ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു; തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്
kERALA NEWS
ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നു; തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ്
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 8:20 pm

പത്തനംതിട്ട: തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്‌ലിങ്ങളെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പി.സി ജോര്‍ജ് എം.എല്‍.എ. വിഷയത്തില്‍ മുസ്‌ലിങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പി.സി ജോര്‍ജ് പറഞ്ഞു.

ജനപ്രതിനിധിയായ കാലം മുതല്‍ എല്ലാ മത വിഭാഗങ്ങള്‍ക്ക് വേണ്ടിയും പ്രത്യേകിച്ച് മുസ്‌ലിം വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് താനെന്നും ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നത് വേദനിപ്പിക്കുന്നുവെന്നും പി.സി ജോര്‍ജ് ഖേദ പ്രകടനത്തില്‍ പറയുന്നു.

ഒരു ടെലിഫോണ്‍ സംഭാഷണത്തിനിടയിലായിരുന്നു പി.സി ജോര്‍ജ് മുസ്‌ലിങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത്. ഓസ്ട്രേലിയയില്‍ നിന്നാണെന്ന് പറഞ്ഞുകൊണ്ട് വിളിക്കുന്ന ഒരു വ്യക്തിയും പി.സി ജോര്‍ജിന്റെ ശബ്ദവുമാണ് ടെലിഫോണ്‍ സംഭാഷണത്തിലുള്ളത്.

‘പൂഞ്ഞാര്‍ എം.എല്‍.എ കേശവന്‍ നായര്‍ ആണോ എന്ന് ചോദിച്ചുകൊണ്ടാണ് സംഭാഷണം ആരംഭിക്കുന്നത്. തുടര്‍ന്ന് ഇയാളും പി.സി ജോര്‍ജും സംസാരിക്കുന്നുണ്ട്. ഇതിനിടെ ബി.ജെ.പിക്ക് ഒപ്പം പി.സി ജോര്‍ജ് പോയതിനെ കുറിച്ചും ഇയാള്‍ ചോദിച്ചിരുന്നു.

തുടര്‍ന്ന് നിങ്ങള്‍ക്ക് വോട്ട് ചെയ്തവരല്ലെ മുസ്‌ലിം സഹോദരങ്ങള്‍ എന്നും ഇയാള്‍ ചോദിച്ചിരുന്നു. തുടര്‍ന്നായിരുന്നു പി.സി ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.

‘മുസ്‌ലിം സഹോദരങ്ങള്‍ ഒലത്തി ഒലത്തി എന്ന് ഞാന്‍ ചുമ്മാ പ്രസംഗിക്കുന്നതാ. 2011 ല്‍ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്നപ്പോള്‍ പേട്ടയിലെ കാക്കാന്മാര് തന്ന ഭൂരിപക്ഷം 290, ഈ കാക്കാമാരില്‍ നിന്ന് ആകെ കിട്ടുന്ന വോട്ട് പതിനായിരമാണ്. അവരുടെ വോട്ട് തനിക്ക് വേണ്ടെന്ന് പറയാന്‍ പോകുകയാണ് എന്നും പി.സി പറയുന്നു.

അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പാവപ്പെട്ട് ക്രിസ്ത്യാനികളെ കൊല്ലുകയാണെന്നും ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ എന്താണ് സംഭവിച്ചതെന്നും പി.സി ജോര്‍ജ് ചോദിച്ചു. തനിക്ക് ജയിക്കാന്‍ ബിജെപി വോട്ടുകള്‍ മാത്രം മതിയെന്നും സംഭാഷണത്തില്‍ പറയുന്നുണ്ട്.