ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്. മെസി-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ തന്റെ ഇഷ്ട താരത്തെക്കുറിച്ച് പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്.

ഫുട്‌ബോളില്‍ ഒരുപിടി മികച്ച താരങ്ങളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുള്ള പരിശീലകനായ പെപ് ഗ്വാര്‍ഡിയോളയും ഇരുവരിലും റൊണാള്‍ഡോയെ ഒരുപടി മുന്നില്‍ നിര്‍ത്തുന്ന ഘടകമെന്താണെന്ന് തുറന്നു പറഞ്ഞിരുന്നു.

പോര്‍ച്ചുഗീസ് ഇതിഹാസത്തിന്റെ ഗോളുകള്‍ നേടുന്നതിലുള്ള കഴിവിനെ കുറിച്ചായിരുന്നു ഗ്വാര്‍ഡിയോള സംസാരിച്ചത്. തന്റെ 75ാം വയസിലും റൊണാള്‍ഡോ ഗോള്‍ നേടുമെന്നാണ് പെപ് പറഞ്ഞത്. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗ്വാര്‍ഡിയോള പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.

‘ജീവിതത്തിലുടനീളം അവന്‍ ഗോളുകള്‍ നേടുമെന്ന് എനിക്ക് തോന്നുന്നു. 75 വയസിലാണ് അവന്‍ വിരമിക്കുന്നതെങ്കില്‍ പോലും മത്സരിച്ച് ഗോളുകള്‍ നേടുമെന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടക്ക് അവന്‍ ചെയ്തത് അതാണ്. ചെന്നുകയറുന്ന ക്ലബ്ബുകളിലെല്ലാം ഗോളുകള്‍ നേടി ടീമിനെ വിജയിക്കാന്‍ സഹായിച്ചു,’ പെപ് പറഞ്ഞു.

നിലവില്‍ 2026 ലോകകപ്പിന് ശേഷം ഇരു താരങ്ങളും ക്ലബ്ബ് ഫുട്‌ബോളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. റൊണാള്‍ഡോക്ക് പ്രീക്വാര്‍ട്ടര്‍ വരെയാണ് ലോകകപ്പില്‍ മുന്നേറാന്‍ സാധിച്ചത്. ചാമ്പ്യന്മാരായ സ്‌പെയ്‌നിനോട് പരാജയപ്പെട്ടായിരുന്നു പോര്‍ച്ചുഗലിന്റെ മടക്കം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പിനിറങ്ങിയ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ റൊണാള്‍ഡോ പിന്നീട് ക്രൊയേഷ്യക്കെതിരെയും ലക്ഷ്യം കണ്ടു. ഈ ടൂര്‍ണമെന്റിലും ഗോള്‍ നേടിയതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും മികച്ച ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി.

 

Content Highlight: Pep Guardiola talks about Cristiano Ronaldo goal scoring skill