വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് പാർവതി തിരുവോത്ത്. അഭിനയ ജീവിതത്തിൽ 20 വർഷം പൂർത്തിയാക്കിയ താരം മലയാളത്തിൽ ആദ്യമായി പ്രഥമദൃഷ്ട്യാ കുറ്റക്കാർ എന്ന ചിത്രത്തിലൂടെ പൊലീസ് വേഷത്തിലെത്തുകയാണ്.
ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമാകുമ്പോൾ മാത്രമാണ് സ്ത്രീകൾക്ക് സിനിമയിൽ പ്രസക്തിയുണ്ടാകുന്നത് എന്ന ധാരണ മാറണമെന്ന് നടി പാർവതി തിരുവോത്ത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞത്.

പാർവതി തിരുവോത്ത്. Photo. Screen grab/ Youtube
ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യർ, നവ്യ നായർ തുടങ്ങിയ നടിമാർ സിനിമയിലേക്ക് തിരിച്ചെത്തിയതിൽ തനിക്ക് വലിയ സന്തോഷം തോന്നിയിരുന്നുവെന്നും താരം പറഞ്ഞു. താൻ കാത്തിരുന്ന ഒരു മാറ്റമായിരുന്നു അവരുടെ തിരിച്ചുവരവെന്നും, ഒരുകാലത്ത് സിനിമയിൽ സജീവമായി തുടർന്നിരുന്ന നടിമാർ പിന്നീട് മാറിനിന്നപ്പോൾ നിങ്ങൾ ഇവിടെ തുടരേണ്ടവരാണെന്ന് പറഞ്ഞിട്ടുണ്ടെന്നും പാർവതി പറഞ്ഞു.
‘മഞ്ജു വാര്യർ, നവ്യ നായർ തുടങ്ങിയ നടിമാർ ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോൾ വലിയ സന്തോഷം തോന്നിയിരുന്നു. അത്തരമൊരു തിരിച്ചുവരവ് സംഭവിച്ചപ്പോൾ ‘നിങ്ങൾ സിനിമയിൽ സജീവമായി തുടരേണ്ടവരാണ്, ഇടയ്ക്ക് മാറിനിൽക്കേണ്ടവരല്ല. ഈയൊരു മാറ്റത്തിനായി ഞാൻ കാത്തിരിക്കുകയായിരുന്നു എന്ന് അവരോട് പറയാറുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ നമ്മൾ അങ്ങനെയുള്ള പഴയ ധാരണകൾ ഒക്കെ പൊളിച്ചെഴുതിക്കഴിഞ്ഞു,’നടി പറഞ്ഞു.
എന്നാൽ ഇനിയും ചില ധാരണകളും മുൻവിധികളും മാറ്റിയെഴുതപ്പെടണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.
‘എന്നാൽ മറ്റൊരു നിയമം കൂടി നമ്മൾ പൊളിക്കണം. ബ്ലോക്ക്ബസ്റ്റർ സിനിമകളുടെ ഭാഗമാകുമ്പോൾ മാത്രമാണ് സ്ത്രീകൾ പ്രസക്തരാകുന്നത് എന്ന ധാരണ മാറണം. സിനിമയിൽ സജീവമായി തുടരുക എന്നതാണ് പ്രധാനപ്പെട്ടത്. അങ്ങനെ തുടർച്ചയായി ജോലി ചെയ്യുമ്പോഴാണ് സ്വന്തം കഴിവുകളിൽ കൂടുതൽ പ്രവർത്തിക്കാനും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സ്വയം മാറ്റിയെടുക്കാനും കഴിയുന്നത്. നായികയോ നായകനോ എന്ന ചട്ടക്കൂടിൽ മാത്രം ഒതുങ്ങേണ്ടതില്ല,’ പാർവതി പറഞ്ഞു.

പാർവതി തിരുവോത്ത്. Screen Grab/ Youtube
സഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. ചിത്രത്തിൽ പാർവതി, മാത്യു തോമസ്, വിജയ രാഘവൻ, ഉണ്ണിമായ, സിദ്ധാർഥ് ഭരതൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ത്രില്ലർ ഴോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രം സെപ്തംബർ 11 ന് തിയേറ്റേറുകളിൽ എത്തും.
Content Highlight: Parvathy Thiruvothu talks about Manju Warrier and Navya Nair’s comeback, and why women’s relevance in cinema shouldn’t depend on blockbuster hits
