കൊടുങ്കാറ്റ് തിരിച്ചെത്തുന്നു; കിരീടം നിലനിര്‍ത്താനിറങ്ങുന്ന ബെംഗളൂരു ഇനി ട്രിപ്പിള്‍ സ്‌ട്രോങ്ങ്
Cricket
കൊടുങ്കാറ്റ് തിരിച്ചെത്തുന്നു; കിരീടം നിലനിര്‍ത്താനിറങ്ങുന്ന ബെംഗളൂരു ഇനി ട്രിപ്പിള്‍ സ്‌ട്രോങ്ങ്
Sudev A
Wednesday, 20th May 2026, 3:56 pm

ഐ.പി.എല്ലില്‍ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് തയ്യാറെടുക്കുന്ന നിലവിലെ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ആശ്വാസ വാര്‍ത്ത. പരിക്കേറ്റ ഇംഗ്ലണ്ട് താരം ഫില്‍ സാള്‍ട്ട് ഉടന്‍ ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. വിരലിന് പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ സാള്‍ട്ട് ഈ ആഴ്ച അവസാനം ഇന്ത്യയിലെത്തുമെന്നാണ് ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തില്‍ താരം കളിക്കുമോയെന്നത് കണ്ടുതന്നെ അറിയണം. നേരത്തെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കിയതിനാല്‍ താരത്തിന് ടീം വിശ്രമം നല്‍കാനും സാധ്യതയുണ്ട്.

ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെയുള്ള മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു സാള്‍ട്ടിന് പരിക്കേറ്റത്. ഈ പരിക്ക് സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി സാള്‍ട്ടിനോട് നാട്ടിലേക്ക് തിരികെയെത്താന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് മാനേജ്‌മെന്റ് ആവശ്യപ്പെടുകയിരുന്നു.

സാള്‍ട്ടിന്റെ പകരക്കാരനായി ജേക്കബ് ബെഥേലാണ് ബെംഗളൂരുവിന്റെ ഓപ്പണറായി കളത്തിലിറങ്ങിയത്. എന്നാല്‍ ടീമിനൊപ്പം അത്ര മികച്ച പ്രകടനം നടത്താന്‍ ബെഥേലിന് സാധിച്ചിട്ടില്ല. ഏഴ് ഇന്നിങ്‌സില്‍ നിന്നും 96 റണ്‍സാണ് താരം നേടിയിട്ടുള്ളത്.

മികച്ച ഫോമില്‍ കളിക്കവെയാണ് സാള്‍ട്ടിന് പരിക്കിന്റെ തിരിച്ചടി നേരിടേണ്ടി വന്നത്. ഈ സീസണില്‍ ആര്‍.സി.ബിക്ക് വേണ്ടി സാള്‍ട്ട് ആറ് മത്സരങ്ങളില്‍ നിന്നും 202 റണ്‍സാണ് നേടിയിട്ടുള്ളത്. രണ്ട് അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ട് താരം നേടിയിട്ടുണ്ട്. താരത്തിന്റെ മടങ്ങിവരവ് കിരീടം നിലനിര്‍ത്താനിറങ്ങുന്ന ആര്‍.സി.ബിക്ക് കൂടുതല്‍ കരുത്തുപകരുമെന്നുറപ്പാണ്.

അതേസമയം പഞ്ചാബ് കിങ്സിനെ വീഴ്ത്തിയാണ് ഈ സീസണില്‍ പ്ലേ ഓഫിലേക്ക് കടക്കുന്ന ആദ്യ ടീമായി ബെംഗളൂരു മാറിയത്. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെ 26 റണ്‍സിനാണ് ബെംഗളൂരു പരാജയപ്പെടുത്തിയത്.

ആര്‍.സി.ബി ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ പരാജയപ്പെടാതെ മുന്നേറിയ പഞ്ചാബ് തുടര്‍ച്ചയായ ആറാം തോല്‍വിയാണ് വഴങ്ങിയിരിക്കുന്നത്.

Content Highlight: Phil Salt back to rcb recovering injury in ipl 2026

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.