എഡിറ്റര്‍
എഡിറ്റര്‍
തെറ്റയിലിന്റേത് സ്ത്രീപീഡനമായി കാണാന്‍ കഴിയില്ല: പന്ന്യന്‍
എഡിറ്റര്‍
Wednesday 26th June 2013 5:22pm

pannyan1

തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ കുടുങ്ങിയ ജോസ് തെറ്റയില്‍ എം.എല്‍.എയെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. പൊതു പ്രവര്‍ത്തകന്‍ കാണിക്കേണ്ട അച്ചടക്കം തെറ്റയില്‍ കാണിച്ചില്ലെന്ന് പന്ന്യന്‍ കുറ്റപ്പെടുത്തി.

തെറ്റയിലിന്റേത് സ്ത്രീപീഡനമായി കാണാന്‍ സാധിക്കില്ല. ഇതില്‍ ധാര്‍മിക പ്രശ്‌നം ഉണ്ട്. പൊതുവികാരം തെറ്റയിലിന് എതിരാണ്. ഇത് അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് മനസ്സിലാക്കേണ്ടതെന്നും പന്ന്യന്‍ പറഞ്ഞു.

Ads By Google

തെറ്റയിലിന്റെ വിഷയത്തില്‍ സി.പി.ഐയുടെ നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഒരു മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിന്റെ തീരുമാനം അംഗീകരിക്കേണ്ടി വരും. പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ വ്യക്തമാക്കി.

പൊതു പ്രവര്‍ത്തകര്‍ ധാര്‍മികത പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതിന് കോട്ടം സംഭവിച്ചു. തെറ്റയില്‍ രാജിവെക്കേണ്ടെന്ന് എല്‍.ഡി.എഫ് പറഞ്ഞിട്ടില്ല. അത് ജനതാദള്‍ എസ്സിന്റെ ആഭ്യന്തര കാര്യമാണ്.

കൂടുതല്‍ പരിശോധനയ്ക്ക് ശേഷം തുടര്‍ നടപടി ക്രമങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ജോസ് തെറ്റയില്‍ രാജിവെക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ലെന്ന് ജനതാദള്‍(എസ്) ന്റെ  നേതൃയോഗം തീരുമാനിച്ചിരുന്നു. തെറ്റിയിലിനെ രാഷ്ട്രീയമായും ധാര്‍മികമായും പിന്തുണക്കുന്നതായി ജനതാദള്‍ (എസ്) നേതാവ് മാത്യു.ടി. തോമസ് പറഞ്ഞത്.

അതേസമയം, തെറ്റയിലിനെതിരെ പരാതി നല്‍കിയ സ്ത്രീയുടെ മൊഴിയെടുത്തു. പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം ആലുവയിലെ സ്ത്രീയുടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്.

ക്രൈം ബ്രാഞ്ച് എസ്.പി സജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. പരാതിയുടെ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് എസ്.പി അറിയിച്ചു.

Advertisement