലപ്രദമായി തടയാന്‍ കഴിയും. എന്നാല്‍ നിയമം നടപ്പിലാക്കി അഞ്ച് വര്‍ഷം കഴിയുമ്പോഴും ഇത് എത്രത്തോളം പ്രാവര്‍ത്തികമാക്കപ്പെട്ടിണ്ടെുന്ന് അധികൃതര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.