അന്യഭാഷാ ഡബ്ബ് ചിത്രത്തിന്റെ റീ റിലീസ് കേരളത്തിലെ തിയേറ്ററുകളില്‍ ചരിത്രം രചിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ബിഗ് സ്‌ക്രീനിലെത്തിയ അല്ലു അര്‍ജുന്‍ ചിത്രം ഹാപ്പി ബി ഹാപ്പിക്ക് വന്‍ വരവേല്പാണ് കേരളത്തില്‍ ലഭിക്കുന്നത്. തിയേറ്ററില്‍ ഓരോ സീനുകളും പാട്ടുകളും പ്രേക്ഷകര്‍ ആഘോഷമാക്കുന്നതിന്റെ വീഡിയോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഭരിക്കുകയാണ്.

മോഹന്‍ലാലിന് ശേഷം ഒരു സിനിമയുടെ റീ റിലീസില്‍ ഇത്ര വലിയ സ്വീകരണം ലഭിച്ചത് അല്ലു അര്‍ജുനാണ്. റീ റിലീസിലെ ആദ്യദിനം 30 ലക്ഷത്തിലേറെയാണ് ചിത്രം സ്വന്തമാക്കിയത്. മൂന്നാം ദിവസത്തിലേക്കെത്തുമ്പോള്‍ പല തിയേറ്ററുകളിലും ഷോയുടെ എണ്ണം കൂട്ടിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് മറ്റൊരു കാര്യമാണ്.

കേരളത്തില്‍ ഹാപ്പിയുടെ തിയേറ്റര്‍ സെലിബ്രേഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ മറ്റ് തെലുങ്ക് താരങ്ങളുടെ ആരാധകര്‍ അസ്വസ്ഥരായിരിക്കുകയാണ്. ഈ തിരക്കും ബഹളവും പി.ആര്‍ വര്‍ക്കിന്റെ ഭാഗമാണെന്ന് ഇക്കൂട്ടര്‍ ആരോപിക്കുന്നുണ്ട്. പവന്‍ കല്യാണ്‍, റാം ചരണ്‍ തുടങ്ങിയവരുടെ ആരാധകരാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍.

അല്ലു അര്‍ജുന്റെ പി.ആര്‍ ടീം പൈസ കൊടുത്തിട്ടാണ് തിയേറ്ററുകളില്‍ ആളുകളെ കയറ്റുന്നതെന്ന് പറയുന്ന പോസ്റ്റ് വൈറലായി. റീ റിലീസ് ഹിറ്റാക്കാനായി ഒരു പ്രത്യേക ടീമിനെ ഏര്‍പ്പാടാക്കിയെന്നും സോഷ്യല്‍ മീഡിയയില്‍ അതിനായി ഹാഷ്ടാഗുകളും ട്വീറ്റുകളും വൈറലാക്കാന്‍ ഈ ടീമിനെ ഏല്പിച്ചെന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞയാഴ്ച റിലീസായ തെലുങ്ക് സിനിമയെ താഴ്ത്തിക്കെട്ടാനാണ് ഈ റീ റീലിസെന്നും പോസ്റ്റില്‍ പറയുന്നു. പ്രസാദ് പവനിസം എന്ന പേജാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.

എന്നാല്‍ ഈ പോസ്റ്റിനെതിരെ അല്ലു അര്‍ജുന്റെ ആരാധകര്‍ രംഗത്തെത്തി. കേരളത്തില്‍ അല്ലു അര്‍ജുനുള്ള ഫാന്‍ ബേസ് കണ്ടിട്ട് മറ്റ് താരങ്ങളുടെ ആരാധകര്‍ ഫ്രസ്റ്റ്രേറ്റഡായിട്ടുണ്ടെന്നാണ് അല്ലു ഫാന്‍സ് അഭിപ്രായപ്പെടുന്നത്. മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമായി 20 വര്‍ഷം മുമ്പ് കേരളത്തില്‍ ഫാന്‍ ബേസ് സൃഷ്ടിച്ച അല്ലു മറ്റ് താരങ്ങള്‍ക്ക് അത്ഭുതമാണെന്നും ആരാധകര്‍ കമന്റ് പങ്കുവെച്ചു.

കേരളത്തിലെ കിങ് സൈസ് തിയേറ്ററുകളെല്ലാം ഹാപ്പിയുടെ റീ റിലീസ് ആഘോഷിക്കുകയാണ്. മോഹന്‍ലാലിന് ശേഷം റീ റിലീസില്‍ വലിയ കളക്ഷന്‍ സ്വന്തമാക്കുന്ന ചിത്രമായി ഹാപ്പി മാറുമെന്നാണ് കണക്കുകൂട്ടല്‍. ആന്ധ്രയില്‍ ശരാശരി വിജയം മാത്രം നേടിയ ചിത്രം കേരളത്തില്‍ 150 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച് ചരിത്രമെഴുതിയിരുന്നു.

Content Highlight: Pawan Kalyan fans claiming Happy re release celebrations are part of P R work

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ