'കന്യാസ്ത്രീകള്‍ക്കെതിരെയുള്ള തന്റെ ആരോപണം ശരിയാണെന്ന് കാണിക്കുന്നതാണ് ഹൈക്കോടതി വിധി'; പി.സി ജോര്‍ജ്
kERALA NEWS
'കന്യാസ്ത്രീകള്‍ക്കെതിരെയുള്ള തന്റെ ആരോപണം ശരിയാണെന്ന് കാണിക്കുന്നതാണ് ഹൈക്കോടതി വിധി'; പി.സി ജോര്‍ജ്
ന്യൂസ് ഡെസ്‌ക്
Friday, 14th September 2018, 4:32 pm

തിരുവനന്തപുരം: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ വിമര്‍ശനവുമായി വീണ്ടും പി.സി. ജോര്‍ജ് എം.എല്‍.എ. കന്യാസ്ത്രീകള്‍ക്കെതിരെ നേരത്തേ താന്‍ പറഞ്ഞത് ശരിയെന്ന് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധിയോടെ ബോധ്യമായെന്നാണ് പി.സി ജോര്‍ജിന്റെ വാദം.

കന്യാസ്ത്രീ മഠത്തിലെ സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴാണ് ഇവര്‍ പീഡനാരോപണവുമായി രംഗത്തെത്തിയത്. മാലാഖമാരെ പോലെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് കന്യാസ്ത്രീകളെയും നല്ലവരായ വൈദികരെയും അപമാനിക്കുന്നതരത്തിലാണ് ഹൈക്കോടതിക്ക് മുന്നില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരമെന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്.

അതേസമയം ആരോപണവിധേയനായ ബിഷപ്പിനെപ്പറ്റി തനിക്ക് നല്ല അഭിപ്രായമില്ല. അദ്ദേഹത്തിനെതിരെ തെളിവുണ്ടെങ്കില്‍ കേസേടുക്കേണ്ടതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ക്രിസ്ത്യന്‍ സമൂഹത്തെ തകര്‍ക്കാന്‍ സി.ഐ.എയുടെയും റഷ്യന്‍ ചാരസംഘടനയുടെയുമടക്കം വലിയ ഗൂഢാലോചന നടക്കുന്നു. ഈ സമരം ചെയ്യുന്നവരെ കന്യാസ്ത്രീകളെന്ന് വിളിക്കാനാവില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പിസി ജോര്‍ജ്, കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ചത്.


ALSO READ: ‘ഞങ്ങളന്ന് പിച്ചിക്കീറിയതുകൊണ്ടാണ് ഇപ്പോള്‍ നമ്പിനാരയണന് പണം കിട്ടുന്നത്’; ചാരക്കേസില്‍ മാധ്യമങ്ങളെ തുറന്നുകാട്ടി സോഷ്യല്‍ മീഡിയ


ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയ്ക്ക് പരാതി ഉണ്ടായിരുന്നെങ്കില്‍ ആദ്യ പീഡനം നടന്നപ്പോള്‍ പറയണമായിരുന്നു. പന്ത്രണ്ട് തവണ പീഡിപ്പിക്കപ്പെട്ടിട്ടും പതിമൂന്നാം തവണ മാത്രം പരാതി നല്‍കിയത് എന്തുകൊണ്ടാണെന്നായിരുന്നു പി.സി ജോര്‍ജിന്റെ ചോദ്യം.

പീഡനത്തിന് ഇരയായെന്ന് പറയുന്ന കന്യാസ്ത്രീയ്ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ല. പീഡനം നടന്നദിവസം തന്നെ അവര്‍ കന്യകയല്ലാതായിയെന്നും അദ്ദേഹം പറഞ്ഞു.

കന്യാസ്ത്രീയുടെ പരാതിയില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ സമരം ചെയ്യുന്ന കന്യാസ്ത്രീകളേയും പി.സി ജോര്‍ജ് അധിക്ഷേപിച്ചു. സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അവര്‍ പരിശുദ്ധകളാണോയെന്ന് അറിയാമെന്നായിരുന്നു പി.സി ജോര്‍ജിന്റെ പരാമര്‍ശം.

കേരളാ പൊലീസിന് വേറെ പണിയില്ലാത്തതുകൊണ്ടാണ് ബിഷപ്പിനെതിരെ അന്വേഷണം നടത്തുന്നത്. പുരുഷന്മാരെ കുടുക്കാന്‍ സ്ത്രീകള്‍ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ജോര്‍ജ് പറഞ്ഞിരുന്നു.