എഡിറ്റര്‍
എഡിറ്റര്‍
‘ലൗ ജിഹാദ്’ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ കണ്ടുപിടിച്ച വാക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
എഡിറ്റര്‍
Monday 16th October 2017 12:14pm


ന്യൂദല്‍ഹി: ലൗ ജിഹാദ് പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതിന് കണ്ടുപിടിച്ച വാക്കാണ് ലൗ ജിഹാദെന്നും എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ദുരുപദിഷ്ടമായ ഈ പ്രചാരണം കണ്ട് ആര്‍.എസ്.എസിന്റെ പദ്ധതി തകര്‍ക്കാന്‍ ഐക്യപ്പെട്ടിരിക്കുകയാണെന്നും പിണറായി പറഞ്ഞു.

ദല്‍ഹി യുണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് സംഘടിപ്പിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍. കേരളത്തെ മോശമായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ ചില ദേശീയ മാധ്യമങ്ങള്‍ സംഘടിതമായി പ്രചരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

അസത്യ പ്രചാരണങ്ങളെ തിരിച്ചറിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും സത്യം പുറത്തുകൊണ്ട് വരുന്നവരെ ഭീഷണി പെടുത്തുന്ന സാഹചര്യമാണിന്നുളളതെന്നും പിണറായി പറഞ്ഞു.


Read more:   കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ രോമത്തില്‍ പോലും മുറിവേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല; ബി.ജെ.പി നേതാവ് സരോജ് പാണ്ഡേക്ക് മറുപടിയുമായി കോടിയേരി


കേരളത്തെ സോമാലിയയോട് ഉപമിച്ചപ്പോള്‍ മലയാളികള്‍ ഒന്നടങ്കം പ്രതിരോധിച്ചു. നോട്ടുനിരോധനത്തിന് പിന്നാലെ കേരളത്തിന്റെ സഹകരണമേഖല കള്ളപ്പണ കേന്ദ്രങ്ങളാണെന്ന് പ്രചരിപ്പിച്ചപ്പോഴും മലയാളികള്‍ രാഷ്ട്രീയ ഭേദമന്യേ ഒറ്റക്കെട്ടായി പ്രതിരോധിച്ചുവെന്നും പിണറായി പറഞ്ഞു.

സമൂഹമാധ്യമങ്ങളിലൂടെ കേരളത്തിനെതിരെ നിരവധി പ്രചരണങ്ങളാണ് നടന്നത്. ഫുട്‌ബോള്‍ മാച്ചിന്റെ ആഘോഷപ്രകടനം കേരളത്തില്‍ കൊലപാതകം ആഘോഷിക്കുന്നതിന്റെ വീഡിയോയായി പ്രചരിപ്പിക്കപ്പെട്ടു. മറ്റെവിടെയോ നടന്ന കലാപംകേരളത്തിന്റേതാക്കി ട്വിറ്ററില്‍ പോസ്റ്റിട്ടു. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിനെതിരെ നടത്തിയ തെരുവ് നാടകത്തെ ഹിന്ദുസ്ത്രീയെ കൊല്ലുന്നുവെന്ന് വളച്ചൊടിച്ച് പ്രചരിപ്പിച്ചുവെന്നും പിണറായി പറഞ്ഞു.

കണ്ണൂരിലെ അക്രമത്തെ കുറിച്ച് ബി.ജെ.പി നടത്തുന്ന അവകാശവാദങ്ങള്‍ തെറ്റാണെന്നാണ് കണക്കുകളും ചരിത്രവും വ്യക്തമാക്കുന്നതെന്ന് പിണറായി പറഞ്ഞു. 60 കളില്‍ ബീഡി തൊഴിലാളികളെ നേരിടാന്‍ സ്വകാര്യ സേനയെ ഉണ്ടാക്കിയെന്നും 70 കളില്‍ തലശ്ശേരിയില്‍ കലാപമുണ്ടാക്കാന്‍ ആര്‍.എസ്.എസ് ശ്രമിച്ചുവെന്നും പിണറായി പറഞ്ഞു.

ജനരക്ഷാ യാത്ര പ്രകോപനകരമായ മുദ്രാവാക്യങ്ങളോടെ കൊണ്ടുപോയിട്ടും വേങ്ങര തെരഞ്ഞെടുപ്പ് ഫലം കേരളത്തില്‍ ബി.ജെ.പി എവിടെയത്തി നില്‍ക്കുന്നുവെന്ന് കാണിച്ചു തന്നെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ കളി നടക്കില്ലെന്ന ബി.ജെ.പിക്കുള്ള മുന്നറിയിപ്പാണ് വേങ്ങര ഫലമെന്നും പിണറായി പറഞ്ഞു.

Advertisement