തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ രൂക്ഷമായ മരുന്നു ക്ഷാമത്തെക്കുറിച്ച് തങ്ങളുന്നയിച്ച വസ്തുതകള്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിവെക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.

കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ എത്രത്തോളം ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത് എന്നതിന്റെ ഞെട്ടിക്കുന്ന തെളിവാണിതെന്നും പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഡി.എം.ഒമാരും ഡി.പി.എമ്മുമാരും ഉള്‍പ്പെടുന്ന ഔദ്യോഗിക ഗ്രൂപ്പില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ നല്‍കിയ ഈ നിര്‍ദ്ദേശത്തില്‍ ആശുപത്രികളില്‍ മരുന്നു പ്രതിസന്ധി രൂക്ഷമാണെന്ന് തുറന്നു സമ്മതിക്കുകയാണ്. ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ ഫണ്ടില്‍ പണമുണ്ടെങ്കില്‍ പ്രാദേശികമായി അതുപയോഗിച്ച് സൂപ്രണ്ടുമാര്‍ അടിയന്തരമായി മരുന്നു വാങ്ങണമെന്നും അല്ലാത്തപക്ഷം വലിയ പ്രശ്‌നമാകുമെന്നുമാണ് ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും പിണറായി പറഞ്ഞു.

ചികിത്സ തേടിവരുന്ന സാധാരണ ജനങ്ങള്‍ ഈ പരാതി ഉന്നയിച്ചിരുന്നു. ആശുപത്രികളില്‍ അവശ്യമരുന്നുകള്‍ പോലും ലഭ്യമല്ലെന്ന പരാതി മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തിരുന്നു. വകുപ്പ് മേധാവിയുടെ ശ്രദ്ധയിലും ഇതു വന്നിട്ടുണ്ട്. പക്ഷെ ആരോഗ്യമന്ത്രി ഇതെല്ലാം പാടേ നിഷേധിക്കുകയാണ്. അടിയന്തിരമായി മരുന്നെത്തിക്കാനാവശ്യമായ ഇടപെടല്‍ നടത്തുന്നതിനു പകരം കണ്ണടച്ച് ഇരുട്ടാക്കുകയാണ് സര്‍ക്കാരെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുകത്തി.

മെഡികല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴി സമയബന്ധിതമായി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു എന്നതിന്റെ ഔദ്യോഗിക കുറ്റസമ്മതമാണ് ആരോഗ്യവകുപ്പ് ഡയറക്ടറിലൂടെ പുറത്തുവന്നിരിക്കുന്നത്. അപ്പോഴും ആശുപത്രി സൂപ്രണ്ടുമാര്‍ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന ഇണ്ടാസിറക്കി പ്രതിസന്ധി മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മരുന്നുക്ഷാമം പുറത്തറിയാതിരിക്കാന്‍ ഇരുമ്പുമറ തീര്‍ക്കുന്നതിന് പകരം ആശുപത്രികളില്‍ മരുന്നെത്തിക്കാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മരുന്ന് ക്ഷാമമുണ്ടെന്ന് സമ്മതിക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഡിയോ സന്ദേശം പുറത്ത് വന്നതായി ചില മലയാളം ചാനലുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് പിണറായിയുടെ പ്രതികരണം.

ഡി.എം.ഒമാരും ഡി.പി.എംമാരും ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അയച്ച ഓഡിയോ സന്ദേശമാണ് ഇതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആശുപത്രി സൂപ്രണ്ടുമാര്‍ മരുന്ന് എത്രയും വേഗം സംഭരിക്കണമെന്നും ഇല്ലെങ്കില്‍ പ്രശ്‌നമാകുമെന്നും ഈ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

Content Highlight: Pinarayi Vijayan on Alleged Medicine shortage