പശ്ചിമേഷ്യയില്‍ സമാധാനം വേണം; ഇറാന്‍- അമേരിക്ക സമാധാന കരാര്‍ തടസപ്പെടുത്തരുതെന്ന് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി ചൈന
Trending
പശ്ചിമേഷ്യയില്‍ സമാധാനം വേണം; ഇറാന്‍- അമേരിക്ക സമാധാന കരാര്‍ തടസപ്പെടുത്തരുതെന്ന് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി ചൈന
നിഷാന. വി.വി
Friday, 19th June 2026, 9:05 am

ബെയ്ജിങ്: അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവെക്കുന്നതിനെ തടസ്സപ്പെടുത്തരുതെന്ന് ഇസ്രഈലിന് മുന്നറിയിപ്പ് നല്‍കി ചൈന. കരാറിനെ ദുര്‍ബലപ്പെടുത്താന്‍ ഇസ്രഈല്‍ ശ്രമിക്കരുതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞു.

ഇറാനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ധാരണപത്രത്തെ ചൈന സ്വാഗതം ചെയ്യുകയും എല്ലാ കക്ഷികളും പ്രാദേശിക സമാധാനത്തെ പിന്തുണയ്ക്കുന്നതിനും ഭാവി ചര്‍ച്ചകള്‍ക്ക് സാഹചര്യം സൃഷ്ടിക്കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന രീതിയില്‍ ഇസ്രഈല്‍ പ്രവര്‍ത്തിക്കരുതെന്നും ഇറാനും യു.എസും തമ്മിലുള്ള അടുത്ത ഘട്ട ചര്‍ച്ചകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ ധാരണാപത്രം പശ്ചിമേഷ്യന്‍ മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും വലിയൊരു ചുവടുവെപ്പാണെന്നും, അതിനാല്‍ എല്ലാ കക്ഷികളും ഈ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ആകെ താത്പര്യമാണെന്ന് ചൈന വിശ്വസിക്കുന്നുവെന്നും ലിയാന്‍ കൂട്ടിച്ചേര്‍ത്തു.

ഇറാന്റെ ചരിത്രപരമായ പങ്കാളിയെന്ന നിലയില്‍ പരസ്പര വിശ്വാസം വര്‍ധിപ്പിക്കാനും ഇരുരാജ്യങ്ങള്‍ക്കും പ്രയോജനകരമായ സഹകരണം വര്‍ധിപ്പിക്കാനും ചൈന തയ്യാറാണെന്നും ലിന്‍ ജിയാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു ഇറാനും അമേരിക്കയും ഇലക്ടോണിക് കരാറില്‍ ഒപ്പ് വെച്ചത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക നടപടികള്‍ ഉടനടി അവസാനിപ്പിക്കും, ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങളും നാവിക ഉപരോധവും അമേരിക്ക പിന്‍വലിക്കും, ഇറാന്റെ സാമ്പത്തിക വികസനത്തിനും പുനര്‍നിര്‍മാണത്തിനുമായി 300 ബില്യണ്‍ ഡോളറിന്റെ പദ്ധതി തയ്യാറാക്കും.

എന്നാല്‍ ഇതിലേക്ക് അമേരിക്ക പണം നല്‍കേണ്ടതില്ല, ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് സമ്മതിച്ചു. നിലവിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ ലഘൂകരിക്കും, വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ ഇറാന്‍ നടപടിയെടുക്കും. ഈ കപ്പലുകളില്‍ നിന്ന് പ്രത്യേക ചാര്‍ജ് ഒന്നും തന്നെ ഈടാക്കില്ല തുടങ്ങിയവയാണ് അമേരിക്കയും ഇറാനും തമ്മില്‍ ഒപ്പുവെച്ച 14 ഇന ധാരണാപത്രത്തിലെ പ്രധാന കാര്യങ്ങള്‍.

Content Highlight: Peace is needed in the Middle East; China warns Israel not to obstruct Iran-US peace deal

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.